വീണ്ടും ‘ഗുരുകൃപ’യിലേയ്ക്ക് കടന്നുവന്നിരിക്കുകയാണ് മോഹന്‍ലാല്‍. അവിടെ അദ്ദേഹം അതിഥിയല്ല. അവരിലൊരാള്‍ തന്നെയാണ്.
ദീര്‍ഘകാലത്തെ ബന്ധമുണ്ട് ലാലിന് പെരിങ്ങോട്ട് പ്രവര്‍ത്തിക്കുന്ന ഗുരുകൃപ ആയുര്‍വ്വേദ ഹെരിറ്റേജുമായി. ചികിത്സയുടെ ഭാഗമായി അദ്ദേഹം പലതവണ ഇവിടെ വന്നിട്ടുണ്ട്. രണ്ട് വര്‍ഷം മുമ്പാണ് ഏറ്റവും ഒടുവിലായി എത്തിയത്.
സ്വന്തം ശരീരസംരക്ഷണത്തില്‍ ഏറെ ശ്രദ്ധ വയ്ക്കുന്ന നടന്മാരില് ഒരാള്‍കൂടിയാണ് ലാല്‍. സമയം കിട്ടുമ്പോഴെല്ലാം അദ്ദേഹം ഇവിടേയ്ക്ക് എത്താറുണ്ട്. ഷൂട്ടിംഗ് തിരക്കു കാരണം കഴിഞ്ഞ വര്‍ഷം എത്താന്‍ കഴിഞ്ഞില്ല.
കോവിഡ് രൂക്ഷമായതോടെ ഷൂട്ടിംഗുകളെല്ലാം മുടങ്ങി. തിരക്കുകളില്‍നിന്നൊക്കെ പൂര്‍ണ്ണമായി ഒഴിഞ്ഞ് ചെന്നൈയിലെ വീട്ടിലായിരുന്നു ആദ്യത്തെ മൂന്നുമാസം ലാല്‍. അതിനുശേഷം കേരളത്തിലെത്തി. ഏഷ്യാനെറ്റിനുവേണ്ടി ലാലോണം നല്ലോണം എന്ന പ്രോഗ്രാമിന്റെ ഷൂട്ടിനുവേണ്ടി. പൂര്‍ണ്ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുള്ള ഷൂട്ടിംഗായിരുന്നു അത്. അതിനുശേഷമാണ് ലാല്‍ അമ്മയെപ്പോലും കാണാന്‍ പോയത്.
സെപ്തംബര്‍ 2-ാം തീയതി ലാല്‍ ഭാര്യ സുചിത്രയ്ക്കൊപ്പം ഗുരുകൃപയിലെത്തി. സുഖചികിത്സയുടെ ഭാഗമായി. പോരാത്തതിന് കോവിഡ് കാലംകൂടിയാണല്ലോ. ശരീരം അത്യധികം പ്രതിരോധശേഷി ആര്‍ജ്ജിക്കേണ്ട സമയവും. അതിന്റെകൂടി ഭാഗമായാണ് അദ്ദേഹം ഗുരുകൃപയിലെത്തിയിരിക്കുന്നത്.
കിഴിയും ചവിട്ടി ഉഴിച്ചിലുമാണ് പ്രധാന ചികിത്സാക്രമങ്ങള്‍. രാവിലെ എട്ടരയ്ക്ക് തുടങ്ങുന്ന ചികിത്സ ഉച്ചയ്ക്ക് രണ്ടരവരെ നീളും. കഠിനമായ ആഹാരനിയന്ത്രണങ്ങളുണ്ട്. വൈദ്യന് കല്പ്പിച്ചിരിക്കുന്ന ആഹാരപഥ്യങ്ങള് അദ്ദേഹം അണുവിട തെറ്റിക്കാറില്ല.
മരുന്നുകഞ്ഞിയാണ് പ്രഭാത ഭക്ഷണം. ഇടവിട്ടുള്ള കഷായങ്ങള്‍ വേറെയും.ഡോ. ഉണ്ണികൃഷ്ണന്, ഡോ. ഹരികൃഷ്ണന്, ഡോ. ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് ചികിത്സ നടക്കുന്നത്.
മുന്‍നിശ്ചയപ്രകാരം സെപ്തംബര്‍ 15-ാം തീയതി ചികിത്സ അവസാനിക്കേണ്ടതാണ്. കാരണം ദൃശ്യം 2 ന്റെ ഷൂട്ടിംഗ് പ്ലാന്‍ ചെയ്തിരുന്നത് 14-ാം തീയതിയാണ്. സെറ്റ് വര്‍ക്കുകള്‍ പൂര്‍ത്തിയാകാത്തതിനാല്‍ ഷൂട്ടിംഗ് ഒരാഴ്ച കഴിഞ്ഞേ ഉണ്ടാകൂ. അതുകൊണ്ടുതന്നെ ചികിത്സയും നീളാന്‍ ഇടയുണ്ട്.
Recent Comments