തന്റെ ഏറ്റവും പുതിയ ചിത്രമായ കാണെക്കാണെ റിലീസിനെത്താന്‍ ഇനി മണിക്കൂറുകള്‍ മാത്രം ശേഷിക്കെയാണ് ഞങ്ങളുടെ ഫോണ്‍കോള്‍ സംവിധായകന് മനു അശോകനെ തേടിയെത്തുന്നത്. ആ സമയത്ത് അദ്ദേഹം എറണാകുളത്തുണ്ടായിരുന്നു. ഒടിടി റിലീസാണ്. അതും സോണി ലൈവിലൂടെ. പ്രദര്‍ശനത്തീയതി സെപ്തംബര്‍ 17 നാണെങ്കിലും ഇന്റര്‍നാഷണല്‍ ടൈം അനുസരിച്ച് ഇന്ത്യന്‍ സമയം ഇന്ന് രാത്രിയോടെ പ്രദര്ശനത്തിനെത്തണം. അതാണ് രീതി. സോണി ലൈവിലൂടെ ആദ്യമായി സ്ട്രീം ചെയ്യുന്ന മലയാളചിത്രമെന്ന ഖ്യാതിയും കാണെക്കാണെയ്ക്കുണ്ട്. അതിന്റെ എക്സൈറ്റ്മെന്റും മനു അശോകന്റെ വാക്കുകളിലുണ്ടായിരുന്നു.
? ‘ഉയരെ’യില്നിന്ന് ‘കാണെക്കാണെ’യിലേയ്ക്ക് എത്തുമ്പോള്‍ പുതുതായി എന്താണ് ഈ സിനിമയിലൂടെ പറയാന്‍ ആഗ്രഹിക്കുന്നത്.
ഉയരെ പറഞ്ഞത് ഒരു സാമൂഹ്യ വിഷയമായിരുന്നു. എന്നാല്‍ കാണെക്കാണെ കൈകാര്യം ചെയ്യുന്നത് മനുഷ്യന്റെ ഉള്ളിലെ പ്രശ്നങ്ങള്‍ തന്നെയാണ്.
? ഉയരെയ്ക്ക് പിന്നാലെ കാണെക്കാണെയ്ക്കുവേണ്ടിയും തിരക്കഥ ഒരുക്കുന്നത് സഞ്ജയ് ബോബിമാരാണ്. അവരെ തുടര്‍ച്ചയായി ഇങ്ങനെ പരീക്ഷണവിധേയമാക്കുന്നത് എന്തുകൊണ്ടാണ്.
ഞങ്ങള്‍ക്കിടയിലുള്ള സൗഹൃദം തന്നെയാണ് അതിന് കാരണം. ഒരു ദിവസം ഏറ്റവും കൂടുതല്‍ സമയം ഫോണിലൂടെ സംസാരിക്കുന്നവരാണ് ഞങ്ങള്‍. അത്തരമൊരു ബോണ്ടിംഗ് ഞങ്ങള്‍ക്കിടയിലുണ്ട്. സംവിധായകന് രാജേഷ് പിള്ളയുടെ ചുറ്റും കറങ്ങിനടന്നിരുന്ന അന്യഗ്രഹങ്ങളായിരുന്നു ആദ്യകാലത്ത് ഞങ്ങള്‍. അവിടുന്നാണ് സിനിമയിലേയ്ക്ക് എത്തുന്നത്. സിനിമാചര്ച്ചകളാണ് ഞങ്ങള്‍ക്കിടയില്‍ എപ്പോഴും നടന്നിരുന്നതെങ്കിലും സിനിമ ചെയ്യണമെന്ന നിര്ബ്ബന്ധത്തിലേയ്ക്കോ ആവശ്യത്തിലേയ്ക്കോ അതെത്തിയിരുന്നില്ലാ എന്നതാണ് സത്യം.
?അത് സംഭവിച്ചത് പിന്നീട് എപ്പോഴാണ്.
