ദക്ഷിണേന്ത്യന്‍ സിനിമയില്‍ കോടികള്‍ മുതല്‍ മുടക്കില്‍ വെള്ളിത്തിരയില്‍ വിസ്മയം തീര്‍ത്ത കെ.ടി. കുഞ്ഞുമോന് വീണ്ടും ചലച്ചിത്രനിര്‍മ്മാണ മേഖലയിലേയ്ക്ക്. 1993-ല്‍ റിലീസായ ജെന്റില്മാന് എന്ന തമിഴ് ചലച്ചിത്രം ഇന്നും പ്രേക്ഷകമനസ്സില്‍ ഒരു വിസ്മയം തന്നെയാണ്. കാശിറക്കി കാശ് വാരുക എന്ന തന്ത്രമായിരുന്നു കെ.ടി. കുഞ്ഞുമോന് അന്ന് കൈകൊണ്ടത്. ഒരു പരിധിവരെ കുഞ്ഞുമോന്റെ കാര്യത്തില്‍ അത് ശരിയുമായിരുന്നു. അക്കാലത്ത് കോടികള്‍ മുടക്കി നിര്‍മ്മിച്ച അപൂര്‍വ്വം സിനിമകളിലൊന്നായിരുന്നു ജെന്റില്മാന്. തമിഴകത്തെ നമ്പര്‍വണ്‍ സംവിധായകനായ ഷങ്കറിന് ഹിറ്റ്മേക്കര് പദവി കൈവന്നതും ജെന്റില്മാന് എന്ന ചിത്രത്തിലൂടെയായിരുന്നു. ചിത്രത്തിന്റെ അഭൂതപൂര്‍വ്വമായ വിജയം കുഞ്ഞുമോന് പുതിയൊരു പേരുകൂടി കൂട്ടിച്ചേര്‍ത്തു- ജെന്റില്മാന് കുഞ്ഞുമോന്. സിനിമയോടൊപ്പംതന്നെ അതിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു. എ.ആര്. റഹ്മാന്റെ ഏറ്റവും നല്ല മെലഡികളില്‍ ജെന്റില്‍മാനിലെ ഗാനങ്ങളും ഉള്‍പ്പെടും. തമിഴകത്ത് ബ്രഹ്മാണ്ഡചിത്രങ്ങള്‍ക്ക് തുടക്കം കുറിച്ചത് കെ.ടി. കുഞ്ഞുമോന് എന്നത് വിസ്മരിക്കത്തക്കതല്ല.
ഒരു ഇടവേളയ്ക്കുശേഷം കുഞ്ഞുമോന് ജെന്റില്മാന് 2 വിലൂടെ പുതിയ വിസ്മയങ്ങള്‍ക്ക് തുടക്കം കുറിക്കുകയാണ്. ജെന്റില്മാന് ഫിലിം ഇന്റര്‍നാഷണലിന്റെ ബാനറില്‍ തികച്ചും നൂതന സാങ്കേതികത്വത്തോടെ ഹോളിവുഡ് നിലവാരത്തിലായിരിക്കും ചിത്രം ഒരുങ്ങുന്നതെന്ന് നിര്‍മ്മാതാവായ കെ.ടി. കുഞ്ഞുമോന് അറിയിച്ചു. താരനിര്‍ണ്ണയവും മറ്റും ഇനിയും പൂര്‍ത്തിയാവാത്ത ജെന്റില്മാന് 2 ആരാധകരെ മറ്റൊരു ദൃശ്യവിസ്മയലോകത്തിലേയ്ക്ക് എത്തിക്കുമെന്ന് പ്രതീക്ഷിക്കാം.
Recent Comments