രാമായണത്തെ അടിസ്ഥാനമാക്കി ഒരുക്കുന്ന ‘ദി ഇന്കാര്ണേഷന്- സീത’ എന്ന പിരിയഡ് ഡ്രാമയാണ് ബോളിവുഡ് താരം കങ്കണ റണൗട്ടിന്റെ ഏറ്റവും പുതിയ ചിത്രം. അലൗകിക് ദേശായ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ടൈറ്റില്വേഷം ചെയ്യുന്നത് കങ്കണയാണ്.
തലൈവി എന്ന ബഹുഭാഷ ചിത്രത്തിന് തിരക്കഥ എഴുതിയ കെ.വി. വിജയേന്ദ്ര പ്രസാദാണ് സീതയുടെയും തിരക്കഥാകൃത്ത്. രചയിതാവും സംവിധായകനുമായ എസ്.എസ് രാജമൗലിയുടെ പിതാവാണ് വിജയേന്ദ്ര പ്രസാദ്. സംവിധായകന് അലൗകിക് ദേശായിയും രചനയില്‍ പങ്കാളിയാണ്.
ധീരയും വീഴ്ചകളില്‍ തളരാത്തവളുമായ ഇന്ത്യന്‍ വനിതയുടെ പ്രതീകത്തെ വെള്ളിത്തിരയില്‍ അവതരിപ്പിക്കുന്നതിനായി കങ്കണയെ തെരഞ്ഞെടുത്തിരിക്കുന്നുവെന്നാണ് സിനിമയുടെ പ്രഖ്യാപനവേളയില്‍ നിര്‍മാതാവ് സലോണി ശര്‍മ പറഞ്ഞത്.
‘ഈ ബ്രഹ്മാണ്ഡ ചിത്രത്തില്‍ സീതയെ കങ്കണ അവതരിപ്പിക്കുന്നതില്‍ സ്ത്രീയെന്ന നിലയില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. ഭാരത സ്ത്രീകളുടെ സത്തയും ആത്മാവും ഉള്‍ക്കൊള്ളുന്ന വ്യക്തിയാണ് കങ്കണ.’ സലോണി പറഞ്ഞു.
തിരക്കഥാകൃത്ത് കെ.വി വിജയേന്ദ്ര പ്രസാദാണ് സീതയായി കങ്കണ റണൗട്ടിനെ നിര്‍ദേശിച്ചത്. എ ഹ്യൂമന്‍ ബീയിംഗ് സ്റ്റുഡിയോ നിര്‍മിക്കുന്ന ദി ഇന്കാര്ണേഷന്- സീത എന്ന ചിത്രം ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ റിലീസ് ചെയ്യും.
സീതയാകാന്‍ നടി കരീന കപൂര്‍ 12 കോടി രൂപ ആവശ്യപ്പെട്ടതോടെയാണ് ഈ ചിത്രം ചര്‍ച്ചകളില്‍ നിറഞ്ഞത്. ഇതോടെ കരീനയ്ക്ക് എതിരെ രൂക്ഷമായ സൈബര്‍ ആക്രമണവും നടന്നിരുന്നു. കരീന കപൂറിന് പകരക്കാരിയായിട്ടാണ് ഇപ്പോള്‍ കങ്കണ റണൗട്ട് എത്തിയിരിക്കുന്നത്.
Recent Comments