മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക 15 നാഴിക
കഠിനാദ്ധ്വാനത്തിലൂടെ നഷ്ടപ്പെട്ടത് വീണ്ടെടുക്കും. ഭക്ഷണത്തിലെ അശ്രദ്ധ മൂലം അനാരോഗ്യത്തിന് സാധ്യത. മേലധികാരികളില്‍നിന്ന് നേട്ടമുണ്ടാകും. വാക്ക്മാധുര്യത്താല് ധനലാഭമുണ്ടാകും. സാമ്പത്തിക സാമൂഹിക രംഗങ്ങളില്‍ നേട്ടമുണ്ടാകും. ഗാര്‍ഹിക ജീവിതത്തില്‍ അസ്വാരസ്യങ്ങളുണ്ടാകാന് സാധ്യതയുണ്ട്. നിയമപ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടതായി വരും. യാത്രാവേളകളില്‍ മനോദുരിതങ്ങളും അപകടദുരിതങ്ങളും ഉണ്ടാകാനിടയാകും. വിദേശയാത്രകള്‍ക്ക് അപ്രതീക്ഷിതമായി അവസരങ്ങള്‍ വന്നുചേരുന്നതാണ്. ഭൂമിസംബന്ധമായ വ്യവഹാരങ്ങളിലേര്പ്പെടേണ്ടതായി വരും. പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാകും. ബിസിനസ്സ് സ്ഥാപനങ്ങളില്‍ അഗ്നിബാധ ഉണ്ടാകാനിടയാകും. വിവാഹാദി മംഗളകര്‍മ്മങ്ങള്‍ നടത്താനുള്ള അവസരം വന്നുചേരും.
കാലദോഷപരിഹാരമായി ദേശദേവാലയദര്ശനം, വിഷ്ണുസഹസ്രനാമജപം, പുരുഷസൂക്തജപം ഇവ പതിവായി ചെയ്യുന്നത് ഉത്തമമായിരിക്കും.
ഇടവക്കൂറ്: കാര്‍ത്തിക 45 നാഴിക, രോഹിണി, മകയിരം 30 നാഴിക
ഉന്നത വിദ്യാഭ്യാസത്തിനുള്ള പരിശ്രമങ്ങള്‍ സഫലീകരിക്കും. മനോനില തകരാറിലായവരുടെ അവസ്ഥ പരിതാപകരമാകുന്നതാണ്. ഇഷ്ടജനങ്ങളുടെ സന്തോഷത്തിനുവേണ്ടി സ്വന്തം കാര്യങ്ങള്‍ മാറ്റിവയ്ക്കേണ്ടതായി വരും. വ്യവഹാരങ്ങള്‍ക്ക് അനുകൂലസമയമാണ്. ഔദ്യോഗികരംഗത്ത് സ്ഥാനമാറ്റമുണ്ടാകും. പുതിയ അറിവ് സമ്പാദിക്കുന്നതിനും സത്കീര്‍ത്തി വര്‍ദ്ധിക്കുന്നതിനും യോഗം വന്നുചേരും. നഷ്ടപ്പെടുമെന്ന് കരുതിയ വസ്തുവകകള്‍ തിരികെ ലഭിക്കാനിടയാകും. രഹസ്യമായി നടത്തിവന്നിരുന്ന സാമ്പത്തിക ഇടപാടിലൂടെ നഷ്ടമുണ്ടാകും. സഹോദരബന്ധുത്വത്തില്നിന്നും മനോദുരിതങ്ങള്ക്കുള്ള സാഹചര്യം വന്നുചേരും. സന്താനങ്ങള്‍ക്കുവേണ്ടിയുള്ള പരിശ്രമങ്ങള്‍ക്ക് ഫലപ്രാപ്തിയുണ്ടാകും. തീരുമാനങ്ങള്‍ പലതും മാറ്റി പ്രവര്‍ത്തിക്കേണ്ടതായി വരും. വിവാഹത്തിന് പരിശ്രമിക്കുന്നവര്‍ക്ക് അനുകൂലസമയമാണ്.
