മധുവാര്യര്‍ക്ക് ഒരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ. സംവിധായകനാകണം. പക്ഷേ നിയോഗം നടനാകാനായിരുന്നു. അമേരിക്കയില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നതിനിടയിലാണ് മോഹന്റെ കാമ്പസ് എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ ക്ഷണം ഉണ്ടാകുന്നത്. സിനിമയിലേയ്ക്കുള്ള തന്റെ എന്‍ട്രിയായി മധു ആ അവസരത്തെ കണ്ടു. ഒരുപിടി മികച്ച ചിത്രങ്ങളുടെ ഭാഗമായി. അപ്പോഴും ലക്ഷ്യം കൈവിട്ടിരുന്നില്ല. ദീപു കരുണാകരന് സംവിധാനം ചെയ്ത ക്രേസി ഗോപാലന് എന്ന ചിത്രത്തിലൂടെ സംവിധാന സഹായിയായി. പിന്നീട് സ്വലേ, മായാമോഹിനി എന്നീ ചിത്രങ്ങള്‍ നിര്‍മ്മിച്ചു. അതും സംവിധായകനിലേക്കുള്ള മധുവിന്റെ ദൂരം കുറച്ചു. ഒടുവില്‍ സ്വന്തം കഥയില്‍ ബിജുമേനോനേയും മഞ്ജുവാര്യരേയും പ്രധാന കഥാപാത്രങ്ങളാക്കി ഒരു ചിത്രം സംവിധാനം ചെയ്തു, ലളിതം സുന്ദരം. കുട്ടിക്കാനത്ത് ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് കോവിഡിന്റെ കടന്നുവരവ്. അതോടെ ഷൂട്ടിംഗ് നിലച്ചു. വീണ്ടും പുനരാരംഭിക്കാനുള്ള ഒരുക്കങ്ങള്‍ക്കിടയില്‍ മധുവാര്യര്‍ കാന്‍ ചാനലിനോട് സംസാരിക്കുന്നു.
? എന്താണ് ലളിതം സുന്ദരം.
പേരുപോലെ ലളിതവും അതിനേക്കാള്‍ സുന്ദരവുമായ ഒരു കുടുംബകഥ. ഒരു കുടുംബത്തിനകത്ത് നടക്കുന്ന സംഭവങ്ങളാണ് കഥയുടെ ഇതിവൃത്തം. സ്വാഭാവികമായ രീതിയില്‍, നര്‍മ്മത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിക്കുന്നു.
? ലളിതം സുന്ദരത്തിനുമുമ്പ് മധു ഒരു സിനിമ പ്ലാന്‍ ചെയ്തിരുന്നതായി കേട്ടിരുന്നല്ലോ.
ശരിയാണ്. എന്റെ സുഹൃത്ത് ഗോഡ്വിനുമായി ചേര്‍ന്ന് ഒരു കഥയുടെ എഴുത്തിലേയ്ക്ക് കടന്നിരുന്നു. പിന്നീട് പല കാരണങ്ങള്‍കൊണ്ടും അത് നടക്കാതെ പോയി.
? ലളിതം സുന്ദരത്തിന്റെ കഥയും മധുവിന്റേതല്ലേ.
അതെ. തിരക്കഥയെഴുതുന്നത് പക്ഷേ പ്രമോദ്മോഹനാണ് (ഒരായിരം കിനാക്കള്‍ എന്ന ചിത്രത്തിന്റെ സംവിധായകന്).
? ലളിതം സുന്ദരത്തിന്റെ കഥ ആദ്യം പറഞ്ഞത് ആരോടാണ്.
ബിജുമേനോനോട്.
? അനുജത്തിക്കും മുമ്പോ.
അതെ. ‘ലക്ഷ്യ’ത്തിന്റെ ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുമ്പോഴാണ് ബിജുചേട്ടനോട് കഥയുടെ ത്രെഡ് പറയുന്നത്. വര്‍ക്ക് ചെയ്തോളാന്‍ പറഞ്ഞു. അതിനുശേഷമാണ് എഴുത്തിലേയ്ക്ക് കടന്നത്. തിരക്കഥ പൂര്‍ത്തിയായപ്പോള്‍ മോഹന്‍ലാല്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ പോയി മഞ്ജുവിനോടും കഥ പറഞ്ഞു. മഞ്ജവിനും കഥ ഇഷ്ടമായി.
? എന്നിട്ടും സിനിമ തുടങ്ങാന്‍ വൈകിയത് എന്തുകൊണ്ടാണ്.
