ഉത്രാട ദിനത്തില്‍ ചിരിസദ്യയുമായി കാന്‍ ചാനലിന്റെ പ്രേക്ഷകരുടെ മുന്നില്‍ എത്തിയത് നടന് സൂരജ് വെഞ്ഞാറമൂടാണ്. തന്റെ ജീവിതത്തില്‍ സംഭവിച്ച നര്‍മ്മ സമ്പന്നമായ നിമിഷങ്ങള്‍ പങ്കുവെക്കുകയായിരുന്നു അദ്ദേഹം.
പണ്ട് മുതല്ക്കേ മമ്മൂക്കയുടെ വലിയ ആരാധകനായിരുന്നു ഞാന്‍. സിനിമയില്‍ വരുന്നതിന് മുന്‍പ് കൈരളി ടി.വിയില്‍ പ്രോഗ്രാം അവതരിപ്പിക്കുന്ന കാലം. അന്ന് മമ്മൂക്ക കൈരളി ചാനലിന്റെ ചെയര്‍മാനാണ്. അദ്ദേഹത്തെ നേരില്‍ കാണണമെന്ന് വലിയ ആഗ്രഹം ഉണ്ടായിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം പ്രോഗാം പ്രൊഡ്യൂസര്‍ സുധീര്‍ എന്റെ അടുത്ത് വന്ന് പറഞ്ഞു. സ്റ്റുഡിയോയില്‍ തന്നെ കാണാന്‍ മമ്മൂക്ക വന്നിട്ടുണ്ട്’. എന്നെ കളിയാക്കുന്നുവെന്നാണ് ഞാന്‍ കരുതിയത്. അതുകൊണ്ട് കാര്യമാക്കിയില്ല. കുറച്ച് കഴിഞ്ഞപ്പോള്‍ എനിക്കൊരു കോള്‍ വന്നു ‘ഞാന്‍ മമ്മൂട്ടിയാണ്’, ഇതുകേട്ട് ഉടനെ ഞാനും പറഞ്ഞു’ ഞാന്‍ മോഹന്‍ലാലാണ് ‘ പെട്ടെന്ന് മമ്മൂക്ക ഫോണ്‍ കട്ട് ചെയ്തു. അപ്പോള്‍ സുധീര്‍ പറഞ്ഞു തമാശയല്ല മമ്മൂക്ക സ്റ്റുഡിയോയില്‍ വന്നിരിപ്പുണ്ട്. കളി കാര്യമായെന്ന് എനിക്ക് മനസിലായി. ഞാന്‍ അദ്ദേഹത്തിന്റെ അടുക്കലെത്തി. അമ്പരപ്പോടെ നില്ക്കുന്ന എന്നോട് മമ്മൂക്ക ഇരിക്കാന്‍ പറഞ്ഞു. ഞാന്‍ ചെയ്ത ഓരോ പ്രോഗ്രാമിനെ കുറിച്ചും ചര്‍ച്ച ചെയ്തു. ഒരു പക്ഷെ അദ്ദേഹത്തെ പോലെ എല്ലാ പ്രോഗ്രാമുകളും കാണുന്ന അപ്ഡേറ്റായ ഒരു താരത്തെ ഞാന്‍ കണ്ടിട്ടില്ല. അന്ന് അദ്ദേഹം എന്റെ തിരുവനന്തപുരം സ്ലാങിനെ കുറിച്ച് സംസാരിക്കുകയും അത് ഒരു സിനിമയില്‍ കൊണ്ട് വരാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ആദ്യം പറഞ്ഞ ആ സിനിമ മാറിപ്പോയെങ്കിലും പിന്നീട് അത് സംഭവിച്ചത് രാജമാണിക്യത്തിലൂടെയാണ്.
മമ്മൂക്കയ്ക്ക് എന്നെ ഒരു ഡയറക്ടര്‍ ആയി കാണാനായിരുന്നു താല്പര്യം. എന്നെ ഷാഫിയുടെ അസിസ്റ്റന്റ് ആകാം എന്ന് അദ്ദേഹം പറഞ്ഞു. എന്റെ അഭിനയമോഹത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ അടുത്ത സിനിമയായ ബസ്കണ്ടക്ടറില്‍ എനിക്കും ഒരു വേഷം തന്നു. പിന്നീട് പല സിനിമകളിലേയ്ക്കും ശുപാര്‍ശ ചെയ്തു. ഒരര്‍ത്ഥത്തില്‍ സിനിമയിലെ എന്റെ ഗോഡ് ഫാദറാണ് മമ്മൂക്ക.
