‘തല’ അജിത്തിന് കാറുകളോടും ബൈക്കുകളോടുമുള്ള താല്പര്യം പ്രസിദ്ധമാണ്. ഫോര്‍മുല-3 ഗണത്തിലുള്ള കാറോട്ട മത്സരങ്ങളിലും ബൈക്ക് സ്റ്റണ്ടിംഗുകളിലും ഒക്കെ പങ്കെടുക്കുന്ന താരത്തിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാണ്.
‘വലിമൈ’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായി റഷ്യയിലെത്തിയതായിരുന്നു അജിത്. ദിവസങ്ങളോളം എടുത്താണ് റഷ്യയിലെ തീവ്രമായ ആക്ഷന്‍ സീക്വന്‍സുകള്‍ താരം പൂര്‍ത്തികരിച്ചത്. ഇന്ത്യയിലേക്ക് തിരികെ വരുംമുമ്പ് റഷ്യയിലുടനീളം ബൈക്കില്‍ സാഹസികയാത്രയ്ക്ക് പുറപ്പെട്ടിരിക്കുകയാണ് താരം. ബിഎംഡബ്ല്യു ആര് 1250 ജിഎസിലാണ് താരത്തിന്റെ റഷ്യയിലെ സഞ്ചാരം. 5000 കിലോമീറ്റര്‍ ബൈക്കില്‍ പര്യടനം നടത്താനാണ് അജിത് ലക്ഷ്യമിട്ടിരിക്കുന്നത്.
ഇതിനുമുമ്പ് ഇന്ത്യയില്‍ നടന്ന വലിമൈയുടെ ഷൂട്ടിംഗ് ഇടവേളയില്‍ അജിത് രാജ്യത്തിന്റെ വടക്കു കിഴക്കന്‍ പ്രവിശ്യയിലേക്ക് 10,800 കിലോമീറ്ററിലധികം ദൂരം ബൈക്കില്‍ സഞ്ചരിച്ചിരുന്നു. നിലവില്‍ മറ്റ് താരങ്ങളുടെ ഭാഗങ്ങള്‍ ചിത്രീകരിക്കാന്‍ ഷൂട്ടിംഗ് ക്രൂ, റഷ്യയില്‍ തന്നെ തുടരുകയാണ്.
സീ സ്റ്റുഡീയോസും ബോണി കപൂറും ചേര്‍ന്ന് ബേവ്യൂ പ്രൊജക്റ്റ്സ് ലിമിറ്റഡിന്റെ കീഴില്‍ നിര്‍മ്മിക്കുന്ന ‘വലിമൈ’യുടെ സംവിധായകന് എച്ച്. വിനോദാണ്. അജിതിന് പുറമെ ഹുമ ഖുറേഷി, ഗുര്‍ബാനി, കാര്‍ത്തികേയ ഗുമ്മകൊണ്ട എന്നിവരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു. കഴിഞ്ഞ വര്‍ഷം ദീപാവലി സമയത്ത് ചിത്രം തീയേറ്ററുകളിലെത്തിക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും കോവിഡ് – 19 വൈറസ് പകര്‍ച്ചവ്യാധി ഷൂട്ടിംഗ് വൈകിപ്പിച്ചു. അടുത്ത റിലീസ് തീയതി സംബന്ധിച്ചുള്ള വിവരം അണിയറപ്രവര്‍ത്തകര്‍ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. വലിമൈ പ്രീ റിലീസ് ബിസിനസിലൂടെ 200 കോടിയിലേറെ നേടിയെന്നാണ് സൂചന.
Recent Comments