ഒരിക്കല്‍ തീര്‍ത്തും അപ്രതീക്ഷിതമായിട്ടാണ് എനിക്ക് ആ ചോദ്യം നേരിടേണ്ടി വന്നത്. അതും സഞ്ജയ് ബോബിമാരില്നിന്ന്. നമുക്കൊരുമിച്ചൊരു സിനിമ ചെയ്താലോ? അന്ന് അവര്‍ നീട്ടിയ കൈകളാണ് എനിക്ക് ‘ഉയരെ’ സമ്മാനിച്ചത്.
?കാണെക്കാണെയിലേയ്ക്ക് എത്തിയതോ.
പറഞ്ഞിരുന്നല്ലോ, ഞങ്ങളുടെ സംസാരം സിനിമയെക്കുറിച്ചായിരുന്നു. കഥകളെക്കുറിച്ചായിരുന്നു. അങ്ങനെയൊരു ചര്‍ച്ചയ്ക്കിടയിലാണ് കാണെക്കാണെയുടെ ത്രെഡ് സഞ്ജയ് ബോബി എന്നോട് പറയുന്നത്. അതിനുമുമ്പ് മറ്റൊരു കഥയാണ് ഞങ്ങള്‍ ചെയ്യാനിരുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ അതിന് തീരെ സാധ്യത ഇല്ലെന്ന് വന്നപ്പോഴാണ് കാണെക്കാണെയിലേയ്ക്ക് കടക്കുന്നത്.
?ടൊവിനോ തോമസിന്റെയും സുരാജ് വെഞ്ഞാറമ്മൂടിന്റെ കോമ്പിനേഷന്‍ ആദ്യമായി പരീക്ഷിക്കുന്ന ചിത്രംകൂടിയാണ് ഇത്. എങ്ങനെ വിലയിരുത്തുന്നു അവരുടെ പ്രകടനത്തെ.
ഇതിന്റെ കഥ പറയാന്‍ സുരാജേട്ടന്റെ അടുക്കല്‍ എത്തുമ്പോള്‍ അദ്ദേഹത്തിന് ആദ്യം സംശയമുണ്ടായിരുന്നത് ഇതിലെ വൃദ്ധവേഷം തന്നെയായിരുന്നു. ആന്‍ഡ്രോയിഡ് കുഞ്ഞപ്പന് പിന്നാലെ വീണ്ടുമൊരു വൃദ്ധവേഷം ചെയ്യുന്നതിന്റെ മടുപ്പായിരിക്കാം. പക്ഷേ കഥാപാത്രത്തെ കുറിച്ച് കൂടുതല്‍ അറിഞ്ഞപ്പോള്‍ പിന്നെ അദ്ദേഹത്തിന് സംശയങ്ങളൊന്നും ഉണ്ടായിരുന്നില്ല. സുരാജ് എന്ന അഭിനേതാവിനെ ഓരോ സിനിമ കഴിയുമ്പോഴും നാം അടുത്ത് അറിഞ്ഞുകൊണ്ടിരിക്കുകയാണ്. ഇതിലെ കഥാപാത്രവും ആ പ്രകടനമികവിനെ സാക്ഷ്യപ്പെടുത്തും. സംശയമില്ല.
ടൊവിനോയെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തെ സപ്പോര്‍ട്ട് ചെയ്യാന്‍ ഇതില്‍ കൂടുതല്‍ സംഭാഷണങ്ങളോ കായികമായ പ്രകടനങ്ങളോ ഒന്നുംതന്നെ ഇല്ല. പകരം ഇമോഷനെ കൃത്യമായ അളവില്‍ ഞാന്‍ ഉദ്ദേശിക്കുന്ന രീതിയില്‍ സ്ക്രീനിലേയ്ക്ക് തരിക എന്നതായിരുന്നു അദ്ദേഹത്തിനുള്ള വെല്ലുവിളി. അത് ടൊവിനൊ ഏറ്റവും ഭംഗിയായി നിര്‍വ്വഹിച്ചിട്ടുണ്ട്. ഒരര്‍ത്ഥത്തില്‍ ടൊവിനോ ആ കഥാപാത്രമായി ജീവിക്കുകയായിരുന്നു. സുരാജേട്ടനുമതെ.
?ഉയരെപ്പോലെ തീയേറ്റര്‍ റിലീസ് കാണെക്കാണെയ്ക്ക് കിട്ടാത്തതില്‍ ദുഃഖമുണ്ടോ.