ദോഷശമനത്തിനായി ശാസ്താക്ഷേത്രത്തില്‍ ശംഖാഭിഷേകം, നിരാജനം, ശംഖുപുഷ്പം കൊണ്ടുള്ള അര്‍ച്ചന ഇവ നടത്തിക്കൊള്ളണം.
മിഥുനക്കൂറ്: മകയിരം 30 നാഴിക തിരുവാതിര, പുണര്‍തം 45 നാഴിക
സേനാവിഭാഗത്തില്‍ ചേരുന്നതിന് അവസരം വന്നുചേരും. ആരോഗ്യപ്രശ്നങ്ങളാല്‍ കുടുംബജീവിതത്തില്‍ അസംതൃപ്തികള്‍ അനുഭവിക്കേണ്ടിവരും. ഉദരവ്യാധികള്‍ നിമിത്തം വിഷമിക്കേണ്ടതായി വരും. പുതിയ വീട് നിര്‍മ്മിക്കുന്നതിന് അവസരമുണ്ടാകും. സര്‍ക്കാരില്‍നിന്നും ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ വേഗത്തില്‍ വന്നുചേരാന്‍ വഴി തെളിഞ്ഞുകിട്ടും. രോഗദുരിതങ്ങളില് ചികിത്സയില്‍ കഴിയുന്നവര്‍ക്ക് ശമനം ലഭിക്കുന്നതാണ്. ഉദ്യോഗത്തിനുവേണ്ടിയുള്ള പരിശ്രമങ്ങള്‍ക്ക് ഫലം കണ്ടെത്തും. തീരുമാനിച്ചുവച്ചിരിക്കുന്ന വിവാഹം മാറിപ്പോകാന്‍ സാധ്യതയുണ്ട്. നീതിന്യായ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സത്കീര്‍ത്തി വര്‍ദ്ധിക്കുന്നതാണ്. ഉദ്യോഗലബ്ധിക്കായി കൂടുതല്‍ ധനം ചെലവഴിക്കുകയും സഹായികളാല് വഞ്ചിക്കപ്പെടുന്ന അവസ്ഥയും ഉണ്ടാകുന്നതാണ്. ഉറ്റവരെക്കൊണ്ടുള്ള വിഷമതകള്‍ കൂടുതല്‍ സഹിക്കേണ്ടിവരും.
പരിഹാരമായി ദേശദേവാലയദര്ശനം, വിശ്വാസദേവാലയത്തില് യഥായോഗ്യം വഴിപാടുകള്‍, പ്രാര്‍ത്ഥന എന്നിവ നടത്തണം. പുരുഷസൂക്തം, ഗായത്രീമന്ത്രം എന്നിവ ജപിക്കുന്നത് കൂടുതല്‍ ഗുണകരമായിരിക്കും.
കര്‍ക്കിടകക്കൂറ്: പുണര്‍തം 15 നാഴിക, പൂയം, ആയില്യം
രത്നവ്യാപാരങ്ങളില് ഇറങ്ങിത്തിരിച്ച് പണം നഷ്ടമാകാന്‍ സാധ്യതയുണ്ട്. വിവാഹവ്യവഹാരങ്ങളില്ക്കൂടി കൂടുതല്‍ പ്രതിസന്ധികള്‍ അഭിമുഖീകരിക്കേണ്ടതായി വരും. ഗൃഹത്തോടുകൂടി വീടുവാങ്ങുന്നതിനുള്ള അവസരങ്ങള്‍ വന്നുചേരും. സ്നേഹബന്ധങ്ങളില്‍ കുരുങ്ങി വിഷമിക്കേണ്ടതായി വരും. മുന്‍കോപം അപകടങ്ങളില്‍ ചെന്നുപെടാന്‍ ഇടയാകും. സംഘടനാതെരഞ്ഞെടുപ്പുകളില് ഏര്‍പ്പെട്ട് വിജയം കൈവരിക്കാന്‍ സാധ്യതയുണ്ട്. സാമ്പത്തിക സ്രോതസ്സുകള്‍ വര്ദ്ധിച്ചുവരാനും ധനവ്യാപാരസ്ഥാപനങ്ങളില്നിന്നും അനുകൂലസാഹചര്യങ്ങളും വാഹനം വാങ്ങാന്‍ ഇടയാകുകയും ചെയ്യുന്നതാണ്. അപവാദങ്ങള്‍ കേള്‍ക്കാനിടയാകും. സഹോദരതുല്യരായവരുടെ സഹായങ്ങള്‍ ലഭ്യമാകും. വിവാഹാദിമംഗളകര്‍മ്മങ്ങള്‍ തീരുമാനിച്ചത് മാറ്റിവയ്ക്കാന്‍ ഇടയാകുന്നതാണ്. ഭരണരംഗങ്ങളില്‍ ഇരിക്കുന്നവര്‍ക്ക് കൂടുതല്‍ നേട്ടങ്ങളും തൊഴില്‍രംഗത്ത് നേട്ടങ്ങളും ഉണ്ടാകുന്നതാണ്.
