‘പൊന്നിയിന്‍ സെല്‍വനി’ല്‍ വിക്രമിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ബാബു ആന്റണി. അനില്‍ ബാബുവിന്റെ സംവിധാനത്തില്‍ 1995 ല്‍ പുറത്തിറങ്ങിയ മലയാളചിത്രം ‘സ്ട്രീറ്റി’ലാണ് ഇരുവരും ഇതിനുമുന്‍പ് ഒരുമിച്ച് അഭിനയിച്ചത്. 26 വര്‍ഷത്തിനുശേഷമാണ് ഇരുവരും ഒരുമിക്കുന്നത്.
‘വിക്രത്തിനൊപ്പം ഒരിക്കല്‍ക്കൂടി അഭിനയിക്കാന്‍ സാധിച്ചതില്‍ ഏറെ സന്തോഷം. സ്ട്രീറ്റ് എന്ന സിനിമയിലാണ് ഇതിനുമുന്‍പ് ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചത്. കഥാപാത്രങ്ങളുടെ വേഷവിധാനങ്ങളിലായതിനാല് പൊന്നിയിന്‍ സെല്‍വന്റെ ലൊക്കേഷനില്‍ ഞങ്ങള്‍ക്ക് ചിത്രങ്ങള്‍ എടുക്കാന്‍ കഴിയില്ല. പക്ഷേ ഒരുമിച്ച് ഒരു ചിത്രം എടുക്കേണ്ട കാര്യം പറഞ്ഞപ്പോള്‍ അദ്ദേഹം എന്റെ മുറിയിലേക്ക് വന്നു. ഒരുപാട് ഓര്‍മ്മകള്‍ പങ്കുവച്ചു. എന്റെ മക്കളെക്കുറിച്ചും ഭാര്യയെക്കുറിച്ചും അദ്ദേഹം അന്വേഷിച്ചു. അദ്ദേഹം ആ പഴയ വിക്രം തന്നെ, വിനയവും മര്യാദയുമുള്ള ആള്.’ വിക്രമിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ബാബു ആന്റണി തന്റെ ഫെയ്സ് ബുക്കില്‍ കുറിച്ചു.
ചിത്രത്തിലെ സഹതാരങ്ങളായ റഹ്മാനും ഐശ്വര്യ ലക്ഷ്മിക്കുമൊപ്പമുള്ള ചിത്രങ്ങളും താരം നേരത്തെ പങ്കുവെച്ചിരുന്നു.
ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും കാത്തിരിപ്പ് ഉണര്ത്തിയിരിക്കുന്ന പ്രോജക്റ്റുകളില്‍ ഒന്നാണ് മണി രത്നത്തിന്റെ ‘പൊന്നിയിന്‍ സെല്വന്’. വിക്രം, ഐശ്വര്യ റായ്, പ്രകാശ് രാജ്, കാര്‍ത്തി, ജയം രവി തുടങ്ങിയവര്‍ക്കൊപ്പം മലയാളത്തില്‍ നിന്ന് ജയറാം, ലാല്‍, ഐശ്വര്യ ലക്ഷ്മി, റിയാസ് ഖാന്, റഹ്മാന്, ബാബു ആന്റണി തുടങ്ങിയവരും താരനിരയിലുണ്ട്.
കല്കി കൃഷ്ണമൂര്‍ത്തിയുടെ അതേ പേരിലുള്ള നോവലിനെ ആസ്പദമാക്കി മണിരത്നം തിരകഥ ഒരുക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് പൊന്നിയിന്‍ സെല്വന്. ഹിസ്റ്റോറിക്കല്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ ‘ആദിത്യ കരികാലന്’ എന്ന കഥാപാത്രത്തെയാണ് വിക്രം അവതരിപ്പിക്കുന്നത്. ബാബു ആന്റണി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് പുറത്ത് വിട്ടിട്ടില്ല. മണിരത്നത്തിന്റെ മദ്രാസ് ടാക്കീസും ലൈക പ്രൊഡക്ഷന്‍സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം രണ്ടു ഭാഗങ്ങളിലായാണ് തിയറ്ററുകളില്‍ എത്തുക. ആദ്യഭാഗം അടുത്ത വര്‍ഷം എത്തിക്കാനാണ് പദ്ധതി.
ഒമര്‍ ലുലുവിന്റെ ‘പവര്‍ സ്റ്റാര്‍’ ആണ് ബാബു ആന്റണിയുടേതായി പ്രഖ്യാപിക്കപ്പെട്ട മറ്റൊരു പ്രോജക്റ്റ്. അന്തരിച്ച തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ് ആണ് ഈ ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.
Recent Comments