രാജസേനന് സംവിധാനം ചെയ്യുന്ന അനിയന് ബാവ ചേട്ടന് ബാവയുടെ ഷൂട്ടിംഗ് ആലുവയില്‍ നടന്നുകൊണ്ടിരിക്കുന്നു. അതില്‍ പറവൂര്‍ ഭരതന്റെ അച്ഛനായി അഭിനയിക്കാന്‍ പ്രായമുള്ളൊരാളെ തേടുന്ന സമയമായിരുന്നു. സിനിമയില്‍ ചെറിയ വേഷങ്ങളൊക്കെ ചെയ്യുന്ന റോസ് മോഹന്‍ അദ്ദേഹത്തിന് പരിചയമുള്ള ഒരു നാടകക്കാരനെക്കുറിച്ച് എന്നോട് പറഞ്ഞു. അത്യാവശ്യം പ്രായമുള്ള ആളാണെന്നും. അങ്ങനെ മോഹനേയും കൂട്ടി ഞാന്‍ അദ്ദേഹെത്ത കാണാന്‍ പോയി. കാക്കനാടുള്ള നവോദയ സ്റ്റുഡിയോയിലേയ്ക്കാണ് മോഹന്‍ കൊണ്ടുപോയത്. അന്നവിടെ ബോബനും മോളിയും എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുന്നു. (ആ പടം റിലീസ് ആയില്ല). അതില്‍ അദ്ദേഹം അഭിനയിക്കുന്നുണ്ടായിരുന്നു. അവിടെവച്ചാണ് അദ്ദേഹത്തെ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും. കാഴ്ചയില്‍ മുടിയൊക്കെ നരച്ച് വൃദ്ധനായൊരു മനുഷ്യന്. നിഷ്കളങ്കമായ ചിരി. ഞാന്‍ ഓക്കെ പറഞ്ഞു. എന്നാലും ഡയറക്ടറെ വന്ന് നേരിട്ട് കാണാന്‍ പറഞ്ഞിരുന്നു.
പിറ്റേന്നദ്ദേഹം രാജസേനന് താമസിക്കുന്ന ഹോട്ടലിലെത്തി. ഞാന്‍ കഴിഞ്ഞദിവസം കണ്ട ആളേ ആയിരുന്നില്ല. മുടിയൊക്കെ ഡൈ ചെയ്ത് ചെറുപ്പക്കാരനായിട്ടാണ് വന്നിരിക്കുന്നത്. സിനിമയില്‍ അഭിനയിക്കാന്‍ ഒരു ചാന്‍സ് കിട്ടിയതല്ലേ, അത് മോശമാക്കരുതെന്ന് അദ്ദേഹം കരുതിയിട്ടുണ്ടാവും. ഏതാലും രാജസേനനും ആളെ ബോധിച്ചു. കരുവം മോഹനാണ് മേക്കപ്പ്മാന്. മോഹന്‍ വിഗ്ഗൊക്കെ വച്ചുപിടിപ്പിച്ചാണ് അദ്ദേഹത്തെ പിന്നെ വൃദ്ധനാക്കിയത്.
ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് രാജസേനന് ആ കാഴ്ച കണ്ടത്. അദ്ദേഹം പല്ലിളക്കി ക്ലീന്‍ ചെയ്യുന്നു. അതുകണ്ട് രാജസേനന് ചിരിച്ചു. വയ്പ്പു പല്ലായിരുന്നോ എന്ന് അന്വേഷിച്ചു. എന്തു സംഭവിച്ചതെന്നറിയാതെ പടന്നയിലും അത്ഭുതപ്പെട്ട് നില്‍ക്കുകയാണ്. വയ്പ്പുപല്ലായിരുന്നുവെങ്കില് അതില്ലാതെ അഭിനയിക്കാമായിരുന്നല്ലോ എന്നാണ് രാജസേനന് പ്രതികരിച്ചത്.
ഏതായാലും രാജസേനന്റെ അടുത്ത സിനിമയായ ആദ്യത്തെ കണ്മണിയില് അദ്ദേഹം പല്ലിലാതെതന്നെ അഭിനയിച്ചു. അദ്ദേഹത്തിന്റെ ചിരിപോലെ നിഷ്കളങ്കമായിരുന്നു അദ്ദേഹത്തിന്റെ സ്വഭാവവും. നാടകങ്ങള്‍ അദ്ദേഹത്തിന് നഷ്ടങ്ങളേ നല്‍കിയിട്ടുള്ളൂ. കഷ്ടപ്പാടുകള്‍ മാറ്റിയത് സിനിമയാണ്. അതിന്റെ സ്മരണ അദ്ദേഹത്തിന് മരിക്കുവോളമുണ്ടായിരുന്നു. ഗിരീഷ് വൈക്കം പറഞ്ഞു.
Recent Comments