ദോഷശാന്തിക്കായി ദേവീക്ഷേത്രദര്ശനം, ലളിതാസഹസ്രനാമജപം, ദേവീമാഹാത്മ്യപാരായണം എന്നിവ നടത്തുകയും ധര്മ്മദൈവഭജനം സര്‍പ്പപ്രീതി എന്നിവ നടത്തുകയും വേണം.
ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം 15 നാഴിക
വിദ്യാഭ്യാസപരമായി ഉയര്‍ച്ചയുണ്ടാകുന്നതാണ്. സന്തോഷപ്രദമായ സുഹൃദ്ബന്ധങ്ങള്‍ ഉണ്ടാകും. ആരോഗ്യനില മെച്ചപ്പെടും. സര്പ്പാരാധനാസങ്കേതങ്ങളില് ദര്‍ശനം നടത്താന്‍ അവസരം വന്നുചേരും. വിദേശയാത്രയ്ക്കുള്ള അവസരം വന്നുചേരും. സ്വന്തം നിലയിലെടുക്കുന്ന തീരുമാനങ്ങള്‍ പലതും പരാജയപ്പെടാന്‍ ഇടവരുന്നതാണ്. രാഷ്ട്രീയരംഗത്തുള്ളവര്‍ക്ക് സത്കീര്‍ത്തിയും സ്ഥാനമാനങ്ങളും ഉണ്ടാകുന്നതാണ്. നൂതനഗൃഹോപകരണങ്ങള് സമ്പാദിക്കുന്നതിനുള്ള അവസരം വന്നുചേരും. മാനസികാസ്വാസ്ഥ്യങ്ങള്‍ അനുഭവിച്ചുവരുന്ന സാഹചര്യങ്ങളില്‍നിന്നും മോചനമുണ്ടാകും. ഭക്ഷണവിഷബാധയിലൂടെ അസുഖങ്ങളുണ്ടായെന്നുവരാം. ഔദ്യോഗികമായി ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയപ്രാപ്തിയുണ്ടാകും. മാനസികമായി അകന്നുപോയ ബന്ധങ്ങള്‍ പുനഃസ്ഥാപിക്കാന്‍ ഇടയാകും. ദൂരദേശത്ത് താമസസൗകര്യം ഉറപ്പാക്കും.
പരിഹാരമായി ശിവങ്കല്‍ പിറകില്‍ വിളക്ക്, കൂവളമാല, ജലധാര, രുദ്രസൂക്താര്‍ച്ചന ഇവ പതിവായി ചെയ്യുന്നതും ദേശദേവതയെ ദര്‍ശനം ചെയ്യുന്നതും ഉത്തമമായിരിക്കും.
