മേരി ആവാസ് സുനോ, എന്റെ പുതിയ ചിത്രത്തിന്റെ പേരാണ്. ഒരു റേഡിയോ റിലേറ്റഡ് സബ്ജക്ടാണ് അത് പറയുന്നത്. റേഡിയോ, അതെനിക്കെന്നും ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഓര്‍മ്മകളാണ്. എന്റെ മുത്തച്ഛന് ഒരു പട്ടാളക്കാരനായിരുന്നു. പട്ടാളക്കാരുടെ ദൗര്ബല്യമായിരുന്നല്ലോ റേഡിയോ. എന്റെ മുത്തച്ഛനും ഒരു റേഡിയോ ഉണ്ടായിരുന്നു. റേഡിയോ തലയിണയോട് ചേര്‍ത്തുവച്ചാണ് അദ്ദേഹം ഉറങ്ങിയിരുന്നത്. എല്ലാ ദിവസവും അതിരാവിലെ മുത്തച്ഛന് എഴുന്നേല്ക്കുന്നതും സിലോണ്‍ സ്റ്റേഷന് ട്യൂണ്‍ ചെയ്ത് കേള്‍ക്കുന്നതും പതിവ് കാഴ്ചകളായിരുന്നു. റേഡിയോടും ആകാശവാണിയോടുമുള്ള എന്റെ ഇഷ്ടം അങ്ങനെ തുടങ്ങുന്നതാണ്. ആകാശവാണിയിലൂടെ എന്റെ ശബ്ദം കേള്‍ക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. നാട്ടില്‍ ഞങ്ങള്‍ക്കൊരു ക്ലബ്ബുണ്ട്. കാവ്യശ്രീ എന്നാണ് അതിന്റെ പേര്. ക്ലബ്ബിന്റെ പേരില്‍ ബാലലോകം അപ്പൂപ്പന് നിരന്തരമായി കത്തുകള്‍ എഴുതുമായിരുന്നു. ഒടുവില്‍ ബാലലോകം പരിപാടിയില്‍ നാടകവും കഥാപ്രസംഗവും അവതരിപ്പിക്കാന്‍ അവസരം ലഭിച്ചു. അവിടംകൊണ്ടും എന്റെ ആഗ്രഹങ്ങള്‍ അവസാനിച്ചില്ല. മുതിര്‍ന്ന ശേഷവും ആകാശവാണിയില്‍ ഡ്രാമ ഓഡിഷനുവേണ്ടി അപേക്ഷിച്ചു. പല തവണ നിരസ്സിക്കപ്പെട്ടെങ്കിലും ഒടുവില്‍ ഞാന്‍ സെലക്ട് ചെയ്യപ്പെട്ടു. രാജാ രവിവര്‍മ്മയെക്കുറിച്ചുള്ള ഒരു പരിപാടി അവതരിപ്പിച്ചുകൊണ്ടായിരുന്നു തുടക്കം. ഔദ്യോഗികമായി എന്റെ ശബ്ദം ആദ്യമായി കേട്ടതും ആകാശവാണിയിലൂടെയാണ്.
അങ്ങനെയൊരു റേഡിയോ റിലേറ്റഡ് സബ്ജക്ടാണ് ഞാനിപ്പോള്‍ ചെയ്യുന്നത്. എനിക്ക് ചിലത് പറയാനുണ്ട്, നിങ്ങളത് കേള്‍ക്കൂ എന്നാണ് ഞാനീ കഥയിലൂടെ പറയാന്‍ ആഗ്രഹിക്കുന്നത്. പഴയ ആകാശവാണിയുടെ പശ്ചാത്തലമല്ല. പുതിയ കാലഘട്ടത്തിലെ റേഡിയോ സ്റ്റേഷനാണ്. അങ്ങനെയൊരു എഫ്.എം. റേഡിയോസ്റ്റേഷനിലെ ആര്.ജെ.യാണ് ശങ്കര്‍. ശങ്കറിനെ അവതരിപ്പിക്കുന്നത് ജയസൂര്യയാണ്. ചില ആത്മകഥാംശങ്ങളൊക്കെ കടന്നുവരാമെങ്കിലും പൂര്‍ണ്ണമായും ആ കഥാപാത്രം ഞാനല്ല. പക്ഷേ അങ്ങനെയൊരാള്‍ ജീവിച്ചിരിപ്പുണ്ട്. മഞ്ജുവാര്യര്‍ അവതരിപ്പിക്കുന്നത് ഡോ. രശ്മി പാടത്ത് എന്ന സാമൂഹ്യപ്രവര്‍ത്തകയുടെ റോളാണ്. ജയനും മഞ്ജുവും അസാധാരണമായൊരു കോംബോയാണ്. അവരുടെ സ്കൂളും വ്യത്യസ്തമാണ്. അവരില്‍നിന്നുള്ള അനുഭവങ്ങളും ഏറെയായിരുന്നു.
