രാംചരണിനെ നായകനാക്കി ഷങ്കര്‍ സംവിധാനം ചെയ്യാനിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഹൈദരാബാദില്‍ തുടങ്ങാനിരിക്കെ സിനിമയുടെ കഥ മോഷ്ടിച്ചതാണെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് സെല്ലമുത്തു. കാര്‍ത്തിക് സുബ്ബരാജിന്റെ ജഗമേ തന്തിരം എന്ന ചിത്രത്തില്‍ അസോസിയേറ്റായി പ്രവര്‍ത്തിച്ച ആളാണ് സെല്ലമുത്തു.
സംവിധായകന് കാര്‍ത്തിക് സുബ്ബരാജിനുവേണ്ടി താന്‍ എഴുതിയ തിരക്കഥ ഷങ്കര്‍ കൈക്കലാക്കുകയായിരുന്നുവെന്നാണ് സൗത്ത് ഇന്ത്യന്‍ ഫിലിം റൈറ്റേഴ്സ് അസോസിയേഷനില്‍ നല്കിയ പരാതിയില്‍ സെല്ലമുത്തു പറഞ്ഞിരിക്കുന്നത്. അസോസിയേഷന് പരാതി പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. രണ്ടുപേര്‍ക്കും പറയാനുള്ള കാര്യങ്ങള്‍ പൂര്‍ണ്ണമായും കേട്ടതിനുശേഷമായിരിക്കും ഇക്കാര്യത്തില്‍ അസോസിയേഷന് അന്തിമ തീരുമാനം എടുക്കുക.
ഇതിനുമുമ്പും ശങ്കറിനെതിരെ കഥാമോഷണ പരാതി ഉയര്‍ന്നിട്ടുണ്ട്. 2010 ല്‍ ആരൂര്‍ തമിഴ് നാടന്‍ എന്ന എഴുത്തുകാരനാണ് ഷങ്കറിനെതിരെ കോടതി കയറിയത്. ‘ഇനിയ ഉദയം’ എന്ന മാഗസിനില്‍ താന്‍ എഴുതിയ ജൂഗിബ എന്ന നോവലിന്റെ മോഷണമാണ് യന്തിരന് എന്നായിരുന്നു ആരൂരിന്റെ പരാതി. ഇതിനെതിരെ ഷങ്കര്‍ സുപ്രീംകോടതിവരെ പോയെങ്കിലും അനുകൂലമായ വിധി ഇനിയും നേടാനായിട്ടില്ല. ഇതിനിടയിലാണ് പുതിയ കഥാമോഷണ പരാതി എത്തിയിരിക്കുന്നത്. ഷങ്കറിന്റെ കരിയറിലിത് ബ്ലാക് മാര്‍ക്ക് വരുത്തുമെന്നുറപ്പാണ്.
Recent Comments