കന്നിക്കൂറ്: ഉത്രം 45 നാഴിക, അത്തം, ചിത്തിര 30 നാഴിക
വിവാഹത്തിനുവേണ്ടി പരിശ്രമിക്കുന്നവര്‍ക്ക് വേഗത്തില്‍ ലക്ഷ്യപ്രാപ്തിയുണ്ടാകുന്നതാണ്. തര്‍ക്കവിഷയങ്ങളില്‍ ഏര്‍പ്പെട്ട് പരാജയം അനുഭവിക്കാനും സാമ്പത്തിക നഷ്ടത്തിനും ഇടയാകുന്നതാണ്. അന്യരുമായി ഒപ്പുവച്ചിട്ടുള്ള കരാറുകള്‍ പാലിക്കാന്‍ പറ്റാതെ വിഷമിക്കേണ്ടിവരും. ദുരാരോപണങ്ങള്‍ നിമിത്തം വിവാഹതീരുമാനങ്ങള്‍ മാറിപ്പോകാന്‍ ഇടയാകും. സാമ്പത്തികലാഭത്തിനുവേണ്ടിയുള്ള പരിശ്രമങ്ങള്‍ മന്ദഗതിയിലായിത്തീരും. ഹോമപൂജാദികര്മ്മങ്ങള് ചെയ്യിച്ച് ആത്മസംതൃപ്തി കൈവരിക്കും. ഹൃദയസംബന്ധമായും വാതസംബന്ധമായും ഉള്ള അസുഖങ്ങളാല്‍ ക്ലേശം അുഭവിക്കേണ്ടതായിവരും. പിതൃസ്വത്തുക്കള്‍ അപ്രതീക്ഷിതമായി കൈവശം വന്നുചേരും. ഉദ്യോഗത്തിനുവേണ്ടി കാത്തിരിക്കുന്നവര്‍ക്ക് അത് സഫലമാകും. കുടുംബജീവിതം ഭദ്രമാക്കാനും ഭൂമി വാങ്ങാനും അവസരമുണ്ടാകും. സന്താനത്തെ ആഗ്രഹിച്ചു കഴിയുന്നവര്‍ക്ക് അത് സഫലമാകും.
ഐശ്വര്യ വര്‍ദ്ധനവിനായി വിഷ്ണുക്ഷേത്രദര്‍ശനം, കൃഷ്ണസ്വാമിയിങ്കല് പുരുഷസൂക്ത പുഷ്പാഞ്ജലി, തൃക്കൈവെണ്ണ, നെയ് വിളക്ക് ഇവയും നരസിംഹസ്വാമിയിങ്കല് പുഷ്പാഞ്ജലിയും നടത്തണം.
തുലാക്കൂറ്: ചിത്തര 30 നാഴിക, ചോതി, വിശാഖം 45 നാഴിക
പുതിയ സുഹൃത്ത് ബന്ധങ്ങള്‍ സ്ഥാപിച്ച് നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കും. വാഹനസംബന്ധമായി അപകടങ്ങളും വ്യവഹാരദുരിതങ്ങളും വന്നുചേരുന്നതാണ്. ഭൂമി വീതംവച്ച് കൊടുക്കുന്നതിനുളള അവസരമുണ്ടാകുന്നതാണ്. യാത്രാവേളയില്‍ വിസ്മരിച്ചു കിടന്ന സുഹൃദ്ബന്ധം പുനഃസ്ഥാപിക്കുന്നതാണ്. ബന്ധുക്കളില്‍നിന്നും സുഹൃത്തുക്കളില്‍നിന്നും സന്തോഷപ്രദമായ അനുഭവങ്ങള്‍ വന്നുചേരുന്നതാണ്. ഗൃഹത്തില്‍ ആവശ്യമായ തടി ഉപകരണങ്ങള്‍ സമ്പാദിക്കുന്നതിന് സാധ്യതയുണ്ട്. ഉന്നത വിദ്യാഭ്യാസത്തിനായി അധികമായി പണം ചെലവാക്കേണ്ടതായി വരും. ഔദ്യോഗികമായി സ്ഥാനമാറ്റം ഉണ്ടാകുന്നതാണ്. വിദേശത്തുള്ള ബന്ധുക്കള്‍ക്ക് നേരിടുന്ന ആപത്തു നിമിത്തം വിഷമിക്കേണ്ടിവരും.
കാലദോഷപരിഹാരമായി ദേവീക്ഷേത്രത്തില്‍ പുഷ്പാഞ്ജലി, നെയ് വിളക്ക്, ദുര്ഗ്ഗാസപ്തശതീജപം ഇവ നടത്തിക്കൊള്ളണം.
