ലോകത്ത് ഏറ്റവും അധികം ആരാധകരുള്ള വെബ് സീരീസാണ് ‘ലാ കാസാ ഡി പാപേല്‍’ അഥവാ ‘മണി ഹെയ്സ്റ്റ്’. 2017 ല്‍ നെറ്റ്ഫ്ളിക്സില്‍ സംപ്രേക്ഷണം ആരംഭിച്ച പരമ്പരയ്ക്ക് ഇക്കഴിഞ്ഞ ലോക്ഡൗണ്‍ കാലത്താണ് ലോകോത്തര ശ്രദ്ധ പിടിച്ചുപറ്റിയത്. ക്രൈം ഡ്രാമ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന സീരീസിന്റെ നാല് സീസണുകളാണ് നിലവില്‍ സംപ്രേക്ഷണം ചെയ്തിരിക്കുന്നത്. 2020 ഏപ്രില്‍ മൂന്നിനായിരുന്നു നാലാം സീസണ് പുറത്തിറങ്ങിയത്.
എന്നാല്‍ പരമ്പരയുടെ അഞ്ചാം സീസണിന്റെ ട്രെയ്ലര് ഓഗസ്റ്റ് 2ന് റിലീസ് ചെയ്യും. നെറ്റ് ഫ്ളിക്സില്‍ സ്ട്രീം ചെയ്യുന്ന സ്പാനിഷ് സീരീസിന്റെ ഈ അവസാന സീസണ് രണ്ട് ഭാഗങ്ങളായിട്ടാണ് റിലീസ് ചെയ്യുന്നത്. ആദ്യത്തെ ഭാഗം സെപ്തംബര്‍ 3 നും രണ്ടാം ഭാഗം ഡിസംബര്‍ 3 നുമാണെത്തുക. രണ്ട് ഭാഗങ്ങളിലും അഞ്ച് വീതം എപ്പിസോഡുകളായിരിക്കുമുണ്ടാവുക.
സീരീസിലെ ഇതുവരെ റിലീസ് ചെയ്ത എല്ലാ സീസണുകളേക്കാളും വലിയ ബജറ്റില്‍ ചിത്രീകരിച്ചിരിക്കുന്ന അഞ്ചാം സീസണ്, ഉദ്വേഗജനകവും സംഘര്‍ഷഭരിതവുമായിരിക്കും എന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.
അലെക്സ് പിന സംവിധാനം ചെയ്ത ഈ പരമ്പര ആദ്യം സ്പെയിനിലെ ആന്റിന 3 എന്ന ടി.വി ചാനലിലാണ് റിലീസ് ചെയ്തത്.
എന്നാല്‍ 2017 മെയ് മാസം ടി.വിയില്‍ സംരക്ഷണം ചെയ്ത ആദ്യ രണ്ട് സീസണുകള്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. 17 മിനിറ്റ് ദൈര്‍ഘ്യമുള്ള ഉള്ള 18 എപ്പിസോഡുകളായാണ് അന്ന് റിലീസ് ചെയ്തത്.
പിന്നീട് നെറ്റ്ഫ്ളിക്സ് ഈ പരമ്പര ഏറ്റടുത്ത് റീകട്ട് ചെയ്ത് 22 എപ്പിസോഡ് ആക്കി ഇംഗ്ലീഷില്‍ ഡബ്ബ് ചെയ്തു. തുടര്‍ന്ന് രണ്ട് സീസണായി അതേ വര്‍ഷം ഡിസംബറില്‍ റിലീസ് ചെയ്തു. ആ സീരീസിന്റ പേരാണ് മണി ഹെയ്സ്റ്റ്.
അതിന് ശേഷം മൂന്നാം സീസണ് മുതല്‍ ഇങ്ങോട്ട് നെറ്റ്ഫ്ളിക്സാണ് നിര്‍മ്മിച്ച് റിലീസ് ചെയുന്നത്. പിന്നീട് ലോകത്തില്‍ ഏറ്റവും അധികം ആരാധകരുള്ള വെബ് സീരീസായി മണി ഹെയ്സ്റ്റ് മാറുകയും ചെയ്തു.
വ്യത്യസ്ത മനോഭാവമുള്ള ഒരുപറ്റം കുറ്റവാളികളെ അണിനിരത്തി സ്പെയിനില്‍നിന്ന് പണവും സ്വര്‍ണ്ണവും കൊള്ളയടിക്കാന്‍ പ്രൊഫസര്‍ എന്ന കേന്ദ്ര കഥാപാത്രം നടത്തുന്ന ശ്രമമാണ് സീരീസിന്റെ ഇതിവൃത്തം. അല്‍വാരോ മോര്‍ട്ടെ എന്ന സ്പാനിഷ് താരമാണ് പ്രൊഫസറുടെ വേഷത്തിലെത്തുന്നത്.
ഷെരുണ് തോമസ്
Recent Comments