1970 കാലഘട്ടത്തിന്റെ പശ്ചാത്തലത്തില്‍ പാ. രഞ്ജിത് രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണ് സര്‍പ്പാട്ട പരമ്പരൈ. സര്‍പ്പാട്ട, ഇടിയപ്പ എന്നീ രണ്ട് സംഘങ്ങളുടെ ബോക്സിങ് മത്സരമാണ് കഥയുടെ യഥാര്‍ത്ഥ കാതല്‍. എങ്കിലും പ്രണയവും കുടുംബ സെന്റിമെന്റ്സുമൊക്കെ ഇഴചേര്‍ത്ത് നല്ലൊരു എന്റര്ടെയിനറാക്കാന് സംവിധായകന് രഞ്ജിത്തിന് കഴിഞ്ഞിട്ടുണ്ട്. അത്രയേറെ പുതുമയില്ലാത്ത ഒരു കഥയെ ശക്തമായ തിരക്കഥയുടെയും വ്യത്യസ്ത സംവിധാന ശൈലിയിലൂടെയും ഒരസാധാരണ ചലച്ചിത്രാനുഭവമായി മാറ്റിയെടുത്ത സംവിധായകന്റെ കഴിവ് എടുത്തുപറയേണ്ടതാണ്.
വടക്കന്‍ ചെന്നൈയില്‍ അക്കാലത്ത് നിലനിന്നിരുന്ന ഗുസ്തി മത്സരത്തെ ആധാരമാക്കി ഒരുക്കിയിട്ടുള്ള ഈ ആക്ഷന്‍ ചിത്രം വളരെ ആകാംക്ഷയോടുകൂടി മാത്രമേ കണ്ടിരിക്കാന്‍ കഴിയുകയുള്ളൂ. കേന്ദ്ര കഥാപാത്രമായ കബിലനെ അവതരിപ്പിക്കാനായി സംവിധായകന് രഞ്ജിത്ത് ആദ്യം സമീപിച്ചത് സൂര്യയെ ആയിരുന്നു. എന്നാല്‍ ഏറെ തിരക്കുകാരണം സൂര്യ ചിത്രത്തില്‍ നിന്നും ഒഴിഞ്ഞുമാറുകയായിരുന്നു. പകരം സംവിധായകന് ചെന്നെത്തിയതാകട്ടെ ആര്യയിലേക്കും. അതൊരു നല്ല നിമിത്തമായി. കാരണം അത്രത്തോളം കബിലന് എന്ന കഥാപാത്രമായി ആര്യ മാറുകയായിരുന്നു.
തന്റേതായ ശൈലിയില്‍ വ്യത്യസ്തമായ കഥാപാത്രങ്ങളെ പലചിത്രങ്ങളിലും ആര്യ മികച്ച രീതിയില്‍ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും കബിലന് തീര്‍ച്ചയായും ആര്യയ്ക്ക് പേരും പെരുമയും നേടിക്കൊടുക്കും എന്ന് ഉറപ്പിച്ചു പറയാന്‍ കഴിയും. ശരീരഭാഷ കൊണ്ട് കബിലനിലൂടെ ആര്യ താന്‍ മികച്ച അഭിനേതാവാണെന്ന് ഒരിക്കല്‍കൂടി തെളിയിച്ച ചിത്രമാണ് സര്‍പ്പാട്ട പരമ്പരൈ.
ചിത്രത്തിലെ അഭിനേതാക്കളെല്ലാം തന്നെ ഒന്നിനൊന്ന് മത്സരിച്ചാണ് അവരുടേതായ കഥാപാത്രങ്ങളെ കാഴ്ച വച്ചിരിക്കുന്നത്. ആര്യയുടെ കോച്ച് രങ്കനെ അവതരിപ്പിച്ച പശുപതി, ഭാര്യ മാരിയമ്മയായി തുഷാര വിജയനും, എതിരാളി വെമ്പുലിയായി
ജോണ്‍ കൊക്കനും പിന്നെയും ഒട്ടേറെപ്പേര്‍ അവരുടെ വേഷങ്ങള്‍ നന്നായി കൈകാര്യം ചെയ്ത ചിത്രമാണ് സര്‍പ്പാട്ട.
ചിത്രത്തിന്റെ ഹൈലൈറ്റ് അഭിനേതാക്കളുടെ മികച്ച പ്രകടനവും സംവിധാനത്തികവും മാത്രമല്ല നമ്മള് പലപ്പോഴും സിനിമയെന്ന് മറന്ന് ബോക്സിംഗ് റിംഗിനരികെയാണെന്ന് തോന്നുന്നുവെങ്കില്‍ അതിന്റെ ക്രെഡിറ്റ് ഛായാഗ്രഹണം നിര്‍വഹിച്ച മുരളിക്ക് തന്നെയാണ്.
എടുത്തു പറയേണ്ട മറ്റൊരു കാര്യം കോസ്റ്റ്യൂമും മേക്കപ്പും തന്നെയാണ്. നമുക്ക് മുന്നിലെ വെള്ളിത്തിരയിലെ താരങ്ങള്‍ കഥാപാത്രങ്ങളായി മാറാന്‍ ഏറെ സഹായിച്ചത് അവരുടെ വസ്ത്രധാരണവും വേഷപ്പകര്‍ച്ചയും തന്നെയാണ്. സന്തോഷ് നാരായണന്റെ സംഗീതവും ശെല്‍വയുടെ എഡിറ്റിങ്ങും സര്‍പ്പാട്ട പരമ്പരയെ മികച്ച ദൃശ്യവിരുന്നാക്കുന്നതില് വഹിച്ച പങ്ക് ചെറുതല്ല.
നീലാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷണ്മുഖം ദക്ഷന്രാജ് എന്നിവരോടൊപ്പം രഞ്ജിത്തും ചേര്‍ന്ന് നിര്‍മ്മിച്ച ഈ ചിത്രം തീര്‍ച്ചയായും സിനിമ ആസ്വദിക്കുന്നവര്‍ കണ്ടിരിക്കേണ്ടത് തന്നെയെന്ന് അടിവരയിട്ടു പറയാം.
Recent Comments