കര്‍ശനമായ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കേണ്ട ഒരു സാഹചര്യത്തില്‍ വലിയ സിനിമ ഉണ്ടാക്കാനും അത് തീയേറ്ററില്‍ എത്തിക്കാനുള്ള ബുദ്ധിമുട്ടുകള്‍ ഏറെയാണ്. ഈ പ്രതികൂലസാഹചര്യത്തില്‍ ഒരു അതിജീവനമാര്‍ഗ്ഗം എന്ന നിലയിലാണ് കാണെക്കാണെ സമീപിക്കുന്നതും അതുമായി മുന്നോട്ട് പോകുന്നതും. ഒ.ടി.ടി. റിലീസിനുവേണ്ടി നിര്‍മ്മിച്ച ചിത്രം തന്നെയായിരുന്നു കാണെക്കാണെ. പക്ഷേ അതിന്റെ ഫൈനല്‍ ഔട്ട് കണ്ടപ്പോള്‍ തീയേറ്റര്‍ റിലീസ് നഷ്ടപ്പെട്ടുവല്ലോ എന്നൊരു വേദന ഉണ്ടായി.
?തീയേറ്റര്‍-ഒടിടി ഈ രണ്ട് റിലീസിംഗിലും താങ്കള്‍ കാണുന്ന പ്രകടമായ വ്യത്യാസമെന്താണ്.
എക്സൈറ്റ്മെന്റ് രണ്ടിടത്തും ഒരുപോലെയാണ്. നമ്മുടെ ജഡ്ജ്മെന്റ് ശരിയായിരുന്നോ എന്നുള്ള വിധി കാത്തിരിക്കുന്ന നിമിഷങ്ങളാണത്.
തീയേറ്റര്‍ റിലീസ് ആകുമ്പോള്‍ നമുക്കറിയാത്ത ഒരുപറ്റം വ്യത്യസ്ത അഭിരുചികളുള്ള മനുഷ്യരുടെ ഇടയിലിരുന്നാണ് സിനിമ കാണുന്നത്. അത് നല്കുന്ന എനര്‍ജി അപാരമാണ്. തീയേറ്റര്‍ എക്പീരിയന്സിന് മാത്രം കഴിയുന്ന മാജിക്കാണത്. ഒടിടിയിലാകുമ്പോള് ഏതൊക്കെയോ സ്ഥലങ്ങളിലിരുന്ന്, അണുകുടുംബങ്ങളിലുള്ളവര് അവരുടെ മൊബൈലിലോ ലാപ്ടോപ്പിലോ ഇനി ഒരുപക്ഷേ ഹോംതീയേറ്ററിലോ ഇരുന്ന സിനിമ കാണുകയാണ്. ആ സംവേദനക്ഷമത നാം തിരിച്ചറിയുന്നതുപോലുമില്ല.
?കാണെക്കാണെയ്ക്ക് മുമ്പ് മറ്റൊരു കഥയാണ് ചെയ്യാനിരുന്നതെന്ന് പറഞ്ഞു. അതായിരിക്കുമോ താങ്കളുടെ അടുത്ത പ്രോജക്ട്.
അല്ല, എന്നാല്‍ ഞങ്ങള്‍ മറ്റൊരു കഥയിലേയ്ക്ക് ലാന്‍ഡ് ചെയ്തിട്ടുണ്ട്. അതായിരിക്കും ഞങ്ങളുടെ അടുത്ത പ്രോജക്ട്.
ഡ്രീംകാച്ചറിന്റെ ബാനറില്‍ ടി.ആര്. ഷംസുദ്ദീനാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ഐശ്വര്യ ലക്ഷ്മി, ശ്രുതി രാമചന്ദ്രന്, പ്രേംപ്രകാശ്, ബിനു പപ്പു, റോണി ഡേവിവ് രാജ്, മാസ്റ്റര്‍ അലോക് കൃഷ്ണ, ശ്രുതി ജയന്, ധന്യ മേരി എന്നിവരും താരനിരയിലുണ്ട്. ആല്‍ബി ആന്റണിയാണ് ഛായാഗ്രാഹകന്‍.
Recent Comments