വൃശ്ചികക്കൂറ്: വിശാഖം 15 നാഴിക, അനിഴം, തൃക്കേട്ട
ഉദ്യോഗത്തിനുവേണ്ടി പരിശ്രമിക്കുന്നവര്‍ക്ക് അനുകൂലസമയമായിരിക്കും. അദ്ധ്വാനഭാരം വര്‍ദ്ധിക്കുന്നതാണ്. പ്രതീക്ഷയോടെ ചെയ്യുന്ന പല കാര്യങ്ങളിലും പ്രതിബന്ധങ്ങളും ധനഷ്ടങ്ങളും അനുഭവിക്കേണ്ടതായിവരും. രാജ്യസംരക്ഷണത്തിനായി പ്രവര്‍ത്തിച്ച് ഖ്യാതി വര്‍ദ്ധിക്കുകയും പുരസ്കാരങ്ങള്‍ തേടിവരികയും ചെയ്യും. കുടുംബസ്വത്തുക്കള്‍ സ്വായത്തമാക്കാന്‍ അവസരം വന്നുചേരും. ഗവേഷണ നിരീക്ഷണത്തിനും വായനയ്ക്കും വേണ്ടി കൂടുതല്‍ സമയം കണ്ടെത്തും. സഞ്ചാരവേളകള്‍ പലതും മനോദുരിതത്തിനും ധനഷ്ടത്തിനും വഴിയൊരുക്കും. മറ്റുള്ളവരെ സഹായിക്കുകവഴി ഭീമമായ സാമ്പത്തിക ബാധ്യത വഹിക്കേണ്ടതായി വരുന്നതാണ്. വിവാഹമാര്ഗ്ഗത്തില്ക്കൂടി സാമ്പത്തികനില മെച്ചപ്പെടാന്‍ സാധ്യതയുണ്ട്. ദൂരദേശവാസത്തിന് അവസരമുണ്ടാകും.
ഭദ്രകാളീക്ഷേത്രത്തില്‍ രക്തപുഷ്പാഞ്ജലി, ചുവന്ന പട്ടുടയാട, നരസിംഹമൂര്‍ത്തീക്ഷേത്രത്തില്‍ പുഷ്പാഞ്ജലി ഇവ നടത്തുന്നത് ഗുണകരമായിരിക്കും.
ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം 15 നാഴിക
പുതിയ വ്യവസായസംരംഭങ്ങള്‍ തുടങ്ങാന്‍ സഹായം ലഭിക്കുന്നതാണ്. വിദേശയാത്രയ്ക്കും ഉദ്യോഗത്തിനും പരിശ്രമിച്ചുകൊണ്ടിരിക്കുന്നവര്ക്ക് വേഗത്തില്‍ ഫലസിദ്ധിയുണ്ടാകും. ദാമ്പത്യബന്ധത്തില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടാകും. വാസസ്ഥാനം മാറേണ്ടിവരും. രാജ്യരക്ഷാസേനയില് പ്രവര്‍ത്തിക്കുന്നവര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങളും സ്ഥാനക്കയറ്റവും ലഭ്യമാകുന്നതാണ്. തടസ്സപ്പെട്ടു കിടക്കുന്ന വിവാഹാദിമംഗളകര്‍മ്മങ്ങള്‍ നടക്കും. ഈശ്വരീയ കാര്യങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ സമയം കണ്ടെത്തും. പരീക്ഷകളില്‍ വിജയിച്ച് തൊഴില്‍ ലഭ്യത ഉറപ്പാക്കാന്‍ സാധിക്കും. കുടുംബസ്വത്തുക്കള്‍ വേഗത്തില്‍ സ്വായത്തമാക്കാന്‍ സാധിക്കുന്നതാണ്. പുതിയ ബിസിസ്സുകള് തുടങ്ങുകവഴി ധനഷ്ടം ഉണ്ടാകും. ആദ്ധ്യാത്മികാചാര്യസങ്കേതങ്ങള് ദര്‍ശിക്കാന്‍ അവസരം വന്നുചേരും. സ്വന്തം പിഴവുകള്‍ നിമിത്തം അനുഭവിച്ചുവരുന്ന അധികാരസ്ഥാനങ്ങള്‍ കൈവിട്ടുപോകാന്‍ ഇടയാകും.
