കോളേജില്‍ പഠിക്കുന്ന കാലത്തുതന്നെ സ്വന്തമായൊരു ബാന്‍ഡിനെക്കുറിച്ച് ഞാന്‍ സ്വപ്നം കണ്ടിരുന്നു. അക്കാലത്ത് ചില ബാന്‍ഡുകള്‍ക്കുവേണ്ടി പാടിയിട്ടുമുണ്ട്. കൊച്ചിയില്‍ പ്രസിഡന്‍സി ഹോട്ടലിലെ പാട്ടുകാരനായതും അങ്ങനെയാണ്. വെസ്റ്റേണ്‍ പാട്ടുകളാണ് ഞാന്‍ പാടിയിരുന്നത്. അതേ ഹോട്ടലില്‍ മറ്റൊരു ബാന്‍ഡിനുവേണ്ടി പാടിയിരുന്നത് സുഹൃത്ത് കൂടിയായ റോണി ഫിലിപ്പാണ്. പ്രീഡിഗ്രി മുതലുള്ള ബന്ധമാണ് ഞങ്ങള്‍ തമ്മില്‍. റോണിക്ക് മലയാളവും വെസ്റ്റേണും ഒരുപോലെ വഴങ്ങിയിരുന്നു.
രാത്രികാലത്തുള്ള പാട്ടുപരിപാടി അമ്മ തീരെ ഇഷ്ടപ്പെട്ടിരുന്നില്ല. ഞാന്‍ ഒറ്റ മോനാണല്ലോ. ചീത്ത കൂട്ടുകെട്ടിലെങ്ങാനും വീണുപോയേക്കുമെന്ന് അമ്മ ഭയന്നു.
ഏതാണ്ട് അതേ സമയത്തുതന്നെയാണ് മിമിക്രിയും സിനിമയുമൊക്കെ തലയിലേയ്ക്ക് കയറിത്തുടങ്ങിയത്. അതോടെ പാട്ടുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടു.
അടുത്തിടെ ഫ്ളൈഹൈ എന്നൊരു ബാര്‍ ഹോട്ടലിന്റെ ഉദ്ഘാടന ചടങ്ങിന് വിശിഷ്ടാതിഥിയായി എന്നെയും ക്ഷണിച്ചിരുന്നു. ഉദ്ഘാടനത്തോടനുബന്ധിച്ച് വിജയ് യേശുദാസിന്റെ പാട്ടുമുണ്ടായിരുന്നു. ഇടയ്ക്ക് വിജയ്യാണ് എന്നോടൊരു പാട്ട് പാടാന്‍ പറഞ്ഞത്. ഞാന്‍ പാടുമോ എന്ന് പലരും വിളിച്ച് ചോദിക്കുന്നുണ്ടായിരുന്നു. ‘ഹീ ഈസ് എ ബ്രില്യന്റ് സിംഗര്‍’ എന്ന് പറഞ്ഞാണ് വിജയ് എന്നെ പരിചയപ്പെടുത്തിയത്. വെസ്റ്റേണ്‍ സോംഗാണ് ഞാന്‍ അന്നും പാടിയത്. പാട്ട് കേട്ടവരെല്ലാം അഭിനന്ദിച്ചു. അവിടെവച്ച് ആ ഹോട്ടലിന്റെ മാനേജര്‍ കൂടിയായ റാമാണ് പറഞ്ഞത് ‘നിങ്ങള്‍ക്കൊരു ഫുള്‍ ബാന്‍ഡ് ചെയ്തൂടേ?’
ആ പഴയ ബാന്‍ഡ് മോഹം പൊടിതട്ടിയെടുത്തത് അതിന് പിന്നാലെയാണ്. എന്റെ മകന് ആദം ഷെം നല്ലൊരു ഇലക്ട്രിക് ഗിറ്റാറിസ്റ്റാണ്. റോണിയുടെ മകള്‍ ലീ ആന്‍ കീബോര്‍ഡ് പ്ലെയററും. അവരേയും ചേര്‍ത്ത് ഞാനൊരു ഫുള്‍ ബാന്റ് പ്രോഗ്രാം ചെയ്തു. നേരത്തെ പറഞ്ഞ അതേ ഫ്ളൈഹൈ ഹോട്ടലില്‍ മറ്റൊരു ദിവസം. അത് ഭയങ്കര വിജയമായി.
പക്ഷേ ഒരു പ്രൊഫഷല്‍ ബാന്‍ഡ് ആകുമ്പോള്‍ ഇനിയും കലാകാരന്മാര് വേണം. റോണി ഫിലിപ്പാണ് അവിടെയും വഴിക്കാട്ടിയായത്. കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ക്ലേസിസ് ബാന്‍ഡിനെക്കുറിച്ച് പറഞ്ഞുതന്നതും പരിചയപ്പെടുത്തിയതും റോണിയാണ്.
ക്ലേസിസ് ടെക്നോളജീസ് എന്ന ഐ.ടി. സ്ഥാപനം സ്വന്തം ജീവനക്കാര്‍ക്കായി രൂപീകരിച്ച ബാന്ഡാണത്. ഏറ്റവും സമ്മര്‍ദ്ദത്തിന് അടിമപ്പെട്ട് വര്‍ക്ക് ചെയ്യുന്നവരാണ് ഐ.ടി. പ്രൊഫഷണലുകളേറെയും. അവരെ റിലാക്സ് ചെയ്യിക്കാന്വേണ്ടിയാണ് ഇങ്ങനെയൊരു ആശയംതന്നെ തുടങ്ങിയത്. അതിനുവേണ്ടി പാട്ടുകാരെയും വാദ്യോപകരണ വിദഗ്ധരെയും കമ്പനിതന്നെ നിയമിച്ചു. അവര്‍ക്കായി ഒരു ഓഡിറ്റോറിയവും വിട്ടുനല്‍കി. രാവിലെ മുതല്‍ സംഗീതനിശ ഉണ്ടാകും. ആര്‍ക്കും അവിടെ പോയി പാട്ട് കേള്‍ക്കാം. പാടാനറിയുന്നവര്‍ക്ക് പാടുകയും ചെയ്യാം.
ക്ലേസിസ് ബാന്‍ഡിലെ കലാകാരന്മാരെയും ചേര്‍ത്താണ് ഞങ്ങളൊരു ബാന്‍ഡിന് രൂപം കൊടുത്തിരിക്കുന്നത്. ഈ ബാന്‍ഡിന്റെ ആദ്യ പ്രോഗ്രാം മഴവില്‍ മനോരമയുടെ അവാര്‍ഡ് നിശയില്‍വച്ച് അരങ്ങേറും. അത് മലയാളത്തിലെ മറ്റൊരു ബാന്‍ഡിന്റെ തുടക്കം കൂടിയാവും. എന്റെ സ്വപ്നസാക്ഷാത്ക്കാരവും.
Recent Comments