ഞാനും മഞ്ജുവും ഏതാണ്ട് ഒരേ കാലഘട്ടത്തില്‍ സ്കൂള്‍ജീവിതം നയിച്ചവരാണ്. കലോത്സവവേദികളില്‍ മഞ്ജു സംസ്ഥാനതലംവരെ എത്തിയപ്പോള്‍ ഞാനൊക്കെ ജില്ലാതലംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. പിന്നീട് മഞ്ജു സിനിമയിലെത്തി. അവരുടെകൂടി സിനിമകള്‍ കണ്ടുകൊണ്ടാണ് ഞാന്‍ വളര്‍ന്നത്. അങ്ങനെയുള്ള ഒരു അസാമാന്യ അഭിനേത്രി എന്റെ കഥ കേള്‍ക്കുകയും അത് ഇഷ്ടപ്പെടുകയും ചെയ്തത് എന്നെ സംബന്ധിച്ചിടത്തോളം ആകാംക്ഷ ഉണ്ടാക്കിയ കാര്യങ്ങളാണ്. അഭിനയിക്കാനെത്തുമ്പോഴാണ് അവരുടെ മാഹാത്മ്യം കൂടുതലായി അറിയുന്നത്. ഒരു താരജാഡയുമില്ല. നമ്മുടെ മനസ്സിനൊപ്പം നിന്ന് പ്രവര്‍ത്തിക്കുകയാണ്. സിങ്ക്സൗണ്ടിലാണ് ഈ ചിത്രം പൂര്‍ണ്ണമായും ചിത്രീകരിച്ചിരിക്കുന്നത്. സിങ്ക് സൗണ്ടിനുവേണ്ടി തന്റെ ശബ്ദത്തെ ഇത്രയേറെ കയ്യടക്കത്തോടെ ഉപയോഗിച്ച മറ്റൊരു മഞ്ജുചിത്രവും വേറെ ഉണ്ടാവില്ലെന്ന് ഞാന്‍ കരുതുന്നു.
എടുത്തു പറയേണ്ട മറ്റൊരു പേര് നിര്‍മ്മാതാവ് രാകേഷിന്റേതാണ്. ഞാന്‍ ഇതുവരെ ചെയ്ത സിനിമകളുടെ നിര്മ്മാതാക്കളില്നിന്നൊക്കെ അദ്ദേഹം വ്യത്യസ്തനാണ്. വറുതികള്‍ക്കിടയിലും സിനിമയുടെ ആവശ്യങ്ങളറിഞ്ഞ് അദ്ദേഹം ഒപ്പം നിന്നു. നിര്മ്മാതാവിനുമപ്പുറം സഹോദരനെപ്പോലെയായിരുന്നു. അദ്ദേഹത്തിന്റെ നന്മയും ഈ സിനിമയുടെ ഒരു വിജയഘടകമാകും.
ഡിസംബറില്‍ സിനിമ തീയേറ്ററില്‍ പ്രദര്‍ശിപ്പിക്കാനാണ് ഇപ്പോള്‍ ആഗ്രഹിക്കുന്നത്. അപ്പോഴത്തെ സാഹചര്യമെന്താണെന്ന് അറിയില്ല. ആത്യന്തികമായി അത് തീരുമാനിക്കേണ്ടത് നിര്‍മ്മാതാവ് തന്നെയാണ്.
ജയനേയും മഞ്ജുവിനേയും കൂടാതെ ശിവദയും ഇതിലൊരു പ്രധാന വേഷം ചെയ്തിട്ടുണ്ട്. ആറ് സംവിധായകര്‍ അഭിനയിക്കുന്നുവെന്ന പ്രത്യേകതയും ഈ സിനിമയ്ക്ക് അവകാശപ്പെടാം. ശ്യാമപ്രസാദും ഷാജി കൈലാസും സോഹന്‍ സീനുലാലും ജോണി ആന്റണിയും എ.എം. നസീറും ഗൗതമി നായരുമാണ് ആ സംവിധായകര്‍. മേരി ആവാസ് സുനോയുടെ തിരക്കഥാകൃത്തും സംവിധായകനുമായ ജി. പ്രജേഷ് സെന്‍ പറഞ്ഞുനിര്‍ത്തി.
Recent Comments