വിഷ്ണുക്ഷേത്രത്തില്‍ നിര്‍മ്മാല്യദര്‍ശനം, വിഷ്ണുസഹസ്രനാമജപം എന്നിവയും ശിവങ്കല്മാല, അര്‍ച്ചന, ധാര എന്നിവ നടത്തുന്നതും കൂടുതല്‍ ഗുണകരമായിരിക്കും.
മകരക്കൂറ്: ഉത്രാടം 45 നാഴിക, തിരുവോണം, അവിട്ടം 30 നാഴിക
ഭൂമി വാങ്ങി ആഗ്രഹാനുസരണമുള്ള ഗൃഹം നിര്‍മ്മിക്കാന്‍ സാധിക്കുന്നതാണ്. അധികാരസ്ഥാനങ്ങളില്‍നിന്നും പ്രതീക്ഷിക്കുന്നതുപോലെ കാര്യങ്ങള്‍ നേടിയെടുക്കാന്‍ സാധിക്കും. ശാസ്ത്രവിഷയങ്ങളില്‍ അറിവു സമ്പാദിക്കാനും ചിത്രകലാപ്രാവിണ്യത്തിനുള്ള അംഗീകാരവും ലഭിക്കുന്നതാണ്. വിശിഷ്ടസേവത്തിനുള്ള അംഗീകാരങ്ങളും പുരസ്കാരങ്ങളും ലഭ്യമാകുന്നതാണ്. പുതിയ വീടും, വാഹനവും വാങ്ങാന്‍ അവസരമുണ്ടാകും. മൂത്രാശയസംബന്ധമായും ഉദരസംബന്ധമായുമുള്ള അസുഖങ്ങള്‍ നിമിത്തം വിഷമിക്കേണ്ടിവരും. കരാര്‍ അടിസ്ഥാനത്തില്‍ ചെയ്തുവന്നിരുന്ന ജോലികള്‍ക്ക് തടസ്സം നേരിടാന്‍ സാധ്യതയുണ്ട്. ജോലിഭാരം നിമിത്തം മാനസിക പിരിമുറുക്കം വര്‍ദ്ധിക്കാന്‍ ഇടയാകും. തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചു വിജയിക്കാന്‍ സാധിക്കുന്നതാണ്.
ഐശ്വര്യവര്‍ദ്ധനയ്ക്കായി ശാസ്താവിന് നീരാജനം, അഷ്ടോത്തരാര്‍ച്ചന, മലദൈവങ്ങള്‍ക്ക് വട്ടക സമര്‍പ്പണം എന്നിവ നടത്തി പ്രാര്‍ത്ഥിക്കണം.
കുംഭക്കൂറ്: അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി 45 നാഴിക
ആഗ്രഹിക്കുന്ന വിവാഹകര്‍മ്മം ആഘോഷത്തോടുകൂടി നടന്നുകിട്ടും. ശത്രുതവച്ചു പുലര്‍ത്തിയിരുന്നവര്‍ മിത്രങ്ങളായിത്തീരും. സ്നേഹബന്ധങ്ങള്‍ക്ക് നഷ്ടം വരും. ഉന്നതരുമായുള്ള ബന്ധം പുലര്‍ത്തുന്നതുവഴി ഉയര്‍ന്ന സ്ഥാനമാനങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. ഹൃദയസംബന്ധമായ അസുഖങ്ങളുണ്ടാകാനിടയുണ്ട്. മറ്റുള്ളവരെ സംശയദൃഷ്ടിയോടെ വീക്ഷിച്ച് സ്വയം ദുരിതങ്ങള്‍ വരുത്തിവയ്ക്കും. വനപര്വ്വത പ്രദേശങ്ങളില്‍ സഞ്ചരിക്കുന്നതിനുള്ള അവസരം വന്നുചേരും. ഉദ്യോഗത്തില്‍ ഉയര്‍ച്ചയും ഉദ്യോഗത്തിനുവേണ്ടി ശ്രമിക്കുന്നവര്‍ക്ക് അത് ലഭിക്കുകയും ചെയ്യും. യാത്രകള്‍ പലതും ആഹ്ലാദത്തിന് വഴിയൊരുക്കും. ശത്രുത പുലര്ത്തിവന്നവര് മിത്രങ്ങളായി മാറും. അതികഠിനമായി അനുഭവിച്ചുവരുന്ന രോഗദുരിതങ്ങള്ക്ക് ശമനം ലഭിക്കുന്നതാണ്. വാദ്യകലാവിദ്യകള് പഠിക്കുന്നതിനും പഠിപ്പിക്കുന്നതിനും അവസരമുണ്ടാകും.
