പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവും പാചക വിദഗ്ധനുമായ എം.വി. നൗഷാദ് അന്തരിച്ചു. ഇന്ന് രാവിലെയായിരുന്നു അന്ത്യം. ദീര്‍ഘകാലമായി അസുഖബാധിതനായി കിടപ്പിലായിരുന്നു. 55 വയസ്സുണ്ടായിരുന്നു.
രണ്ടാഴ്ച മുമ്പ് ഭാര്യ ഷീബയുടെ മൃതദേഹം നൗഷാദിനെ കൊണ്ട് കാണിക്കുമ്പോള്‍ അദ്ദേഹം തിരുവല്ല ബിലീവേഴ്സ് ചര്‍ച്ച് ഹോസ്പിറ്റലിലെ ഐ.സി.യുവിലായിരുന്നു. ആ കിടക്കയില്‍ കിടന്നുകൊണ്ട് അവസാനമായി തന്റെ പ്രിയതമയെ അദ്ദേഹം ഒരു നോക്കു കണ്ടു. ആ കണ്ണുകള്‍ ഈറനണിഞ്ഞു. നൗഷാദിന് അത്രയേറെ പ്രിയപ്പെട്ടവളായിരുന്നു ഷീബ. ഷീബയുടെ വിയോഗം നൗഷാദിനെ വല്ലാതെ തളര്‍ത്തിയിരുന്നു. ഭാര്യ പോയി ഒരാഴ്ച കഴിഞ്ഞപ്പോള്‍ രോഗം മൂര്‍ച്ഛിച്ചു. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം വെന്റിലേറ്ററിലേയ്ക്ക് മാറ്റി. ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു മരണം സ്ഥിരീകരികരിച്ചത്.
സിനിമയോടുള്ള ഇഷ്ടമാണ് അദ്ദേഹത്തെ നിര്‍മ്മാതാവാക്കിയത്. നാട്ടുകാരന് കൂടിയായ ബ്ലെസിയുടെ ആദ്യ സംവിധാനസംരംഭം കാഴ്ചയുടെ നിര്‍മ്മാണ പങ്കാളിയായിട്ടായിരുന്നു തുടക്കം. പിന്നീട് ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടര്‍, വര്‍ഗ്ഗം, ലയണ്‍, സ്പാനിഷ് മസാല തുടങ്ങിയ സിനിമകളുടെയും നിര്‍മ്മാണ പങ്കാളിയായി. മികച്ചൊരു പാചകവിദഗ്ധന്‍ കൂടിയാണ്. തിരുവല്ലയിലും എറണാകുളത്തുമടക്കം ഹോട്ടലുകളും കാറ്ററിംഗ് സര്‍വ്വീസും അദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ രുചിവൈഭവമറിയാത്ത സിനിമാപ്രവര്‍ത്തകര്‍ ചുരുക്കമാണ്. സിനിമയില്‍നിന്ന് സാമ്പത്തിക നഷ്ടമുണ്ടായപ്പോഴും അദ്ദേഹത്തെ പിടിച്ചുനിര്‍ത്തിയത് ഹോട്ടല്‍ വ്യവസായമായിരുന്നു. എന്നിട്ടും അവസാന നാളുകളില്‍ അദ്ദേഹം കടുത്ത സാമ്പത്തിക പരാധീനതകള്‍ നേരിട്ടിരുന്നു.
അമിത വണ്ണത്തിന് ചികിത്സ തേടി പോയത് മുതല്ക്കാണ് നൗഷാദിനെ ദൗര്‍ഭാഗ്യങ്ങള്‍ വിടാതെ പിന്തുടരാന് തുടങ്ങിയത്. ആ ചികിത്സ പരാജയമായിരുന്നതിന് പിന്നാലെ മുട്ടിന് നീര് വരാന്‍ തുടങ്ങി. വെല്ലൂരിലായിരുന്നു അതിന് ചികിത്സതേടി പോയത്. ആരോഗ്യസ്ഥിതി മുമ്പത്തേക്കാളും മോശമാകാന്‍ തുടങ്ങി. കുറേക്കാലം ചികിത്സാര്‍ത്ഥം ആസ്റ്റര്‍ മെഡിസിറ്റിയിലുണ്ടായിരുന്നു. ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറിക്കടക്കം അദ്ദേഹം വിധേയനായി. കടുത്ത സാമ്പത്തിക പരാധീനതകള്‍ മൂലം അവിടുത്ത ഭീമമായ ബില്ലുപോലും കെട്ടാന്‍ അദ്ദേഹത്തിനായില്ല. അന്ന് നൗഷാദിനെ സഹായിക്കാനെത്തിയത് നിര്‍മ്മാതാക്കളായ ആന്റോ ജോസഫും ബാദുഷയുമായിരുന്നു. തുടര്‍ന്നാണ് അദ്ദേഹം സ്വദേശമായ തിരുവല്ലയിലെ ബിലീവേഴ്സ് ഹോസ്പിറ്റലില്‍ അഡ്മിറ്റാവുന്നത്. ചികിത്സയിലായിരിക്കുന്ന സമയത്താണ് ഭാര്യയുടെ വിയോഗം. പതിമൂന്ന് വയസ്സുള്ള ഒരു മകള്‍ ഇവര്‍ക്കുണ്ട്, നസ്വ നൗഷാദ്.
Recent Comments