മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രമാണ് ലൂസിഫര്‍. മലയാളത്തില്‍ ആദ്യമായി 200 കോടി ക്ലബ്ബിലെത്തിയ ചിത്രം കൂടിയാണിത്.
നിലവില്‍ ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് ഒരുങ്ങുകയാണ്. ചിരഞ്ജീവി നായകനാകുന്ന ചിത്രത്തിന്റെ ടൈറ്റില്‍ കഴിഞ്ഞ ദിവസങ്ങളിലാണ് പുറത്ത് വിട്ടത്. ഗോഡ്ഫാദര് എന്നാണ് പേരിട്ടിരിക്കുന്നത്. ഗോഡ്ഫാദറുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ഓരോ ദിവസവും സാമൂഹിക മാധ്യമങ്ങളില്‍ ഇടംപിടിക്കുകയാണ്. എന്നാല്‍ ചിത്രത്തെ കുറിച്ച് ഒരു സുപ്രധാന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് നടന് ബിജു മേനോന്.
‘മലയാളത്തില്‍ വിവേക് ഒബ് റോയ് ചെയ്ത ബോബി എന്ന വില്ലന്‍ കഥാപാത്രത്തെ തെലുങ്കില്‍ അവതരിപ്പിക്കുന്നത് ഞാനാണ്. ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നുകഴിഞ്ഞു. ചിരഞ്ജീവിയുടെ ഷെഡ്യൂളിനനുസരിച്ച് ഷൂട്ടിംഗ് തീയതികള്‍ ഉടനെ പ്രഖ്യാപിക്കും.’ കാന്‍ ചാനലിന് നല്കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ ഈ വെളിപ്പെടുത്തല്‍.
മോഹന്‍രാജയാണ് ഗോഡ്ഫാദറിന്റെ സംവിധായകന്. ചിരഞ്ജീവിയുടെ പ്രൊഡക്ഷന്‍ കമ്പനിയായ കൊഡിനേല പ്രൊഡക്ഷന്‍സും സൂപ്പര്ഗൂഡ് ഫിലിംസും ചേര്‍ന്നാണ് ഈ ബ്രഹ്മാണ്ഡ ചിത്രം നിര്‍മ്മിക്കുന്നത്. നയന്‍താരയും ചിത്രത്തിലെ ഒരു പ്രധാന വേഷത്തിലെത്തുന്നു.
ബിജുമേനോന്റെ മൂന്നാമത്തെ തെലുങ്ക് ചിത്രമാണ് ഗോഡ്ഫാദര്. കതര്നാഗും രണവുമായിരുന്നു മറ്റു രണ്ട് ചിത്രങ്ങള്‍.
Recent Comments