കൃതി സനോന്‍, പങ്കജ് ത്രിപാഠി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലക്ഷ്മണ് ഉഠേക്കര്‍ സംവിധാനം ചെയ്ത ബോളിവുഡ് ചിത്രമാണ് മിമി.
2021 ജൂലൈയില്‍ റിലീസ് ചെയ്ത ‘മിമി’ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇപ്പോഴിതാ മലയാളം ഉള്‍പ്പെടെയുള്ള സൗത്ത് ഇന്ത്യന്‍ ഭാഷകളിലേക്ക് ഈ സിനിമ റീമേക്ക് ചെയ്യുകയാണ്. തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളിലേക്കും റീമേക്ക് ചെയ്യാനുള്ള ഒരുക്കങ്ങളും ആരംഭിച്ചു.
അമേരിക്കന്‍ ദമ്പതികളായ ജോണിനും സമ്മറിനും കുട്ടികള്‍ ജനിക്കില്ലെന്ന് വൈദ്യശാസ്ത്രം നേരത്തെ വിധി എഴുതിയിരുന്നു. എന്നാല്‍ ഒരു കുഞ്ഞ് വേണമെന്നുള്ള അതിയായ ആഗ്രഹം അവര്‍ക്കുണ്ടായിരുന്നു. ആ ഒരു ലക്ഷ്യത്തോടെയാണ് അവര്‍ ഇന്ത്യ സന്ദര്‍ശിക്കുന്നത്. അവിടെവെച്ച് ഏജന്റ് മുഖേന ഗര്‍ഭപാത്രം വാടകയ്ക്ക് നല്കുന്ന ഒരു സ്ത്രീയെ അന്വേഷിച്ചിറങ്ങുന്നു. അവരുടെ ആ അന്വേഷണം ചെന്നെത്തുന്നത് കൃതി സനോന്‍ അവതരിപ്പിക്കുന്ന മിമി എന്ന കഥാപാത്രത്തിന് മുമ്പിലാണ്. നടി ആകണമെന്ന് അതിയായ ആഗ്രഹമുള്ള മിമിക്ക് തന്റെ ആഗ്രഹപൂര്‍ത്തീകരണത്തിന് പണം വേണമെന്നിരിക്കെ ദമ്പതികള്‍ മുമ്പോട്ട് വച്ച 20 ലക്ഷത്തിന്റെ കരാര്‍ നിരസിക്കാനായില്ല. തുടര്‍ന്ന് ഐവിഎഫിലൂടെ മിമി ഗര്‍ഭം ധരിക്കുകയും ശേഷം ഉണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
കീര്‍ത്തി സുരേഷിനെ ഈ മൂന്ന് ഭാഷാചിത്രങ്ങളിലെയും നായികയാക്കാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങളിലാണ് നിര്‍മ്മാതാക്കള്‍. താരവുമായി അവര്‍ സംസാരിച്ചു വരികയാണ്.
നിലവില്‍ ചിരഞ്ജീവിയുടെ ‘ഭോലാ ശങ്കര്‍’ എന്ന ചിത്രത്തിലെ നായികയാണ് കീര്‍ത്തി. കൂടാതെ ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’, രജനിയുടെ ‘അണ്ണാത്തെ ‘, ‘സാനി കായിധം’ തുടങ്ങിയവ കീര്‍ത്തിയുടെ പുറത്തിറങ്ങാനുള്ള ചിത്രങ്ങളാണ്.
Recent Comments