ശാസ്താക്ഷേത്രത്തില്‍ നിത്യദര്‍ശനം നടത്തുകയും മഹാവിഷ്ണുക്ഷേത്രത്തില്‍ സഹസ്രനാമപുഷ്പാഞ്ജലി നടത്തുകയും വേണം.
മീനക്കൂറ്: പൂരുരുട്ടാതി 15 നാഴിക, ഉത്തൃട്ടാതി, രേവതി
കൃഷിഭൂമി വാങ്ങാനും, കാര്‍ഷികമേഖലയില്‍ ഏര്‍പ്പെട്ട് ധനാഗമനമാര്‍ഗ്ഗങ്ങള്‍ വര്‍ദ്ധിപ്പിക്കാനും അവസരം വന്നുചേരും. സുഖസൗകര്യങ്ങളോടുകൂടിയ വാസസ്ഥാനം ലഭ്യമാകുന്നതാണ്. വിദേശയാത്രയ്ക്കുവേണ്ടി പരിശ്രമിക്കുന്നവര്‍ക്ക് അനുകൂലസമയമാണ്. തടസ്സപ്പെട്ടു നില്ക്കുന്ന വിവാഹകാര്യങ്ങളും സാമ്പത്തിക ഇടപാടുകളും പെട്ടെന്നു നടന്നുകിട്ടുന്നതാണ്. ശത്രുത പുലര്‍ത്തിയിരുന്നവര്‍ മിത്രങ്ങളായിത്തീരും. കരാറടിസ്ഥാനത്തില്‍ ഏല്ക്കുന്ന മരാമത്തുപണികള്‍ സാമ്പത്തിക നേട്ടത്തോടുകൂടി പൂര്‍ത്തീകരിക്കാന്‍ സാധിക്കും. പുതുതായി വന്നുചേരുന്ന ബന്ധങ്ങളില്കൂടി ധനനഷ്ടത്തിനും മാനഹാനിക്കും വഴിയൊരുങ്ങും. പൊതുവെ യാത്രാക്ലേശം വര്‍ദ്ധിക്കുന്നതാണ്. വസ്തുസംബന്ധിച്ചും വ്യവഹാരങ്ങള്‍ സംബന്ധിച്ചുമുള്ള നടപടികള്‍ സുഗമമായി പര്യവസാനിക്കുന്നതാണ്. ചികിത്സയ്ക്കായി കൂടുതല്‍ പണം മാറ്റിവയ്ക്കേണ്ടതായി വരും. സൂക്ഷിച്ചുകൊണ്ടു നടക്കുന്ന രേഖകള്‍ പലതും നഷ്ടപ്പെടാനിടയാകും.
ആപല്നിവൃത്തിക്കായി ദേശദേവാലയത്തില് നിത്യദര്‍ശനം നടത്തുകയും വിഷ്ണുസഹസ്രനാമജപം, വിഷ്ണുപൂജ എന്നിവയും സര്‍പ്പങ്ങള്‍ക്കായി നൂറും പാലും സര്പ്പസൂക്താര്ച്ചനയും നടത്തി പ്രാര്‍ത്ഥിക്കണം.
Recent Comments