മിനിറ്റുകളേ ആകുന്നുള്ളൂ മോഹന്‍ലാല്‍ തന്റെ പുതിയ പ്രോജക്ട് അനൗണ്‍സ് ചെയ്തിട്ട്. ആശിവാദ് സിനിമാസിന്റെ പുതിയ ചിത്രം ഷാജി കൈലാസ് സംവിധാനം ചെയ്യുന്നു. രാജേഷ് ജയറാമാണ് തിരക്കഥാകൃത്ത്.
12 വര്‍ഷങ്ങളുടെ ഇടവേളയ്ക്കുശേഷമാണ് മോഹന്‍ലാലും ഷാജി കൈലാസും ഒരുമിക്കുന്നത്. റെഡ് ചില്ലീസിലാണ് ഇവര്‍ ഏറ്റവും ഒടുവിലായി ഒരുമിച്ചത്.
‘ലാലേട്ടന് ഫെയ്സ്ബുക്കില്‍ അത് എഴുതിയപ്പോഴാണ് സത്യത്തില്‍ അത്രയും വര്‍ഷങ്ങളുടെ വിടവ് ഞങ്ങള്‍ക്കിയില്‍ ഉണ്ടായതെന്നറിയുന്നത്. ശരിക്കും വിശ്വസിക്കാനാവുന്നില്ല. എത്ര പെട്ടെന്നാണ് വര്‍ഷങ്ങള്‍ കടന്നുപോകുന്നത്. പുതിയ പ്രോജക്ടിലേയ്ക്ക് എത്താനും കുറച്ചുദിവസങ്ങളേ വേണ്ടിവന്നുള്ളൂ.’ ഷാജി കൈലാസ് പറഞ്ഞു.
ആറാംതമ്പുരാനുവേണ്ടിയാണ് ഷാജിയും ലാലും ആദ്യമായി ഒരുമിക്കുന്നത്. രേവതി കലാമന്ദിറാണ് ഈ ചിത്രം നിര്‍മ്മിച്ചത്. ലാലിന്റെ അമാനുഷിക കഥാപാത്രങ്ങളുടെ ഗണത്തില്‍ ഏറ്റവും മുന്തിയ സ്ഥാനം അലങ്കരിക്കുന്നത് കണിമംഗലം ജഗന്നാഥന് തമ്പുരാനാണ്. തുടര്‍ന്ന് നരസിംഹം, താണ്ഡവം, നാട്ടുരാജാവ്, ബാബാ കല്യാണി, അലിഭായ്, റെഡ്ചില്ലീസ് തുടങ്ങിയ ചിത്രങ്ങളിലും ഇവര്‍ ഒന്നിച്ചു.
ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ഇവര്‍ ആദ്യം ഒരുമിക്കുന്ന ചിത്രം നരസിംഹമാണ്. അക്കാലത്തെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൊന്നാണ് നരസിംഹം. തുടര്‍ന്ന് ഇതേ ബാനറില്‍ നാട്ടുരാജാവ്, ബാബാ കല്യാണി, അലിഭായ് എന്നീ ചിത്രങ്ങളും ചെയ്തു.
Recent Comments