പ്രവര്‍ത്തന ക്ഷമത കുറഞ്ഞ മാസ്ക് നിര്‍മ്മാണ യന്ത്രം നല്കി വഞ്ചിച്ചു, കമ്പനിക്ക് 12.88 ലക്ഷം രൂപ പിഴവിധിച്ച് ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി. സ്വയം തൊഴില്‍ കണ്ടെത്തുന്ന പുതിയ സംരംഭകരുടെ അറിവില്ലായ്മ മുതലെടുത്തു അവരെ ചൂഷണം ചെയ്യുന്ന ധാരാളം ആളുകള്‍ നാട്ടിലുണ്ട്…. പുതിയതായി വ്യവസായം, കൃഷി, കച്ചവടം, വാഹനം എന്നിവയൊക്കെ തുടങ്ങുമ്പോള്‍ തുടക്കത്തില്‍ പരിചയ കുറവുണ്ടാവും. അത് മുതലെടുക്കുവാനായി കണ്ണില്‍ എണ്ണയൊഴിച്ച് കാത്തിരിക്കുന്ന ആളുകള്‍ ധാരാളം.
കോവിഡ് കാലത്തെ ജീവിതമാര്‍ഗമായ മാസ്ക് നിര്‍മ്മാണം അവതാളത്തിലാക്കിയ മെഷീന് നിര്‍മാണ കമ്പനി നഷ്ടപരിഹാരവും കോടതി ചെലവും മെഷിനിന്റെ വിലയും പരാതിക്കാരന് നല്‍കണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃതര്‍ക്ക പരിഹാര കോടതി വിധിച്ചു. എറണാകുളം, ആലുവ സ്വദേശിയും എസ് ജി ബാഗ്സ് എന്ന സ്ഥാപനത്തിന്റെ ഉടമയുമായ ശ്രീജിത്ത് ജി സമര്‍പ്പിച്ച പരാതിയിലാണ് കോടതിയുടെ ഉത്തരവ്.
തമിഴ്നാട് സ്വദേശി ടി വിശ്വനാഥ ശിവന്റെ ഉടമസ്ഥതയിലുള്ള ശിവന് ഇന്‍ഡസ്ട്രീയല്‍ എന്‍ജിനീയറിങ് എന്ന സ്ഥാപനത്തിനെതിരെയാണ് പരാതി നല്‍കിയത്.
2020 സെപ്റ്റംബര്‍ മാസത്തിലാണ് 6,78,500 രൂപ നല്കി പരാതിക്കാരന് എതിര്‍കക്ഷിയില്‍ നിന്നും മെഷിന് വാങ്ങിയത്. കോവിഡ് കാലത്തെ ഫേസ് മാസ്ക്ക് നിര്‍മ്മാണം ജീവിതമാര്‍ഗം എന്ന നിലയിലാണ് പരാതിക്കാരന് ഈ മെഷീന് വാങ്ങിയത്. നാട്ടിലെത്തിച്ച മെഷിനിന്റെ പല ഭാഗങ്ങളും ഉണ്ടായിരുന്നില്ല എന്ന് പിന്നീട് ബോധ്യപ്പെട്ടു. ട്രാന്സ്പോര്ട്ടിങ്ങില് സംഭവിച്ച പിഴവാണ് ഇതിനു കാരണമെന്നും ഉടനെ ഈ പാര്‍ട്ട്സുകള്‍ എത്തിക്കാമെന്നും എതിര്‍കക്ഷി പരാതിക്കാരന് ഉറപ്പു നല്കി. എന്നാല്‍ ഈ പാര്‍ട്സ് ഉപയോഗിച്ച് ഉണ്ടാക്കിയ മാസ്ക്കുകളും ശരിയായില്ല. ഇതുമൂലം വലിയ നഷ്ടമാണ് പരാതിക്കാരന് ഉണ്ടായത്. നിരവധി ആശുപത്രികളില്‍ നിന്നും മാസ്ക്കിന് ഓര്‍ഡര്‍ ലഭിച്ചിരുന്നു. പക്ഷേ അവ നല്കാന് പരാതിക്കാരന് കഴിഞ്ഞില്ല.
എന്നാല്‍ പരാതിക്കാരന്റെ സ്ഥാപനത്തിലെ സാങ്കേതിക പരിജ്ഞാനം ഇല്ലാത്ത തൊഴിലാളികള്‍ പ്രവര്‍ത്തിക്കുന്നത് കൊണ്ടാണ് മാസ്ക്കുകള്‍ കേടായതെന്നാണ് എതിര്‍കക്ഷിയുടെ വാദം. മിഷ്യന് പരിശോധിക്കുന്നതിനായി ഒരു വിദഗ്ധ കമ്മീഷനെ നിയമിക്കുകയും ഈ റിപ്പോര്‍ട്ട് കമ്മീഷന് പരിശോധിക്കുകയും ചെയ്തു. പരാതിക്കാരന്റെ വാദം ശരിയാണെന്ന് ബോധ്യപ്പെട്ടു. ശബ്ദ മലിനീകരണവും സുരക്ഷാ ഭീഷണിയും ഉയര്‍ത്തുന്നതാണ് മിഷ്യന്റെ പ്രവര്‍ത്തനം എന്ന് കമ്മീഷണര്‍ വിലയിരുത്തി.
കോവിഡ് കാലത്തെ ഡിമാന്‍ഡ് പ്രകാരമുള്ള മാസ്കിന്റെ നിര്‍മ്മാണവും വില്പനയും ആണ് മിഷ്യന് വാങ്ങിയതിലൂടെ പരാതിക്കാരുദ്ദേശിച്ചത്. എന്നാല്‍ എതിര്‍കക്ഷിയുടെ നിയമവിരുദ്ധമായ നടപടികള്‍ മൂലം വലിയ മനഃക്ലേശവും സാമ്പത്തിക നഷ്ടവും പരാതിക്കാരനുണ്ടായെന്ന് ഉത്തരവില്‍ വിലയിരുത്തി.
‘പഴയ ഉപഭോക്തൃ സംരക്ഷണ നിയമത്തില്‍ നിന്നും 2019 ലെ പുതിയ നിയമത്തിലേക്കുള്ള മാറ്റങ്ങള്‍ ഉപഭോക്തൃ അവകാശ സംരക്ഷണ മേഖലയില്‍ വലിയ മാറ്റമാണ് ഉണ്ടാക്കിയിട്ടുള്ളത്. ‘ഉപഭോക്താക്കള്‍ ജാഗ്രത പാലിക്കുക’ എന്ന തത്വത്തില്‍ നിന്നും ‘വ്യാപാരി ജാഗ്രത പാലിക്കുക’ എന്ന ക്രിയാത്മകമായ മാറ്റമാണ് സംഭവിച്ചതെന്ന് പ്രസിഡണ്ട് ഡി ബി ബിനു വിലയിരുത്തി. മെഷിനിന്റെ വിലയായ 6,78,500 രൂപ പരാതിക്കാരന് എതിര്‍കക്ഷി തിരിച്ചു നല്‍കണം. കൂടാതെ ആറ് ലക്ഷം രൂപ നഷ്ടപരിഹാരവും പതിനായിരം രൂപ കോടതി ചെലവും 45 ദിവസത്തിനകം എതിര്‍കക്ഷി പരാതിക്കാരന് നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു.
Recent Comments