കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിക്കാരന്‍ എബിന് ആന്റണി സിനിമയില്‍ നായകനായി അരങ്ങേറ്റം കുറിച്ചത് ഇംഗ്ലീഷ് സിനിമയില്‍. അടുത്തിടെ ആമസോണ്‍ പ്രൈമില്‍ റീലീസ് ചെയ്ത ഇംഗ്ലീഷ് ഫീച്ചര്‍ ഫിലിമായ ‘സ്പോക്കണ്’ എന്ന സിനിമയില്‍ ടൈലര്‍ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് കൊണ്ടാണ് എബിന് ആന്റണിയുടെ തുടക്കം.
ടെനില്‍ റാന്‍സം രചനയും സംവിധാനവും നിര്‍വ്വഹിച്ച ഹൊറര്‍ സസ്പെന്‍സ് ത്രില്ലര്‍ സിനിമയാണ് സ്പോക്കണ്. ചിത്രത്തില്‍ നായികയോട് അഭിനിവേശമുള്ള ഒരു സംഗീതജ്ഞന്റെ കഥാപാത്രത്തെയാണ് എബിന് അവതരിപ്പിച്ചിരിക്കുന്നത്.
കലോത്സവവേദികളില്‍ നൃത്തം, നാടകം, മിമിക്രി തുടങ്ങിയ ഇനങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച എബിന് ആന്റണി സിനിമാ അഭിനയവും പാഷനായി മനസ്സില്‍ കൊണ്ടു നടക്കുകയായിരുന്നു. എഞ്ചിനിയറിങ്ങ് പഠനത്തിനിടയില്‍ നൂറിലേറെ മലയാളം, തമിഴ്, ഇംഗ്ലീഷ് സിനിമകള്‍ക്കും കാര്‍ട്ടൂണുകള്‍ക്കും വേണ്ടി ഡബ്ബിംഗ് ചെയ്തും തിരക്കഥകള്‍ എഴുതിയും സിനിമയില്‍ സജീവമായി.
ഉപരിപഠനാര്‍ത്ഥം അമേരിക്കയില്‍ എത്തിയപ്പോഴാണ് എബിന്റെ ഉള്ളിലെ അഭിനയമോഹം വീണ്ടും ഉണര്‍ന്നത്. പഠനത്തിന് ശേഷം ലോസ് ഏഞ്ചല്‍സിലുള്ള ന്യൂയോര്‍ക്ക് ഫിലിം അക്കാദമിയില്‍ ആക്ടിംഗ് കോഴിസിന് ചേര്‍ന്നു. ലിയനാര്‍ഡോ ഡികാപ്രിയോയെ പോലുള്ള പ്രശസ്തരായ അഭിനേതാക്കളുടെ ആക്ടിങ്ങ് കോച്ചായ ലാരി മോസിന്റെയും റ്റിം ഫിലിപ്സിന്റെയും കീഴില്‍ ഇപ്പോള്‍ അഭിനയം പരിശീലിച്ചു കൊണ്ടിരിക്കയാണ് എബിന്.
ടോം ലെവിന്റെ ‘പാര്‍ട്ടി’ എന്ന നോവലിനെ ആസ്പദമാക്കി കെവിന് സ്റ്റീവന്‍സണ്‍ സംവിധാനം ചെയ്ത ‘ബട്ടര്ഫ്ളൈസാ’ണ് എബിന്റെ അടുത്ത സിനിമ. ഈ വര്‍ഷം ‘ബട്ടര്‍ഫ്ളൈസ്’ റിലീസ് ചെയ്യും. ഹോളിവുഡ് സിനിമകളില്‍ അഭിനയിക്കുമ്പോഴും മാതൃഭാഷയായ മലയാളത്തിലും അഭിനയിച്ച് ശ്രദ്ധേയനാകണമെന്നാണ് ലക്ഷ്യം. അതിനായുള്ള പരിശ്രമത്തിലാണ് എബിന് ആന്റണി.
മുന്‍ യൂണിവേഴ്സിറ്റി സോക്കര്‍ കളിക്കാരനും, മിക്സഡ് മാര്‍ഷ്യല്‍ ആര്‍ട്ടിസ്റ്റും നര്‍ത്തകനും കൂടിയാണ് എബിന് ആന്റണി.
Recent Comments