നാദിര്‍ഷാ സംവിധാനം ചെയുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഈശോ നോട്ട് ഫ്രം ദി ബൈബിള്‍’. ജയസൂര്യ നായകനാകുന്ന ചിത്രത്തിന്റ മോഷന്‍ പോസ്റ്റര്‍ ഈ കഴിഞ്ഞ മെയ് ലാണ് പുറത്ത് വന്നത്. മമ്മൂട്ടി തന്റെ ഫേസ്ബുക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്ത് വിട്ടത്.
എന്നാല്‍ ഇപ്പോള്‍ ചിത്രത്തിന്റെ പേരിനെ ചൊല്ലി സോഷ്യല്‍ മീഡിയകളില്‍ വന്‍ വിമര്‍ശനമാണുയരുന്നത്. ‘ഈശോ നോട്ട് ഫ്രം ദി ബൈബിള്‍’ എന്ന പേര് മതവികാരം വ്രണപ്പെടുത്തുന്നതാണെന്നും ‘നോട്ട് ഫ്രം ദി ബൈബിള്‍’ എന്ന ടാഗ് ലൈന്‍ ആവശ്യമുണ്ടായിരുന്നില്ലെന്നും വിമര്‍ശനമുയരുന്നുണ്ട്.
ചിത്രത്തിനെതിരെ ശക്തമായ പ്രചരണവുമായി ചില ക്രിസ്ത്യന്‍ സംഘടനകളും രംഗത്ത് വന്നിട്ടുണ്ട്. ചിത്രത്തിന്റെ പേരിനെതിരെ കത്തോലിക്ക വൈദികനായ ഫാ. സെബാസ്റ്റ്യന്‍ ജോണ്‍ കിഴക്കേതില്‍ രംഗത്ത് വന്നു.
‘ഈശോ നോട്ട് ഫ്രം ദി ബൈബിള്‍ എന്ന ടാഗ് ലൈനില്‍ നാദിര്‍ഷാ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ കണ്ടു. അങ്ങനെ ഒരു ടാഗ് ലൈന്‍ പോലും ആവശ്യം ഇല്ലായിരുന്നു. എന്തായാലും ക്രിസ്ത്യാനികള്‍ നാദിര്‍ഷായെ വെട്ടാനും കൊല്ലാനും ഒന്നും വരില്ല. യേശു, യാസു, യേശുദാസ് അങ്ങനെ എത്രയോ പേരുകള്‍ ക്രിസ്താനികളുടെ ഇടയിലുണ്ട്. അപ്പോള്‍ ചോദ്യമിതാണ്; മുഹമ്മദ് എന്ന പേരുള്ള അനേകം മുസ്ലീങ്ങളുണ്ടല്ലോ, അടുത്ത പടത്തിനു ‘മുഹമ്മദ് നോട്ട് ഫ്രം ദി ഖുര്‍ആന്‍’ എന്ന ടാഗ് ലൈനില്‍ ഒരു പടം ഇറക്കാന്‍ പറ്റുമോ? ഈശോ എന്ന സിനിമ ബൈബിളിലെ യേശുവല്ലാത്തതുപോലെ മുഹമ്മദ് എന്തായാലും ഖുറാനിലെ മുഹമ്മദും ആകില്ലല്ലോ…
സിനിമക്ക് ക്രിസ്ത്യന്‍ പേരുകള്‍ നല്‍കുന്നത് ലേറ്റസ്റ്റ് പബ്ലിസിറ്റി സ്റ്റണ്ട് ആണെന്നും അതിന്റെ പിന്നില്‍ ചെറിയ ചില്ലറ ഉദ്ദേശങ്ങള്‍ ഉണ്ടെന്നും ഞങ്ങള്‍ക്കറിയാം. മുഹമ്മദ് എന്ന പേരില്‍ ഒരു സിനിമ ഇറക്കിയാല്‍ കാല് വെട്ടുമോ കൈ വെട്ടുമോ തലവെട്ടുമോ എന്ന പേടിയാണോ? അഫ്ഗാന്‍കാരനായ നാസര്‍ മുഹമ്മദ് എന്ന ഹാസ്യനടന് താലിബാന് തീവ്രവാദികളാല്‍ ക്രൂരമായി കൊലചെയ്യപ്പെട്ടു. ലോകം മുഴുവനും ചര്‍ച്ച ആയിട്ടും കേരളത്തിലെ ചാനലുകള്‍ അറിഞ്ഞിട്ടില്ല, ഒരു സിനിമാക്കാരും സാംസ്കാരിക നായകരും അറിഞ്ഞിട്ടില്ല, അതെസമയം പലസ്തീനില്‍ ബോംബ് വീണാല്‍ ഉത്തരേന്ത്യയില്‍ ഒരു ദാരുണസംഭവം നടന്നാല്‍ ഇവര്‍ സടകുടഞ്ഞ് എഴുന്നേല്ക്കും… ‘നന്മയുള്ള ലോകമേ, പ്രബുദ്ധ കേരളമേ’ എന്ന വായ്ത്താരികളാല്‍ അന്തരീക്ഷം പ്രകമ്പനം കൊള്ളും.
