വേണുനാഗവള്ളിയുടെ ഓര്‍മ്മദിനമാണിന്ന്. നടനായും സംവിധായകനായും തിരക്കഥാകൃത്തായും അരങ്ങുവാണ വേണു വിസ്മൃതിയിലായിട്ട് 10 വര്‍ഷങ്ങള്‍ പിന്നിടുന്നു.
വേണുവിന്റെ ഓര്‍മ്മകള്‍ പങ്കുവച്ച് മമ്മൂട്ടിയും മോഹന്‍ലാലും പ്രിയദര്‍ശനുമടക്കമുള്ളവര്‍ അദ്ദേഹത്തിന്റെ ഫോട്ടോ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.
അതില്‍ നിന്നൊക്കെ വ്യത്യസ്തമായൊരു പടമാണ് സംവിധായകനും നര്മ്മാതാവുമായ അശോക്കുമാര് വാട്ട്സ്ആപ്പില്‍ പങ്കുവച്ചത്.
വേണുനാഗവള്ളി തൊഴുകൈകളോടെ നില്ക്കുന്നു. സമീപം മമ്മൂട്ടിയും യേശുദാസും ഉണ്ട്. ഒരു പൂമാല കൈയ്യിലേന്തി അശോകും.
തന്റെ നിര്‍മ്മാതാക്കളെ എന്നും ആദരിച്ചിട്ടുള്ള സംവിധായകരില്‍ ഒരാളാണ് വേണു. മദ്രാസിലെ എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ സ്റ്റുഡിയോയില്‍ നടന്ന പൂജാച്ചടങ്ങില്‍ അശോകിനെ ഒരു പൂമാലയിട്ടാണ് വേണു സ്വീകരിച്ചത്.
ആയിരപ്പറ എന്ന ചിത്രത്തിന്റെ പൂജാച്ചടങ്ങായിരുന്നു. ആ ചിത്രത്തിന് അനവധി പ്രത്യേകതകളുണ്ട്.
വേണുനാഗവള്ളി ആദ്യമായും അവസാനമായും ചെയ്ത മമ്മൂട്ടി ചിത്രമായിരുന്നു ആയിരപ്പറ.
അക്കാലത്ത് മോഹന്ലാലിനെവച്ചുമാത്രം പടം ചെയ്തിരുന്ന സംവിധായകനായിരുന്നു വേണു നാഗവള്ളി. അദ്ദേഹത്തിന്റെ വലിയ സ്വപ്നമായിരുന്നു മമ്മൂട്ടിയെ നായകനാക്കി ഒരു സിനിമ ചെയ്യണമെന്നുള്ളത്. തന്റെ ആഗ്രഹം പങ്കുവച്ചത് ലാലിന്റെ ആത്മമിത്രം കൂടിയായ അശോക്കുമാറിനോടായിരുന്നു. വേണ്ടത് ചെയ്യാമെന്ന് അശോകും ഉറപ്പ് കൊടുത്തു.
ഒരിക്കല്‍ എറണാകുളത്ത് എത്തിയപ്പോള്‍ അശോക് മമ്മൂട്ടിയെ ചെന്നു കണ്ടു. അന്ന് മമ്മൂട്ടി ഹോട്ടല്‍ അബാദ്പ്ലാസയിലാണ് താമസം. വളച്ചുകെട്ടില്ലാതെ അശോക് മമ്മൂട്ടിയോട് കാര്യം പറഞ്ഞു.
‘നമുക്കൊരു സിനിമ ചെയ്യണം.’
‘നീ ലാലിനെവച്ചല്ലേ സിനിമ ചെയ്യൂ.’ മമ്മൂട്ടി പരിഭവം മറച്ചുവച്ചില്ല.
‘ഞാനല്ല സംവിധായകന്, വേണുവാണ്. പക്ഷേ ഞാനാ പടം നിര്‍മ്മിക്കും.’
‘ഏതു വേണു?’ മമ്മൂട്ടി ചോദിച്ചു.
‘വേണുനാഗവള്ളി.’
‘ബെസ്റ്റ്, അവന് എന്നെ വച്ച് പടം ചെയ്യാനോ.’ മമ്മൂട്ടി ചിരിച്ചുകൊണ്ട് പറഞ്ഞു.
‘അതെ. വേണുച്ചേട്ടന്റെ വലിയ ആഗ്രഹമാണ് മമ്മൂട്ടിക്കയെവച്ച് ഒരു പടം ചെയ്യണമെന്നുള്ളത്.’
ആദ്യം അവിശ്വസനീയമായി തോന്നിയെങ്കിലും അശോക്കുമാര് സീരിയസാണെന്ന് കണ്ടപ്പോള്‍ മമ്മൂട്ടി സമ്മതം അറിയിച്ചു. അപ്പോള്‍തന്നെ വേണുവിനെ വിളിച്ച് കാര്യം പറഞ്ഞു. എല്ലാം ഒരു മണിക്കൂറിനുള്ളില്‍ നടന്ന സംഭവവികാസങ്ങളായിരുന്നു.
മലയാളസിനിമയിലെ പ്രമുഖ സംവിധായകരെല്ലാം പങ്കെടുത്ത അപൂര്‍വ്വ പൂജാച്ചടങ്ങ് കൂടിയായിരുന്നു ആയിരപ്പറയുടേത്. ആയിരപ്പറയുടെ ഷൂട്ടിംഗ് കാവാലത്തായിരുന്നു. അന്ന് ഒരേസമയം രണ്ട് സിനിമകളുടെ ഷൂട്ടിംഗ് ആലപ്പുഴയില്‍ നടക്കുന്നുണ്ടായിരുന്നു. ഒന്ന് ആയിരപ്പറയുടേതും, മറ്റേത് സിദ്ദിഖ്ലാല്‍ സംവിധാനം ചെയ്ത വിയറ്റ്നാം കോളനിയുടേതും. മോഹന്‍ലാല്‍ ആയിരുന്നല്ലോ വിയറ്റ്നാം കോളനിയിലെ നായകന്. ആലപ്പുഴ പ്രിന്‍സ് ഹോട്ടലിലായിരുന്നു മമ്മൂട്ടിയും മോഹന്‍ലാലും അന്ന് താമസിച്ചിരുന്നത്.
ഒരു മമ്മൂട്ടിച്ചിത്രത്തിന്റെ അണിയറയില്‍ ആദ്യമായി വേണുനാഗവള്ളിയും അശോക്കുമാറും എത്തിയിട്ടും അവിടെയും ലാലിന്റെ പ്രത്യക്ഷസാന്നിദ്ധ്യം ഉണ്ടായിരുന്നുവെന്നതാണ് മറ്റൊരു കൗതുകം. ഇത് പറഞ്ഞ് മമ്മൂട്ടി അശോക്കുമാറിനെ ആവശ്യത്തിന് കളിയാക്കുമായിരുന്നു.
ധ്രുവത്തിലെ മമ്മൂക്കയെ പെട്ടെന്ന് ഓർത്തെടുക്കാൻ കഴിയുന്നത്
Recent Comments