മറ്റ് എല്ലാവരെയും പോലെ എന്നെയും എംടിയിലേയ്ക്ക് അടുപ്പിക്കുന്നത് അദ്ദേഹത്തിന്റെ രചനകളാണ്. എം.ടിയുടെ പുസ്തകങ്ങള്‍ മാത്രം തിരഞ്ഞുപിടിച്ചു ആര്‍ത്തിയോടെ വായിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. വായനയില്‍ പിച്ചവച്ച് തുടങ്ങിയവര്‍ക്കും അതില്‍ ആഴത്തില്‍ തപസ്സിരുന്നവര്ക്കും ഒരുപോലെ മാര്‍ഗ്ഗദീപം തെളിക്കുന്നതായിരുന്നു എം.ടിയുടെ രചനകള്‍.
എം.ടിയെ നേരില്‍ കണ്ടത് ഇന്നുമോര്‍ക്കുന്നു. കുങ്കുമം വാരികയിലായിരുന്നു എന്റെ തുടക്കം. സാഹിത്യകാരന്മാരുടെ അഭിമുഖം പകര്‍ത്താന്‍ ഓടിനടന്നിരുന്ന കാലം. അന്ന് കുങ്കുമത്തിന്റെ ചീഫ് എഡിറ്റര്‍ എം.കെ. സാനുവായിരുന്നു. എഡിറ്റര്‍ എസ്. രാമകൃഷ്ണനും. രാമകൃഷ്ണന്‍സാര്‍ പറഞ്ഞിട്ടാണ് തുഞ്ചന്‍ പറമ്പിലെ സാഹിത്യോത്സവം കവര്‍ ചെയ്യാന്‍ നിയോഗമുണ്ടാകുന്നത്. നാശോന്മുഖമായി കിടന്നിരുന്ന തുഞ്ചന്‍ പറമ്പിന്റെ അക്ഷരപ്രൗഡി വീണ്ടെടുത്തത് എംടിയുടെ നേതൃത്വത്തിലായിരുന്നു. കേരളത്തിന് അകത്തും പുറത്തും നിന്നുള്ള എഴുത്തുകാരെ തുഞ്ചന്‍ പറമ്പിലേയ്ക്ക് അദ്ദേഹം ആനയിച്ചുകൊണ്ടുവന്നു. സാഹിത്യ സെമിനാറുകളും കവിയരങ്ങുകളും തുഞ്ചന്‍ പറമ്പിനെ ആഘോഷമാക്കിയ നാളുകള്‍. ആ ഉത്സവഛായയിലേയ്ക്കാണ് ഞാനും കടന്നുചെന്നത്. അന്ന് അവിടെവച്ച് ആദ്യമായി എംടി എന്ന മാനസ്സഗുരുവിനെ കണ്ടു. തിരക്കുപിടിച്ച സമയത്തിനിടയില്നിന്ന് ഒരല്പ്പനേരം കുങ്കുമത്തിനുവേണ്ടി അദ്ദേഹം സംസാരിച്ചു. പരിസ്ഥിതിയുടെ പ്രാധാന്യത്തെക്കുറിച്ചാണ് അദ്ദേഹം വാചാലനായത്. അഭിമുഖം അവസാനിപ്പിച്ച് മടങ്ങുംമുമ്പ് ഞാന്‍ ആ ഗുരുവര്യന്റെ പാദം തൊട്ട് വണങ്ങി. അക്ഷരപ്രസാദം നെറുകയില്‍ ഏറ്റുവാങ്ങിയ അനുഭവമായിരുന്നു അത്.
പിന്നീടൊരിക്കല്‍ ഹരിഹരന് സാറിന്റെ മകളുടെ വിവാഹത്തിന് ഗുരുവായൂരില്‍വച്ച് കാണുമ്പോള്‍ പ്രായാധിക്യത്തിന്റെ അവശതകള്‍ എംടിയെ കാര്‍ന്നുതിന്നാന്‍ തുടങ്ങിയിരുന്നു. വേദിയിലേയ്ക്ക് നടന്നുകയറാന്‍ വിഷമിക്കുമ്പോള്‍ അദ്ദേഹത്തിന്റെ വലംകൈ പിടിക്കാനുള്ള ഭാഗ്യവും ദൈവം എനിക്കായി കരുതിവച്ചതുപോലെ തോന്നി. അക്ഷരങ്ങള്‍കൊണ്ട് ജാലവിദ്യ കാട്ടിയ ആ നീണ്ട് മെലിഞ്ഞ കൈവിരലുകള്‍ എന്റെ കൈകളില്‍ അമരുമ്പോള്‍ എന്റെ ശരീരം വിറകൊണ്ടിരുന്നു.
മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന സിനിമയുടെ കവറേജിന് കോഴിക്കോട് എത്തിയപ്പോള്‍ ഒരു അതിമോഹം ഉണ്ടായി. ‘സിത്താര’യില്‍ പോയി എം.ടി സാറിനെ കാണണം. മോഹന്‍ലാലിനെ ആ വീട്ടിലേയ്ക്ക് കൊണ്ടുവരണം. അവരെ ചേര്‍ത്ത് ഒരു പടം എടുക്കം. ഒരു സ്റ്റോറി എഴുതണം. ലാലേട്ടനോട് ഇതിനെക്കുറിച്ച് ഒന്നും പറഞ്ഞില്ല. എല്ലാം നല്ല ഉദ്യമങ്ങളോടും അദ്ദേഹം ഒപ്പം നിന്നിട്ടുള്ളത് മാത്രമായിരുന്നു എം.ടിയുടെ മുന്നിലെത്തി അങ്ങനെയൊരു ആവശ്യം അറിയിക്കാനുള്ള ധൈര്യമുണ്ടായത്. ലാല്‍ കോഴിക്കോടുള്ള കാര്യം എം.ടിയും അറിഞ്ഞിരുന്നു. അര്‍ത്ഥഗര്‍ഭമായ മൗനത്തിലൂടെ അദ്ദേഹം ഞങ്ങള്‍ക്ക് അനുമതി നല്‍കുകയായിരുന്നു. പിന്നീടൊരു പാച്ചിലായിരുന്നു. പക്ഷേ ഇത്തവണ ഭാഗ്യം ഞങ്ങളെ തുണയ്ക്കാനുണ്ടായിരുന്നില്ല. ഷൂട്ടിംഗ് ഷിഫ്റ്റ് ചെയ്തു. കുറേയേറെ ദൂരത്തിലേയ്ക്ക്. അവിടുന്ന് മോഹന്‍ലാലിനെ സിത്താരയില്‍ എത്തിക്കുന്നത് അസംഭവ്യമായിരുന്നു. എം.ടി സാറിനെ ഫോണില്‍ വിളിച്ചു. മകള്‍ അശ്വതിയാണ് ഫോണ്‍ എടുത്തത്. കാര്യം പറഞ്ഞു. ഒരു നടക്കാതെപോയ സ്വപ്നമായി അത് ഇന്നും മനസ്സിലുണ്ട്.
ഏറ്റവും ഒടുവില്‍ എം.ടിയുടെ 90-ാം പിറന്നാളില്‍ അദ്ദേഹത്തോടൊപ്പം സദ്യയുണ്ണാനുള്ള ഭാഗ്യവും കാലം കരുതിവച്ചിരുന്നു. എം.ടിയുടെ ചെറുകഥകളെ അവലംബിച്ച് സിനിമകള്‍ ചെയ്തുകൊണ്ടിരുന്ന സമയമായിരുന്നു അത്. അതില്‍ ഓളവും തീരവും എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത് തൊടുപുഴയിലായിരുന്നു. പ്രിയദര്‍ശനാണ് സംവിധായകന്. ബാപ്പൂട്ടിയെ അവതരിപ്പിക്കുന്നത് മോഹന്‍ലാലും. എം.ടിയുടെ തൊണ്ണൂറാം പിറന്നാള്‍ ആ ലൊക്കേഷനില്‍ ആഘോഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. അതിനുവേണ്ടി കോഴിക്കോടുനിന്ന് അദ്ദേഹം തൊടുപുഴയില്‍ എത്തി. ശാരീരികമായി ഏറെ അവശനായിരുന്നെങ്കിലും ആ മുഖം ഊര്‍ജ്ജസ്വലതയോടെ തിളങ്ങി. അന്ന് അദ്ദേഹം കേക്ക് മുറിച്ചു. പിറന്നാള്‍ സദ്യ ഉണ്ടു. ആ പന്തിയില്‍ ഒരിടത്ത് എനിക്കും ഒരിടം കിട്ടി.
അക്ഷരസൂര്യന്റെ നാളം കെടുമ്പോള്‍ ഇത്തിരിവെട്ടമായി ഓര്‍ക്കാനും കാലങ്ങളോളം മനസ്സില്‍ പേറാനും ഈ മരിക്കാത്ത ഓര്‍മ്മകള്‍ മാത്രമേ അവശേഷിക്കുന്നുള്ളൂ. മഹാഗുരുവിന് പ്രണാമം.
Recent Comments