തിരുവനന്തപുരത്ത് നല്ല മട്ടന്‍ കിട്ടുന്ന ഒരു ഹോട്ടലുണ്ട്. അവിടെ എന്റെ സുഹൃത്തിനെ പറഞ്ഞു വിടുമായിരുന്നു. എന്നിട്ട് അവന്റെ ഫോണില്‍ ഞാന്‍ വിളിക്കും അതും മമ്മൂക്കയുടെ ശബ്ദത്തില്‍. എന്നിട്ട് കടമുതലാളിക്ക് ഫോണ്‍ കൊടുക്കും. മട്ടന്‍ ആവശ്യപ്പെടും. അഞ്ചു മട്ടന്‍ പകരം പത്തു മട്ടന്വരെ മുതലാളി കൊടുത്തുവിടും. അതും കൊഴുപ്പൊന്നുമില്ലാത്ത നല്ല അസ്സല് സാധനം. തിരുവനന്തപുരത്തുള്ളപ്പോഴൊക്കെ ഞാന്‍ ഈ പരിപാടി തുടര്‍ന്നുകൊണ്ടേയിരുന്നു.
ഒരു ദിവസം മമ്മൂക്ക തിരുവനന്തപുരത്ത് ഷൂട്ടിനെത്തി. ലൊക്കേഷനില്‍ മമ്മൂക്കയുടെ അടുത്തേക്ക് നമ്മുടെ കട മുതലാളിയും ഫാമിലിയും ചെന്നു. വളരെ പരിചയത്തോടെ അയാള്‍ മമ്മൂക്കയോട് സംസാരിച്ചു. ‘ഞാനാണ് ഇവിടെ വരുമ്പോള്‍ മട്ടന്‍ കൊണ്ട് തരുന്നത്, മമ്മൂക്കയുടെ കൂടെ ഒരു ഫോട്ടോ എടുക്കണം’ എന്നൊക്കെ. ഇതുകേട്ട് മമ്മൂക്ക ‘ഏതു മട്ടന്‍’ എന്ന് പറഞ്ഞ് ദേഷ്യപ്പെട്ടു. അവരെ അവിടുന്ന് പറഞ്ഞുവിടാന്‍ പറഞ്ഞു. അവര്‍ നിരാശയോടെ മടങ്ങി.
ഈ സംഭവങ്ങളൊന്നും അറിയാതെ ഞാന്‍ പതിവുപോലെ ഒരാളെ ആ കടയിലേയ്ക്ക് മട്ടന്‍ വാങ്ങിക്കാന്‍ വിടുന്നു. എന്റെ ആവശ്യം കേട്ടയുടനെ അത് കൊടുത്തുവിടാമെന്ന് അദ്ദേഹം പറയുകയും ചെയ്തു. മട്ടന്‍ വന്നു. തുറന്നുനോക്കിയപ്പോള്‍ നിറയെ കൊഴുപ്പും എല്ലുകളും മാത്രം. സംശയം തോന്നിയ ഞാന്‍ മുതലാളിയെ വിളിച്ചു. എന്നിട്ട് മമ്മൂക്കയുടെ ശബ്ദത്തില്‍ ചോദിച്ചു ‘ഇത് കംപ്ലീറ്റ് കൊഴുപ്പാണല്ലോ? ഉടനെ അയാളുടെ മറുപടിയും വന്നു. ‘മമ്മൂക്കയ്ക്കും കൊഴുപ്പ് കൊറച് കൂടുതല്‍ ആണല്ലോ. ഞാന്‍ ഒരു ഫോട്ടോ എടുക്കാന്‍ വന്നപ്പോ സമ്മതിച്ചില്ലല്ലോ. ആ കൊഴുപ്പ് ഞാനും കാണിക്കും.’ അതിനുശേഷം ഞാന്‍ അയാളോട് സത്യാവസ്ഥ ബോധ്യപ്പെടുത്തി. മമ്മുക്കയോടും ഞാന്‍ ഈ സംഭവം പറഞ്ഞിട്ടുണ്ട്.
‘നീ എന്നെ വിറ്റു ജീവിക്കയല്ലേടാ, നീ ജീവിച്ചോ’ എന്ന മറുപടിയായിരുന്നു മമ്മൂക്കയുടെ ഭാഗത്തു നിന്ന് ഉണ്ടായത്.
കാന്‍ ചാനലിന് നല്കിയ എസ്ക്ലൂസിവ് ഇന്റര്‍വ്യൂവിലായിരുന്നു സൂരജ് വെഞ്ഞാറന്മൂട് ഈ സംഭവം വെളിപ്പെടുത്തിയത്. അദ്ദേഹവുമായുള്ള അഭിമുഖം കാണാന്‍ സന്ദര്‍ശിക്കാം.
Recent Comments