എന്നിങ്ങനെ അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ഈ വിഷയത്തെ അനുകൂലിച്ചും വിമര്‍ശിച്ചും പല ഫേസ്ബുക് കൂട്ടായിമകളും രംഗത്ത് വന്നിട്ടുണ്ട്.
നിലവില്‍ ദിലീപിനെ നായകനാക്കി നാദിര്‍ഷാ ഒരുക്കുന്ന ‘കേശു ഈ വീടിന്റെ നാഥന്’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ ദിവസമായിരുന്നു പൂര്‍ത്തിയായത്. സംഭവത്തോട് പ്രതികരിച്ച് നര്ദിര്ഷയും ഫേസ്ബുക്കില്‍ പോസ്റ്റ് പങ്ക് വെയ്ക്കുകയുണ്ടായി.
എല്ലാ മത വിഭാഗങ്ങളെയും ഒരേ പോലെ ആദരിക്കാന്‍ മനസ്സുള്ള ഒരു കലാകാരന് എന്ന നിലയ്ക്ക് ആരുടേയും മനസ്സ് വേദനിപ്പിക്കാനും വ്രണപ്പെടുത്താനും തക്ക സംസ്കാര ശൂന്യനല്ല താനെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. താന്‍ ഏറെ ബഹുമാനിക്കുന്ന പ്രവാചകനായ ജീസസുമായി സിനിമയ്ക്ക് യാതൊരു ബന്ധവുമില്ലെന്നും കൂടാതെ എല്ലാ മതത്തിലുംപെട്ട നല്ല സുഹൃത്തുക്കള്‍ തനിക്കുണ്ടെന്നും നാദിര്‍ഷാ കൂട്ടിച്ചേര്‍ത്തു.
കേശു ഈ വീടിന്റെ നാഥന് ‘ഈശോ’ എന്നീ സിനിമകള്‍ ഇറങ്ങിയ ശേഷം ആ സിനിമയില്‍ ഏതെങ്കിലും തരത്തില്‍ മത വികാരം വ്രണപ്പെടുന്നുവെങ്കില്‍ ഏതു ശിക്ഷക്കും താന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ ക്രിസ്ത്യന്‍ സമുദായത്തിലെ തന്റെ പ്രിയപ്പെട്ട സഹോദരങ്ങള്‍ക്ക് വിഷമമുണ്ടായതിന്റെ പേരില്‍ മാത്രം ‘നോട്ട് ഫ്രം ദി ബൈബിള്‍’ എന്ന ചിത്രത്തിന്റെ ടാഗ് ലൈന്‍ ഒഴിവാക്കുന്നതായും നാദിര്‍ഷാ പോസ്റ്റിലൂടെ വ്യക്തമാക്കി.
ചിത്രത്തിന്റെ രണ്ടാം പോസ്റ്റര്‍ ഓഗസ്റ്റ് 4ന് വൈകുന്നേരം 6 ന് പുറത്ത് ഇറങ്ങും.
ഷെരുണ് തോമസ്
Recent Comments