മലയാളികളുടെ പ്രിയപ്പെട്ട നടിയായിരുന്നു ശരണ്യ ശശി. സിനിമയിലും, സീരിയലിലും ഒരുപോലെ തിളങ്ങി നില്‍ക്കവെയാണ് കാന്‍സര്‍ എന്ന മഹാവ്യാധി ശരണ്യയെ പിടികൂടുന്നത്. കാന്‍സര്‍ ബാധിച്ച് ഗുരുതരാവസ്ഥയില്‍ ആയിരുന്ന ശരണ്യ പുതു ജീവിതത്തിലേക്ക് തിരികെ എത്തിത്തുടങ്ങിയെന്ന വാര്‍ത്ത മലയാളികള്‍ ഏറെ സന്തോഷത്തോടെയാണ് സ്വീകരിച്ചത്.
എന്നാല്‍ ശരണ്യ വീണ്ടും ആശുപത്രിയിലാവുകയും ശസ്ത്രക്രിയ നടത്തുകയും ചെയ്തു. അവിടുന്നങ്ങോട്ട് ശരണ്യക്കു വേണ്ടിയുള്ള പ്രാര്‍ത്ഥനയിലായിരുന്നു പ്രിയപ്പെട്ടവരും ആരാധകരും. അതിനിടെ ശരണ്യയെ കോവിഡും പിടികൂടിയിരുന്നു. പ്രാർത്ഥനകളും ശുശ്രൂഷകളും വിഫലമാക്കി ആരാധകരെ വേദനയിലാഴ്ത്തി താരം യാത്രയായി. ഉച്ചയ്ക്ക് ഒരു മണിയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
2012ലാണ് ശരണ്യയ്ക്ക് ബ്രെയിന്‍ ട്യൂമര്‍ കണ്ടെത്തുന്നത്. ഷൂട്ടിങ് സെറ്റില്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് നടിയുടെ രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഇങ്ങോട്ട് നിരവധി ശസ്ത്രക്രിയയ്ക്ക് നടി വിധേയയായി. തലയിലെ ഏഴാം ശസ്ത്രക്രിയയോടെയാണ് ശരണ്യയുടെ ഒരു വശം തളരുകയും കിടപ്പിലാവുകയും ചെയ്തത്.സാമ്പത്തികമായും തകര്‍ന്ന ശരണ്യയെ സഹായിക്കാന്‍ പലരും മുന്നോട്ടെത്തിയിരുന്നു.
സീരിയല്‍ താരങ്ങളുടെ സംഘടനയായ ആത്മയുടെ ഭാരവാഹിയായ സീമ ജി നായര്‍ എന്നും ശരണ്യയ്ക്ക് ഒപ്പമുണ്ടായിരുന്നു. 11 തവണ സർജറിക്ക് വിധേയയായിരുന്നു. തുടർ ചികിൽസയ്ക്കു തയാറെടുക്കുന്നതിനിടെയാണ് ശരണ്യക്കും അമ്മക്കും കോവിഡ് ബാധിച്ചത്. കഴിഞ്ഞ മേയ് 23നാണ് ശരണ്യയെ അത്യാസന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Recent Comments