അളകപ്പനെ വിളിക്കുമ്പോള്‍ അദ്ദേഹം യു.കെയിലായിരുന്നു. മകന്റെയും മരുമകളുടെയും അടുത്ത് ഭാര്യയ്ക്കൊപ്പം എത്തിയതായിരുന്നു. മകന് ശ്രീനാഥ് ശിവ ബ്രിട്ടീഷ് പൗരനാണ്. മരുമകള്‍ ഷ്യൂ ലി ജന്മംകൊണ്ട് ചൈനക്കാരിയാണ്.
അളകപ്പന് പുതുതായി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രമാണ് ഫൂട്ട്പ്രിന്റ്സ് ഓണ്‍ വാട്ടര്‍. അതിന്റെ വിവരങ്ങള്‍ അറിയാനാണ് അദ്ദേഹത്തെ വിളിച്ചത്.
‘ചിത്രത്തിന്റെ ഷൂട്ടിംഗ് ഡിസംബറില്‍ ലണ്ടനില്‍ തുടങ്ങും. ബര്‍മിംഗ്ഹാം ആണ് പ്രധാന ലൊക്കേഷന്‍. മൂന്നു ദിവസത്തെ വര്‍ക്കുകള്‍ കേരളത്തിലുമുണ്ടാവും.’
‘നിങ്ങളുടെ സ്വദേശിയാണ് (കൊല്ലം) സംവിധായിക. പറഞ്ഞാല്‍ അറിയാം, ഒ. മാധവന്‍സാറിന്റെ പേരക്കുട്ടിയാണ്. അതായത് മുകേഷിന്റെ ഇളയ സഹോദരി ജയശ്രീയുടെയും ശ്യാംലാലിന്റെയും ഇളയ മകള്‍. നതാലിയ ശ്യാം എന്നാണ് പേര്. തിരക്കഥ എഴുതുന്നത് നതാലിയയുടെ സഹോദരി നീതാ ശ്യാമാണ്. എല്ലാവരും ലണ്ടനില്‍ സെറ്റില്‍ഡാണ്.’
‘കഴിഞ്ഞ മൂന്ന് വര്‍ഷമായി ഈ പ്രോജക്ടിന് പിറകെയാണ് അവര്‍. ഒരിക്കല്‍ നതാലിയ എന്നെ വിളിച്ച് കഥയുടെ ത്രെഡ് പറഞ്ഞു. ഞാനാണവരോട് എഴുതാന്‍ പറയുന്നത്. തിരക്കഥ പൂര്‍ത്തിയായപ്പോള്‍, നായകനെ തേടിയുള്ള യാത്രകളിലായിരുന്നു. ഒടുവില്‍ അദില്‍ ഹുസൈനോട് കഥ പറുകയും അദ്ദേഹം കമ്മിറ്റ് ചെയ്യുകയും ചെയ്തു. ഇതിലെ മറ്റു രണ്ട് കേന്ദ്രകഥാപാത്രങ്ങള്‍ ഒരു അമ്മയും മകളുമാണ്. അത് ലെനയും നിമിഷാ സജയനും ചെയ്യുന്നു. അന്റോണിയോ അക്കീലാണ് മറ്റൊരു പ്രധാന വേഷം ചെയ്യുന്നത്.’
‘ബ്രിട്ടനിലെ കുടിയേറ്റക്കാരുടെ കഥയാണ് ഫൂട്ട്പ്രിന്റ്സ് ഓണ്‍ വാട്ടര്‍ പറയുന്നത്.’
‘വ്യക്തിപരമായി എനിക്ക് ഏറെ സന്തോഷമുണ്ട് ഈ പ്രോജക്ടിന്റെ ഭാഗമാകുന്നതില്‍. അതിന് കാരണങ്ങള്‍ പലതാണ്. ശ്യാംലാലിന്റെയും ജയശ്രീയുടെയും കുടുംബവുമായി ഞങ്ങള്‍ക്ക് നീണ്ട നാളത്തെ സൗഹൃദമുണ്ട്. വര്‍ഷങ്ങള്‍ക്കുമുമ്പ് കാളിദാസ കലാകേന്ദ്രത്തിന്റെ ബാനറില്‍ ശ്യാംലാല്‍ നിര്‍മ്മിച്ച വിവാഹാലോചന എന്ന ടെലിഫിലിമിനുവേണ്ടി ഛായാഗ്രഹണം നിര്‍വ്വഹിച്ചത് ഞാനാണ്. ശ്യാമപ്രസാദായിരുന്നു സംവിധായകന്. റഷ്യന്‍ എഴുത്തുകാരനായിരുന്ന ആന്റോ ചെക്കോവിന്റെ ചെറുകഥയെ ആസ്പദമാക്കി നിര്‍മ്മിച്ച ടെലിഫിലിമായിരുന്നു അത്. ശ്രീനിവാസനായിരുന്നു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ആ ടെലിഫിലിം ഷൂട്ട് ചെയ്യുമ്പോള്‍ ജയശ്രീ നതാലിയയെ ക്യാരി ചെയ്തിരിക്കുന്ന സമയമായിരുന്നു. വിവാഹാലോചനയിലെ നായികാകഥാപാത്രത്തിന്റെ പേരാണ് നതാലിയ. അതുകൊണ്ട് അവര്‍ക്ക് പിറന്ന മകള്‍ക്ക് നതാലിയ ശ്യാം എന്ന പേരും നല്കി.’
‘സിനിസ്റ്റാനിന്റെ ആഭിമുഖ്യത്തില്‍ നടന്ന അന്തര്‍ദ്ദേശീയ തിരക്കഥാമത്സരത്തില്‍ തെരഞ്ഞെടുക്കപ്പെട്ട അഞ്ച് മികച്ച തിരക്കഥകളില്‍ ഒന്നുകൂടിയായിരുന്നു ഫൂട്ട്പ്രിന്റ്സ് ഓണ്‍ വാട്ടര്‍. അമീര്‍ഖാനാണ് അന്ന് വിജയികളെ പ്രഖ്യാപിച്ചത്. തീര്‍ച്ചയായും ഇതൊരു ഇന്റര്‍നാഷണല്‍ ഫിലിമാണ്. ദി പ്രൊഡക്ഷന്‍ ഹെഡ്ക്വാട്ടേഴ്സ് ലിമിറ്റഡിന്റെ ബാനറില്‍ മോഹന്‍ നടാറാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.’
Recent Comments