ഇന്ദ്രന്‍സിനെ വിളിക്കുമ്പോള്‍ അദ്ദേഹം ഹോം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിലായിരുന്നു. ഫ്രൈഡേ മീഡിയയുടെ ബാനറില്‍ വിജയ്ബാബു നിര്‍മ്മിച്ച് റോജിന്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രം. എറണാകുളത്ത് പച്ചാളത്തിനടുത്തുള്ള ഒരു വീട്ടിലാണ് ഷൂട്ടിംഗ്. കോവിഡ് നിയന്ത്രണങ്ങളില്‍ സര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചതിനുശേഷം ഷൂട്ട് ചെയ്യുന്ന ആദ്യ മലയാളചിത്രം കൂടിയാണ് ഹോം.
ഒലിവര്‍ട്വിസ്റ്റ് എന്ന കേന്ദ്രകഥാപാത്രത്തെയാണ് ഹോമില്‍ ഇന്ദ്രന്‍സ് അവതരിപ്പിക്കുന്ന്. ഏറെ മേക്ക്ഓവര്‍ ഉള്ള ഒരു കഥാപാത്രം. ഒരു മണിക്കൂറോളം മേക്കപ്പിന് മാത്രമായി ഇന്ദ്രന്‍സ് ചെലവഴിക്കുന്നു. കഥാപാത്രമാകാനുള്ള ഒരുക്കങ്ങള്‍ക്കിടെയാണ് ഞങ്ങളുടെ ഫോണ്‍കോള്‍ എത്തുന്നത്.
ഇന്ദ്രന്‍സിനെ ഫോണില്‍ വിളിക്കാന്‍ പ്രത്യേകിച്ചൊരു കാരണംകൂടി ഉണ്ടായിരുന്നു. ഭീഷ്മം എന്ന ചിത്രത്തിന്റെ അനൗണ്‍സ്മെന്റ് ഇന്ദ്രന്‍സ് തന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെ നടത്തിയിരുന്നു. സുരേഷ് ഉണ്ണിത്താന് നീണ്ട നാളുകള്‍ക്ക് ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണ്. അതിന്റെ വിശേഷങ്ങള്‍ അറിയാനാണ് ഇന്ദ്രന്‍സിനെ വിളിച്ചത്.
‘ഈ കോവിഡ് കാലത്താണ് ഒരു ദിവസം ഉണ്ണിത്താന് ചേട്ടന്റെ (സുരേഷ് ഉണ്ണിത്താന്) ഫോണ്‍കോള്‍ വരുന്നത്. ഒരു സിനിമ ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും അതിന്റെ കഥ കേള്‍ക്കാമോ എന്നുമായിരുന്നു ആവശ്യം. അതിന്റെ അവശ്യമില്ലെന്ന് ഞാന്‍ പറഞ്ഞതാണ്. പക്ഷേ സമ്മതിച്ചില്ല. സ്ക്രിപ്റ്റ് റൈറ്റര്‍ വിളിക്കും, കഥ കേട്ടുനോക്കൂ എന്ന് പറഞ്ഞു. കുറച്ചു കഴിഞ്ഞപ്പോള്‍ തിരക്കഥാകൃത്ത് എന്നെ വിളിച്ചു. കഥ മൊത്തത്തില്‍ പറയണ്ട. പറഞ്ഞാലും മനസ്സില്‍ നില്‍ക്കില്ല. അതുകൊണ്ട് ഔട്ട്ലൈന് പറഞ്ഞാല്‍ മതിയെന്ന് ഞാന്‍ പറഞ്ഞു. അദ്ദേഹം ചുരുക്കി കഥ പറഞ്ഞു. മൂന്ന് തലമുറകളെ കണ്ട ഒരു മുത്തശ്ശന്റെ കഥയാണ്. കാലത്തിന്റെ മാറ്റങ്ങള്‍ അദ്ദേഹത്തിലൂടെ അവതരിപ്പിക്കുന്ന പ്രമേയം. കേട്ടപ്പോള്‍ ഒത്തിരി ഇഷ്ടം തോന്നി.’ ഇന്ദ്രന്‍സ് തുടര്‍ന്നു.
‘അല്ലെങ്കിലും കഥപോലും കേള്‍ക്കാതെ ഞാന്‍ ചെയ്യേണ്ട സിനിമയാണത്. കാരണം എന്റെ സിനിമാപ്രവേശനത്തിന് കാരണക്കാരിലൊരാള്‍ ഉണ്ണിത്താന് ചേട്ടനാണ്. അതുപോലെ അദ്ദേഹമാണ് എന്നെ പത്മരാജന്സാറിനെ പരിചയപ്പെടുത്തുന്നത്. അന്ന് പത്മരാജന്‍സാറിന്റെ അസോസിയേറ്റാണ് ഉണ്ണിത്താന് ചേട്ടന്. അങ്ങനെ ആദ്യമായി പത്മരാജന് സാറിന്റെ സിനിമയ്ക്ക് വേണ്ടിയും ഞാന്‍ സ്വതന്ത്ര വസ്ത്രാലങ്കാരകനായി. ചിത്രം നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍. അതിനുശേഷം പത്മരാജന് സാറിന്റെ എല്ലാ സിനിമകളുടേയും കോസ്റ്റ്യൂമര്‍ ഞാനായിരുന്നു.’
‘പില്ക്കാലത്ത് ഉണ്ണിത്താന് ചേട്ടന് സ്വതന്ത്ര സംവിധായകനായപ്പോഴും (ജാതകം) എന്നെയാണ് കോസ്റ്റ്യൂമിന്റെ ചുമതല ഏല്‍പ്പിച്ചത്. ഉത്സവമേളം എന്നൊരു ചിത്രം ചെയ്തപ്പോള്‍ അതിലൊരു നല്ല വേഷവും എനിക്ക് തന്നു. ആദ്യമായി എന്റെ ചിത്രം പോസ്റ്ററില്‍ അടിച്ചുവരുന്നത് ഉത്സവമേളത്തിലാണ്. ഇങ്ങനെ ഒരുപാട് സഹായങ്ങള്‍ സുരേഷ് ഉണ്ണിത്താന് എനിക്ക് ചെയ്തുതന്നിട്ടുണ്ട്. അദ്ദേഹമെനിക്ക് ഗുരുതുല്യന്‍ മാത്രമല്ല, ജ്യേഷ്ഠനും വഴികാട്ടിയുമൊക്കെയാണ്. അങ്ങനെയൊരാള്‍ ഒരിടവേളയ്ക്കുശേഷം സിനിമ ചെയ്യാനൊരുങ്ങുമ്പോള്‍ കഥപോലും കേള്‍ക്കാതെ ഞാന്‍ ചെയ്തുകൊടുക്കണം. അതെന്റെ കടമയാണ്. ഉണ്ണിത്താന് ചേട്ടന് സൗകര്യമുള്ള ഡേറ്റ് അറിയിക്കാന്‍ പറഞ്ഞിട്ടുണ്ട്. ആ ഡേറ്റ് മറ്റു സിനിമകള്‍ക്കുവേണ്ടി കൊടുത്തതാണെങ്കില്‍ അത് ഒഴിവാക്കിയിട്ടാണെങ്കിലും ഞാന്‍ അദ്ദേഹത്തിന്റെ സിനിമ ചെയ്യും.’ ഇന്ദ്രന്‍സ് പറഞ്ഞുനിര്‍ത്തി.
ധ്രുവത്തിലെ മമ്മൂക്കയെ പെട്ടെന്ന് ഓർത്തെടുക്കാൻ കഴിയുന്നത്
Recent Comments