ഒരു കൂട്ടം മാധ്യമപ്രവര്‍ത്തകരുടെ മുന്നിലിരുന്ന് വിനായകന് ചോദ്യങ്ങള്‍ ചോദിക്കുകയാണ്. എന്താണ് മീ റ്റു? ഒരു പെണ്ണിനെ സെക്സ് ചെയ്യാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങള്‍ അത് അവളോട് എങ്ങനെ ചോദിക്കും? ഒപ്പം കൂട്ടത്തിലിരുന്ന ഒരു മാധ്യമപ്രവര്‍ത്തകയെ കൈചൂണ്ടിയിട്ട് എനിക്കവരെ സെക്സ് ചെയ്യണമെന്നുണ്ടെങ്കില്‍ ഞാനവരോട് ചോദിക്കുമെന്നും വിനായകന് വീമ്പിളക്കുന്നു. ഒന്നല്ല, പത്തിലേറെ പെണ്‍കുട്ടികളുമായി താന്‍ സെക്സ് ചെയ്തിട്ടുണ്ടെന്നും ആത്മാഭിമാനത്തോടെ വിളിച്ചുപറയുന്നു. ഒന്നിനും ഒരു ഉത്തരവുമില്ലാതെ കുറെ മാധ്യമപടകള്‍(?). കൂട്ടത്തിലുള്ള ഒരു സഹപ്രവര്‍ത്തകയെ ചൂണ്ടി എനിക്കവരെ സെക്സ് ചെയ്യണമെന്നുണ്ടെങ്കില്‍ ചോദിക്കുമെന്ന് പറയുമ്പോഴും വിഡ്ഢിച്ചിരിയോടെ ആര്‍ത്ത് രസിക്കുകയാണ് ഫോര്‍ത്ത് എസ്റ്റേറ്റിന്റെ കാവല്‍ ഭടന്മാര്. ലജ്ജ തോന്നുന്നു. വിനായകനോട് മാത്രമല്ല, മാധ്യമപ്രവര്‍ത്തകരോടും. നിങ്ങള്‍ ഇത്രകണ്ട് തരം താഴരുത്.
പൊതു ഇടത്തിലിരുന്ന് ലൈംഗികച്ചുവയുള്ള കാര്യങ്ങള്‍ സംസാരിച്ചതിന്റെ പേരില്‍മാത്രം വിനായകനെതിരെ കേസ്സെടുക്കാം. ഒരു വര്‍ഷം തടവുശിക്ഷ അനുഭവിക്കാനുള്ള സര്‍വ്വ യോഗ്യതകളും ഇക്കാര്യത്തില്‍ വിനായകനുണ്ട്. മൂന്നു വര്‍ഷത്തില്‍ കുറയാത്ത ജയില്ശിക്ഷയാണെങ്കില് പോലീസുകാര്‍ക്ക് നേരിട്ട് കേസെടുക്കാനാവില്ലെന്ന് നിയമപഴുത് നിലവിലുണ്ട്. കൂട്ടത്തില്‍ നട്ടെല്ലുള്ള ഏതെങ്കിലും മാധ്യമപ്രവര്‍ത്തകരുണ്ടെങ്കില്‍ (മാധ്യമപ്രവര്‍ത്തകരാണെങ്കില്‍) വിനായകനെതിരെ കേസ് കൊടുക്കണം. ഈ സര്വ്വസ്വാതന്ത്ര്യത്തിന്റെ അപ്പോസ്തലനെ അറസ്റ്റ് ചെയ്യാനാവശ്യപ്പെടാന് വേണ്ടുവോളം തെളിവുകള്‍ കോടതിക്ക് മുന്നില്‍ ഇപ്പോള്‍തന്നെയുണ്ട്. നിയമപീഠം അവരുടെ കര്‍മ്മം ചെയ്യും. നിയമപാലകര്‍ അത് അനുസരിക്കും. അതിനപ്പുറത്തുള്ള ഒരു നീക്കുപോക്കുകളും വിനായകനോട് കാട്ടരുത്.
ഒരു തുള്ളി രക്തം ചീന്താതെ, വിജയം നേടാന്‍ ഇനിയും വഴിയുണ്ട്. ഇവനെയൊന്നും കൊള്ളാവുന്ന ഒരിടത്തും കൊണ്ടിരുത്തരുത്. ഒഴിവാക്കുകതന്നെ വേണം. അങ്ങനെയെങ്കിലും ആ പുഴുത്ത നാവ് ശബ്ദിക്കാതിരിക്കട്ടെ.
-കെ. സുരേഷ്
Recent Comments