എണ്‍പതുകളിലും തൊണ്ണൂറുകളിലും മലയാള സിനിമയില്‍ നിറസാന്നിധ്യമായിരുന്നൂ കൃഷ്ണന്‍കുട്ടി നായര്‍. 1979-ല്‍ പുറത്തിറങ്ങിയ പി. പത്മരാജന്റെ ‘പെരുവഴിയമ്പല’ത്തിലൂടെ സിനിമയില്‍ പ്രവേശിച്ച കൃഷ്ണന്‍കുട്ടി നായര്‍ പ്രേക്ഷകമനസ്സില്‍ തങ്ങിനില്ക്കുന്ന നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.’ മഴവില്‍ക്കാവടി’യിലെ ബാര്‍ബറും ‘കാക്കോത്തിക്കാവി’ ലെ കാലന് മത്തായിയും’ പൊന്മുട്ടയിടുന്ന താറാവി’ലെ തട്ടാന്‍ ഗോപാലനും അതില്‍ ചിലതുമാത്രമാണ്.
അദ്ദേഹത്തിന്റെ പിന്‍ഗാമിയായി മകന് ശിവകുമാറും അഭിനേതാവായി സിനിമയില്‍ തന്റേതായ സ്ഥാനം നേടുകയാണ്. അച്ഛനെപ്പോലെ തന്നെ നാടക രംഗത്തു നിന്നാണ് ശിവകുമാറിന്റെയും സിനിമാ പ്രവേശം. താന്‍ അഭിനയിച്ച ‘മാറാട്ടം’ എന്ന നാടകത്തിന്റെ തന്നെ ചലച്ചിത്രാവിഷ്ക്കാരമായ , അരവിന്ദന് സംവിധാനം ചെയ്ത ‘മാറാട്ട’ത്തിലൂടെയാണ് ശിവകുമാര്‍ സിനിമയിലെത്തിത്. തുടര്‍ന്ന് ‘ഉട്ടോപ്യയിലെ രാജാവ്’, ‘ആമി’, ‘കൂടെ’ , ‘ഒറ്റാല്’, ‘ഒഴിമുറി’ തുടങ്ങിയ ഒട്ടേറെ സിനിമകളില്‍ വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാനും കഴിഞ്ഞു. ഇപ്പോഴിതാ പ്രശാന്ത് കാനത്തൂര്‍ സംവിധാനം ചെയ്യുന്ന സ്റ്റേഷന് 5 എന്ന ചിത്രത്തിലൂടെ വ്യത്യസ്തനായ ഒരു വില്ലന്‍ വേഷത്തില്‍ അഭിനയിച്ചതിന്റെ ത്രില്ലിലാണ് ശിവകുമാര്‍.
ഇന്ദ്രന്‍സാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ പുറത്തു വന്നിട്ടില്ല. ആദ്യമായിട്ടാണ് താന്‍ ഇത്തരം ഒരു കഥാപാത്രമായി അഭിനയിക്കുന്നതെന്ന് ശിവകുമാര്‍ പറഞ്ഞു.
‘അച്ഛനാണ് എനിക്കു പ്രചോദനം. എന്നാല്‍ അച്ഛന്റെ മേല്‍വിലാസം പറഞ്ഞ് ഞാന്‍ ഇന്നു വരെ അവസരങ്ങള്‍ക്കായി ആരെയും സമീപിച്ചിട്ടില്ല. അങ്ങനെ പാടില്ലെന്നും സ്വന്തം കഴിവു കൊണ്ട് വളരണം എന്നുമാണ് അച്ഛന് എന്നെ ഉപദേശിച്ചത്. ആ ഉപദേശം ഇന്നും ഞാന്‍ പിന്തുടരുന്നു. ഓരോ സിനിമയും അതിലെ കഥാപാത്രവും ഞാന്‍ ഒരു പാഠമായിട്ടാണ് കരുതുന്നത്. എന്നെ വിശ്വസിച്ച് എന്നിലെ കഴിവ് മനസ്സിലാക്കി സ്റ്റേഷന്- 5 ല്‍ വ്യത്യസ്തമായ ഒരു കഥാപാത്രം നല്കിയ പ്രശാന്തിന് നന്ദി.’ ശിവകുമാര്‍ പറഞ്ഞു.
സി.കെ. അജയ് കുമാര്‍
Recent Comments