തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ അദ്ധ്യാപകനായിരുന്ന കാലത്ത് സംസ്കൃത കോളേജിലെ അദ്ധ്യാപകനും ജ്യോതിശാസ്ത്രത്തില്‍ ആഴത്തില്‍ അറിവുണ്ടായിരുന്ന പദ്മനാഭന് നായര്‍ നരേന്ദ്രപ്രസാദിനോട് ജന്മദിനം ചോദിച്ചറിഞ്ഞ ശേഷം ഒരു പ്രവചനം നടത്തി. ‘നിങ്ങളുടെ ജീവിതത്തില്‍ 46-ാം വയസ്സില്‍ ഒരു വഴിത്തിരിവ് ഉണ്ടാകും, തുടര്‍ന്ന് 11 വര്‍ഷക്കാലം നിങ്ങള്‍ മിന്നിനില്ക്കും.’ കേട്ട് നിന്നവര്‍ ആരും തന്നെ അത് കാര്യമായി എടുത്തില്ല. കാലം ഒരുപാട് കടന്നുപോയി. തലസ്ഥാനം സിനിമയില്‍ അഭിനയിക്കാന്‍ ഒരു വിളി നരേന്ദ്രപ്രസാദിനെ തേടി എത്തി. തന്റെ ശിഷ്യനായ മുരളിക്ക് വെച്ച പരമേശ്വരന് എന്ന രാഷ്ട്രീയക്കാരന്റെ വേഷം നിയോഗം പോലെ അദ്ദേഹം ഏറ്റെടുത്തു. അന്ന് നരേന്ദ്രപ്രസാദിന് വയസ്സ് 46. നായകനെ അപ്രസക്തമാക്കിയ നരേന്ദ്രപ്രസാദിന് പിന്നീട് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. ജോത്സ്യന് പറഞ്ഞത് പോലെ 11 വര്‍ഷത്തിന് ശേഷമാണ് ആ മിന്നലാട്ടത്തിന് അപ്രതീക്ഷിതമായി തിരശ്ശീല വീണത്.
സിനിമയിലും സാഹിത്യത്തിലും പ്രതിഭയുടെ പ്രഭ പരത്തി നരേന്ദ്രപ്രസാദ് കടന്നുപോയിട്ട് 20 വര്‍ഷം. 57 വര്‍ഷം മാത്രമുള്ള ഹ്രസ്വമായ ആയുസ്സ്. പക്ഷേ സംഭവ ബഹുലമായിരുന്നു ആ ജീവിതം. സിനിമയെ ഞാന്‍ പ്രണയിച്ചിട്ടില്ലെന്നു പറഞ്ഞ അദ്ദേഹം നാടകീയമായ ചലനങ്ങള്‍കൊണ്ട് മലയാള സിനിമയില്‍ ഒരു പുതിയ വില്ലന്‍ ഭാവത്തിനു തുടക്കം കുറിച്ച നടനായിരുന്നു. ഒരു അഭിനേതാവ് എന്നതിലുപരി അദ്ധ്യാപകന്, നാടകകൃത്ത്, എഴുത്തുകാരന്, സാഹിത്യവിമര്‍ശകന്‍ എന്നീ നിലകളില്‍ മൂന്നര പതിറ്റാണ്ടോളം മലയാള സാഹിത്യ-സാംസ്കാരിക മേഖലകളിലെ നിറഞ്ഞ സാന്നിദ്ധ്യമായിരുന്നു നരേന്ദ്രപ്രസാദ്.
നാടകത്തില്‍ കമ്പം കയറിയ നരേന്ദ്രപ്രസാദ് എണ്‍പതുകളുടെ ആരംഭത്തില്‍ നാട്യഗൃഹം എന്ന നാടകട്രൂപ്പ് സ്ഥാപിച്ചു. അതിനുവേണ്ടി നാടകങ്ങള്‍ രചിക്കുകയും സംവിധാനം ചെയ്യുകയും നിര്‍മ്മിക്കുകയും ചെയ്തു. മികച്ച നാടകത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡും 1985-ല്‍ സൗപര്‍ണികയ്ക്ക് ലഭിക്കുകയുണ്ടായി. എംജി യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് ലെറ്റേഴ്സിന്റെ ഡയക്ടര്‍ ചുമതലയും അദ്ദേഹം വഹിച്ചിട്ടുണ്ട്.
അദ്ദേഹം സ്ഥാപിച്ച ‘നാട്യഗൃഹം’ എന്ന നാടകസംഘം കേരളത്തിലെ നാടക ചരിത്രത്തിലെ ഒരു പ്രധാന ഏടാണ്. സാമ്പത്തിക ബാധ്യതകള്‍ മൂലം നാട്യഗൃഹം അടച്ചുപൂട്ടിയതിനു ശേഷം തൊണ്ണൂറുകളുടെ തുടക്കത്തിലാണ് അദ്ദേഹം ചലച്ചിത്ര രംഗത്ത് സജീവമാകുന്നത്. സിനിമാഭിനയത്തില്‍ അത്ര താത്പര്യമില്ലായിരുന്ന നരേന്ദ്രപ്രസാദ്, എന്‍. മോഹനന്റെ കഥയില്‍ ശ്യാമപ്രസാദ് സംവിധാനം ചെയ്ത പെരുവഴിയിലെ കരിയിലകള്‍ എന്ന ടെലിഫിലിമിലൂടെയാണ് ആദ്യമായി സ്ക്രീനില്‍ പ്രത്യക്ഷപ്പെടുന്നത്.
