നടനും നിര്‍മ്മാതാവും സംവിധായകനുമായ ബാല വീണ്ടും വിവാഹിതനാകുന്നു. സെപ്തംബര്‍ 5 നാണ് വിവാഹം. വധുവിന്റെ പേരോ, വിവാഹസ്ഥലമോ പുറത്ത് വിട്ടിട്ടില്ല. ഏതായാലും കേരളത്തില്വച്ചുതന്നെയായിരിക്കും കല്യാണമെന്നറിയുന്നു.
കഴിഞ്ഞ കുറേ ദിവസങ്ങളിലായി ബാല വിവാഹിതനാകുന്നുവെന്ന നിലയില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടായിരുന്നു. ആ വാര്‍ത്തകളോട് പക്ഷേ, ബാല കൃത്യമായ അകലം പാലിച്ചിരുന്നു. ആ മൗനത്തിനാണ് ഇപ്പോള്‍ അന്ത്യമായിരിക്കുന്നത്.
സഹോദരന് കൂടിയായ ശിവ സംവിധാനം ചെയ്യുന്ന അണ്ണാത്തെയുടെ ലഖ്നൗ ലൊക്കേഷനിലാണ് ബാല ഇപ്പോള്‍ ഉള്ളത്. രജനികാന്ത് നായകനാകുന്ന ചിത്രമാണ് അണ്ണാത്ത. രജനിയോടൊപ്പമുള്ള പോര്‍ഷനുകള്‍ ചെന്നൈയില്‍ പൂര്‍ത്തിയാക്കിയിട്ടാണ് ബാല ലഖ്നൗവിലെത്തിയത്. കീര്‍ത്തി സുരേഷിനോടൊപ്പമുള്ള കോമ്പിനേഷന്‍ സീനിലാണ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
വിവാഹശേഷം ബാല അദ്ദേഹം സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രത്തിന്റെ ഷൂട്ടിംഗിലേയ്ക്ക് കടക്കും. സെപ്തംബര്‍ 10 നാണ് ഷൂട്ടിംഗ് ആരംഭിക്കുന്നത്. എറണാകുളമാണ് ലൊക്കേഷന്‍. സെറ്റ് വര്‍ക്ക് ആരംഭിച്ചിട്ടുണ്ട്. താരനിര്‍ണ്ണയം നടന്നുവരികയാണ്.
2010 ആഗസ്റ്റിലായിരുന്നു ബാലയും ഗായികയായ അമൃതയും തമ്മിലുള്ള വിവാഹം. ചെന്നൈയിലെ കുടുംബക്ഷേത്രത്തില്വച്ചായിരുന്നു വിവാഹചടങ്ങുകള്‍. സെപ്തംബര്‍ 5 ന് എറണാകുളത്തുള്ള ഗോകുലം പാര്‍ക്കില്‍വച്ചായിരുന്നു റിസപ്ഷന്. 11 വര്‍ഷങ്ങള്‍ക്കിപ്പുറം മറ്റൊരു സെപ്തംബര്‍ 5 ന് ബാല വിവാഹിതനാകുമ്പോള്‍ അത് കാലത്തിന്റെ മറ്റൊരു ആകസ്മികതയാകാം.
2019 ഡിസംബറില്‍ ബാലയും അമൃതയും നിയമപരമായി വേര്‍പിരിഞ്ഞു. ഈ ദാമ്പത്യത്തില്‍ അവര്‍ക്കൊരു മകളുണ്ട്, അവന്തിക. 9 വയസ്സുകാരിയായ അവന്തിക അമ്മയോടൊപ്പമാണുള്ളത്.
Recent Comments