ഈ സിനിമ പെട്ടെന്നൊന്നും തീരല്ലേ എന്ന അനുഭവമാണ് കാണെക്കാണെ കണ്ടുകൊണ്ടിരിക്കുമ്പോള്‍ ഉണ്ടാകുക. അടുത്തതെന്തെന്നറിയാനുള്ള ഉദ്വേഗം. ഒട്ടും മുഷിപ്പിക്കാത്ത അവതരണം. വരിഞ്ഞ് കെട്ടിമുറുക്കിയിട്ട തിരക്കഥാകൗശലം. അതിഭാവുകങ്ങളില്ലാത്ത അഭിനയചാരുത. ഒറ്റവാക്കില്‍ ഇതൊക്കെയാണ് കാണെക്കാണെ. അല്‍പ്പംകൂടി വിസ്തരിച്ചാല്‍ കാണെ കാണെ നാം തന്നെ അലിഞ്ഞില്ലാതായിക്കൊണ്ടേയിരിക്കുന്നു… ഹാറ്റ്സ് ഓഫ് മനു അശോകന്… ഹാറ്റ്സ് ഓഫ് ബോബി സഞ്ജയ്… ഹാറ്റ്സ് ഓഫ് ടൊവിനോ തോമസ് -സുരാജ് വെഞ്ഞാറമ്മൂട്…
ബോബി സഞ്ജയ് എന്ന തിരക്കഥാകൃത്തുക്കളുടെ മിടുക്ക് നാം എത്രയോ തവണ കണ്ടറിഞ്ഞിട്ടുള്ളതാണ്. സിനിമയുടെ പരമ്പരാഗത വഴികളിലൂടെയല്ല അവരുടെ യാത്ര. ഒരു തരത്തില്‍ അവരുടേത് അപഥസഞ്ചാരമാണ്. പ്രണയവും പ്രതികാരവും സ്നേഹവും കാമവും അങ്ങനെ തുടങ്ങി ചുരുക്കം ചില വിഷയങ്ങളെ കഥപറയാനുള്ളൂ. ലോകത്തെല്ലായിടത്തുമതെ. പക്ഷേ അത് എങ്ങനെ അവതരിപ്പിക്കുന്നു എന്നതിലാണ് മിടുക്ക്. കാണെക്കാണെതന്നെ നോക്കൂ… നമുക്കൊരിടത്തും അവരുടെ സഞ്ചാരപാത നിര്‍ണ്ണയിക്കാനാവില്ല. അടുത്തത് ഇതായിരിക്കുമെന്ന് നമ്മുടെ മനസ്സ് ഉറപ്പിക്കുന്നതിനുമുമ്പേ അവര്‍ മറ്റൊരു വഴിയിലൂടെ നമ്മളെ ആട്ടിത്തെളിയിച്ചുകൊണ്ടുപോകും. ഭാവനയും റിയാലിറ്റിയും തമ്മിലുള്ള ഒരു ഒളിച്ചുകളിയാണത്. ഭാവനയെ കയറൂരിവിടും. പക്ഷേ റിയാലിറ്റിയില്വച്ച് അവര്‍ കട്ട് ചെയ്യും. രചനാകൗശലത്തിലെ പതിനെട്ടാം അടവാണത്. അധികം ആരും പയറ്റിനോക്കാത്ത അടവ്. ഒന്നുകൂടി പറയാം. ക്ലൈമാക്സ് രംഗത്തെ ഒരു ‘മോളെ’ വിളി മതി, നിങ്ങള്‍ക്ക് പ്രേക്ഷകരോട് സംവദിക്കാന്‍ അക്ഷരസമൃദ്ധിയുടെ ആവശ്യമില്ലെന്ന് തെളിയിക്കാന്‍.
