ചൊവ്വാഴ്ച പകല്‍ മുതല്‍ മൂകാംബിക ക്ഷേത്രസന്നിധിയില്‍ ഉണ്ടായിരുന്നു, സന്ദീപ് സേനനും തരുണ്‍ മൂര്‍ത്തിയും ജയന് നമ്പ്യാരും സംഗീത് സേനനും ഹരീന്ദ്രനും.
സന്ദീപ് സേനന്റെ നിര്‍മ്മാണ കമ്പനിയായ ഊര്‍വ്വശി തീയേറ്റേഴ്സ് രണ്ട് ചിത്രങ്ങളുടെ അണിയറയിലാണ്. ആദ്യ ചിത്രം തരുണ്‍ മൂര്‍ത്തിയുടെ സൗദി വെള്ളക്ക. രണ്ടാമത്തേത് ജയന് നമ്പ്യാരുടെ വിലായത്ത് ബുദ്ധ. ഈ രണ്ട് ചിത്രങ്ങളുടെയും തിരക്കഥകള്‍ പൂജിച്ച് വാങ്ങാനും അമ്മയില്‍നിന്ന് അനുഗ്രഹം തേടാനുമാണ് അവര്‍ മൂകാംബികയില്‍ എത്തിയത്. സൗദി വെള്ളക്കയുടെ ടൈറ്റില്‍ അനൗണ്‍സ്മെന്റും മൂകാംബിക സന്നിധിയില്‍ വച്ചാണ് നടത്തിയത്. അതിനുശേഷമായിരുന്നു അവരുടെ മടക്കം.
നാളെ (സെപ്തംബര്‍ 16) കൊച്ചിയില്‍ സൗദി വെള്ളക്കയുടെ ചിത്രീകരണം തുടങ്ങും. ഓപ്പറേഷന് ജാവയുടെ സ്വപ്നതുല്യമായ വിജയത്തിനുശേഷം തരുണ്‍മൂര്‍ത്തി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രംകൂടിയാണ് സൗദി വെള്ളക്ക.
‘ഓപ്പറേഷന് ജാവയുടെ ചിത്രീകരണം പൂര്‍ത്തിയായി പ്രദര്‍ശനത്തിനൊരുങ്ങുന്ന ഒരു ഘട്ടത്തിലാണ് തരുണ്‍മൂര്‍ത്തി ഇതിന്റെ കഥ എന്നോട് പറയുന്നത്. കേട്ടപ്പോള്‍തന്നെ ഇന്‍ട്രസ്റ്റായി. അല്ലെങ്കിലും ആ ചെറുപ്പക്കാരനില്‍ എനിക്ക് വിശ്വാസമുണ്ട്. അത്ര മികച്ചതാണ് അയാളുടെ ക്രാഫ്റ്റ്.’ നിര്‍മ്മാതാവ് സന്ദീപ് സേനന് കാന്‍ ചാനലിനോട് പറഞ്ഞു.
‘ഒരു കേസിനാസ്പദമായ സംഭവമാണ് സിനിമ പറയുന്നത്. അതിനൊരു ടൈറ്റില്‍ തേടുമ്പോള്‍ തരുണ്‍മൂര്‍ത്തി തന്നെയാണ് സൗദി വെള്ളക്ക നിര്‍ദ്ദേശിച്ചത്. കേട്ടപ്പോള്‍തന്നെ കൗതുകം തോന്നി. അതെന്താണെന്നറിയാനുള്ള ആകാംക്ഷയും. അതുതന്നെയാണ് ഈ സിനിമയുടെ നോവല്റ്റിയും.’ സന്ദീപ് തുടര്‍ന്നു.
‘കൊച്ചിക്ക് പുറമെ ബാംഗ്ലൂരും സൗദി വെള്ളക്കയുടെ ലൊക്കേഷനാണ്. വിലായത്ത് ബുദ്ധയുടെ ഷൂട്ടിംഗ് സംബന്ധിച്ച് അന്തിമ തീരുമാനങ്ങളൊന്നും ആയിട്ടില്ല. പൃഥ്വിരാജിന്റെ ഡേറ്റ് സംബന്ധിച്ച് വ്യക്തത വരാനുണ്ട്. ഏതായാലും അടുത്ത വര്‍ഷം ഷൂട്ടിംഗ് ഉണ്ടാകും. ഈ വര്‍ഷം സുരേഷ് അമ്മാവന് (നിര്‍മ്മാതാവ് സുരേഷ്കുമാര്‍) നിര്‍മ്മിക്കുന്ന ‘വാശി’ വിതരണം ചെയ്യുന്നതും എന്റെ കമ്പനിയാണ്.’ സന്ദീപ് പറഞ്ഞു.
ലുക്ക് മാന്‍ അവറാന്, ദേവീ വര്‍മ്മ, സുധികോപ്പ, ബിനു പപ്പു, ഗോകുലന്, ശ്രിന്ദ, ധന്യ, അനന്യ എന്നിവരാണ് സൗദി വെള്ളക്കയുടെ താരനിരയിലുള്ളത്. ശരണ്‍ വേലായുധന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ സഹനിര്‍മ്മാതാവ് ഹരീന്ദ്രനും എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സംഗീത് സേനനുമാണ്. കലാസംവിധാനം സാബു മോഹന്‍. ചമയം മനുമോഹന്‍, വസ്ത്രാലങ്കാരം മഞ്ജുഷ രാധാകൃഷ്ണന്.
Recent Comments