ബിജുച്ചേട്ടന് കമ്മിറ്റ് ചെയ്തുപോയ കുറെ പ്രോജക്ടുകള്‍ ഉണ്ടായിരുന്നു. അത് പൂര്‍ത്തിയാക്കണമായിരുന്നു. അതുകൊണ്ട് ഗുണമുണ്ടായത് ഞങ്ങള്ക്കുതന്നെയാണ്. തിരക്കഥയ്ക്കുമേല്‍ വീണ്ടും ഞങ്ങള്‍ ഇരുന്നു. മൊത്തത്തില്‍ പൊളിച്ചെഴുതി. തിരുത്തിയ തിരക്കഥ വായിച്ചു കേട്ടപ്പോള്‍ മഞ്ജുവും ത്രില്ലിലായി. അതിനുശേഷമാണ് മഞ്ജു ആ സിനിമ നിര്‍മ്മിക്കാന്‍ തയ്യാറായത്. അധികം വൈകാതെ സെഞ്ച്വറിയും ആ പ്രോജക്ടിനൊപ്പം ചേരുകയായിരുന്നു.
? ബിജുമേനോനും മഞ്ജുവാര്യര്ക്കുമൊപ്പമുള്ള ഷൂട്ടിംഗ് അനുഭവം എങ്ങനെയായിരുന്നു.
മഞ്ജു അഭിനയിച്ചുതുടങ്ങിയ കാലം മുതല്‍ എനിക്ക് ബിജുച്ചേട്ടനെ അറിയാം. വളരെ അടുത്ത സൗഹൃദവുമുണ്ട്. മഞ്ജു എന്റെ കുഞ്ഞനുജത്തിയും. ഒരുപക്ഷേ ഷൂട്ടിംഗ്ദിനത്തിന്റെ ആദ്യ നാളുകളില്‍ ബിജുച്ചേട്ടനും മഞ്ജുവിനും ഒരു സംവിധായകനെന്ന നിലയില്‍ എന്നില്‍ അവിശ്വാസമുണ്ടായിരുന്നിരിക്കണം. പക്ഷേ ഷൂട്ടിംഗിന്റെ ആദ്യദിനങ്ങള്‍ കഴിഞ്ഞപ്പോള്‍തന്നെ അത് മാറിക്കിട്ടിയെന്ന് എനിക്ക് മനസ്സിലായി. വളരെ സന്തോഷത്തോടുകൂടിതന്നെയാണ് അവര്‍ സെറ്റിലേയ്ക്ക് വരുന്നതും മടങ്ങുന്നതും.
ഷൂട്ടിംഗ് ഒക്കെ തുടങ്ങുന്നതിനുമുമ്പ് ഒരിക്കല്‍ വീട്ടില്‍വച്ച് മഞ്ജു എന്നോട് പറഞ്ഞത്, ക്യാമറക്ക് മുന്നില്‍ ഞാന്‍ എന്തെങ്കിലും തെറ്റുകള്‍ വരുത്തിയാല്‍ ചീത്ത പറയല്ലേയെന്നാണ്. മഞ്ജു അത് തമാശയ്ക്ക് പറഞ്ഞതാണെങ്കിലും, സെറ്റില്‍ അത്തരം പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല. വളരെ സൗഹാര്‍ദ്ദപരമായിരുന്നു. അവിടുത്തെ ഓരോ നിമിഷങ്ങളും ഞങ്ങള്‍ ആസ്വദിക്കുകയായിരുന്നു.
? അനുജത്തിയെ ക്യാമറയ്ക്ക് മുന്നില്‍ നിര്‍ത്തുന്ന ആദ്യത്തെ സഹോദരന്‍കൂടിയാണ് മധു.
ഓ, അങ്ങനെയുണ്ടോ. ഞാന്‍ അങ്ങനെയൊന്നും ഇതുവരെ ചിന്തിച്ചിട്ടില്ല. അതൊരു പുതുമയുള്ള കാര്യമാണല്ലോ.
? ഇനി എത്രദിവസത്തെ ഷൂട്ടിംഗ്കൂടി ഉണ്ട്.
23 ദിവസം. അതില്‍ പത്ത് ദിവസം പീരുമേടും, പിന്നെ എറണാകുളത്തുമാണ്.
? ഇതുവരെ ഷൂട്ട് ചെയ്ത ഭാഗങ്ങളുടെ റഷസ് കണ്ടിരുന്നോ.
കണ്ടിരുന്നു.
? എങ്ങനെ വിലയിരുത്തുന്നു.
എന്റെ സിനിമയെക്കുറിച്ച് ഞാന്‍ തന്നെ അഭിപ്രായം പറയുന്നത് ശരിയല്ലല്ലോ. പക്ഷേ എന്റെ എഡിറ്റര്‍ വളരെ സന്തോഷത്തിലും അതിനേക്കാള്‍ ആത്മവിശ്വാസത്തിലുമാണ്.
? ബിജുവിനെയും മഞ്ജുവിനെയും കൂടാതെ വേറെ ഏതൊക്കെ ആര്ട്ടിസ്റ്റുകളാണുള്ളത്.
സുധീഷ്, സൈജുകുറുപ്പ്, അനുമോഹന്‍, രഘുനാഥ് പലേരി, രമ്യാനമ്പീശന്, ദീപ്തി സതി.
? അടുത്ത ഷെഡ്യൂള്‍ എന്ന് തുടങ്ങും.
ഈ മാസം അവസാനത്തോടെ ഷൂട്ടിംഗ് തുടങ്ങാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
More Images: https://www.canchannels.com/movies/
Recent Comments