എഴുതിവയ്ക്കുന്നതുകൊണ്ട് അവസാനിക്കുന്നില്ല. അതിനൊരു ദൃശ്യഭാഷകൂടി ഉണ്ടാകണം. അപ്പോഴേ സിനിമയാകൂ… ആത്യന്തികമായി കാഴ്ചയാണല്ലോ സിനിമ. എഴുതിവച്ചതിനേക്കാളും മുകളില്‍ കാഴ്ചയുടെ ശാന്തത കാണെക്കാണെയില്‍ ദര്‍ശിക്കാം. കാണെക്കാണെ ശ്രദ്ധിച്ചാലറിയാം, കഥയുടെ ലെയറുകള്‍ക്കിടയില്‍ നേരിയ പട്ടുനൂല്ക്കെട്ടുകള് മാത്രമാണുള്ളത്. ആ കെട്ട് പൊട്ടാതെ കാഴ്ചയെ വ്യന്യസിക്കാന്‍ മനു അശോകന് കഴിയുന്നുണ്ട്. ‘ഉയരെ’യ്ക്ക് മുകളില്‍ കാണെക്കാണെ ദൃശ്യാവിഷ്ക്കാരത്തിന്റെ ആത്മശുദ്ധി നേടുന്നത് അതുകൊണ്ടുകൂടിയാണ്.
എഴുത്തിനെയും ദൃശ്യഭാഷയെയും ചലിപ്പിക്കുന്നത് അഭിനേതാക്കളാണ്. ഇളകിയാടാനുള്ള സ്വാതന്ത്ര്യങ്ങളൊന്നും തിരക്കഥയിലില്ല. ചതുരവടിവാണ് അവര്‍ക്കുള്ള അതിര്‍ത്തി. അത് ലംഘിച്ചാല്‍ നാടകീയമാകും. അഭിനേതാക്കളെ സംബന്ധിച്ചിടത്തോളം അതൊരു വെല്ലുവിളിയാണ്. അതിനെ സമര്‍ത്ഥമായ അതിജീവിക്കാന്‍ കഴിഞ്ഞവരാണ് അലനും പോള്മത്തായിയും. അല്ല, ടൊവിനോ തോമസും സുരാജ് വെഞ്ഞാറമ്മൂടും. അവരുടെ മുഖാമുഖം നിന്നുള്ള പ്രകടനത്തിനാണ് കാണെക്കാണെ മിക്കവാറും സാക്ഷ്യം വഹിച്ചിരിക്കുന്നത്. അത് ചിരിയായും നോവായും സ്നേഹമായും നമ്മുടെ ഉള്ളിലേയ്ക്ക് പടര്‍ന്നു കയറുന്നുവെങ്കില്‍ അതിന് കുറുക്കുവഴികളൊന്നുമില്ല, ആ പ്രകടനമികവ് മാത്രമാണ്.
മൂശയില്‍ തിളച്ചുമറിയുന്ന ദ്രാവകക്കൂട്ടായിട്ടാണ് സമീപകാലത്തെ ടൊവിനോയുടെയും സുരാജിന്റെയും പ്രകടനങ്ങളെ വിലയിരുത്തിയാല്‍ കാണാനാവുക. അതിനെ പാകപ്പെട്ടൊരു പാത്രത്തിലേയ്ക്ക് പകരണമെന്നുമാത്രം. അഥവാ അതിനെ സ്വീകരിക്കാന്‍ സ്ഫടികശുദ്ധിയാര്ന്ന ഒരു പ്രതലം ഉണ്ടാകണം. അപ്പോള്‍ നിയതമായ രൂപവും ഭാവവും മാത്രമല്ല, അലങ്കാരസമൃദ്ധിയും കൂടും. കാണെക്കാണെ അതിന് ഒടുവിലത്തെ ഉദാഹരണം മാത്രം.
ഇതിനെല്ലാമപ്പുറം കാണെക്കാണെയ്ക്ക് ചുറ്റും കരുതലോടെ കാവല്‍ നില്ക്കുന്ന അനവധി ഘടകങ്ങളുണ്ട്. ഛായാഗ്രാഹണ കലയാകട്ടെ, ചിത്ര സന്നിവേശകലയാകട്ടെ, സംഗീതമാകട്ടെ, കലാമികവാകട്ടെ, വസ്ത്രാലങ്കാരമാകട്ടെ അങ്ങനെ എല്ലാ കലകളുടെയും വിശുദ്ധി ചാര്‍ത്തപ്പെട്ട വര്ണ്ണക്കമ്പളമാണ് കാണെക്കാണെ…
കെ. സുരേഷ്
Recent Comments