അരാജക ജീവിതം ജീവിച്ച് അകാലത്തില്‍ മരണപ്പെടുന്ന വിപ്ലവകാരിയായ പത്രപ്രവര്‍ത്തകന്റെ വേഷം അദ്ദേഹം അവിസ്മരണിയമാക്കി. പ്രേക്ഷകരുടെ മനസ്സില്‍ ഒരു വിങ്ങല്‍ ആ കഥാപാത്രം അവശേഷിപ്പിക്കുന്നു. ഉത്സവമേളവും തലസ്ഥാനവുമാണ് വില്ലനായി നരേന്ദ്രപ്രസാദിനെ രേഖപ്പെടുത്തിയത് .
മലയാളി അന്നുവരെ കണ്ട വില്ലന്‍ വേഷങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്തമായ അഭിനയശൈലി. മുഖത്ത് മിന്നിമറയുന്ന ഭാവങ്ങളും കൈകള്‍ അന്തരീക്ഷത്തില്‍ ചുഴറ്റിയുള്ള അംഗചലനങ്ങളും. ഏകലവ്യനിലെ സ്വാമി അമൂര്‍ത്താനന്ദ എന്ന കഥാപാത്രം അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ നാഴിക്കല്ലായിരുന്നു. സവിശേഷമായ ശരീരഭാഷ കൊണ്ടും വ്യത്യസ്തമായ ശബ്ദവിന്യാസം കൊണ്ടും നരേന്ദ്ര പ്രസാദ് അമൂര്‍ത്താനന്ദയ്ക്ക് അനനുകരണീയമായ ഭാവതീക്ഷ്ണത നല്കി. ഷാജി കൈലാസ് സിനിമകളിലെ വില്ലന്‍ കഥാപാത്രങ്ങളാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. അതില്‍ മുറിവേറ്റ കണ്ണുമായി നില്ക്കുന്ന കുളപ്പുള്ളി അപ്പനും, കുറഞ്ഞ സ്ക്രീന്‍ ടൈമില്‍ ഇംഗ്ലീഷും മലയാളവും ചേര്‍ന്ന കടുകട്ടി ഡൈലോഗുകള്‍ പറയുന്ന റഹീം ഹാജിയും ഉള്‍പ്പെടും.
പൈതൃകം എന്ന ചിത്രത്തിലൂടെ മികച്ച സഹനടനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു. ഇളകിയാടുന്ന അഭിനയത്തിന് പകരം സൂക്ഷമാഭിനയമാണ് പൈതൃകത്തില്‍ നരേന്ദ്രപ്രസാദ് കാഴ്ച്ചവെച്ചത്. എം.ടിയുടെ സുകൃതത്തിലെ ക്വാണ്ടം മെഡിസിന് പ്രാക്ടീസ് ചെയ്യുന്ന ഡോക്ടര്‍ കഥാപാത്രത്തിന് മറ്റൊരാളെ സങ്കല്പ്പിക്കാന് കൂടി കഴിയാത്ത രീതിയില്‍ മികച്ചതാക്കി. ശാസ്ത്ര സംബന്ധമായ ഡയലോഗുകള്‍ നരേന്ദ്രപ്രസാദ് പറയുമ്പോള്‍ ഒരു ആധികാരികത പ്രേക്ഷകന് തോന്നും. സുകൃതം സിനിമ വിശ്വസിനയമാകുന്നതിലും ഈ ആധികാരികതയ്ക്ക് ഒരു പങ്കുണ്ട്.
ഗൗരവം നിറഞ്ഞ കഥാപാത്രങ്ങള്‍ മാത്രമല്ല വഴങ്ങുകയെന്ന് മേലേപ്പറമ്പില്‍ ആണ്‍വീട് എന്ന ചിത്രത്തിലൂടെ നമ്മള് അറിഞ്ഞു. ആലഞ്ചേരി തമ്പ്രാക്കള്‍, അനിയന് ബാവ ചേട്ടന് ബാവ തുടങ്ങിയ ചിത്രങ്ങളിലും നര്‍മം നിറഞ്ഞ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഒരിടത്ത് ഷാജി കൈലാസാണെങ്കില് കോമഡിയില്‍ രാജസേനനായിരുന്നു നരേന്ദ്രപ്രസാദ് എന്ന നടന്റെ തേരാളി. ശബ്ദത്തില്‍ സ്വതേയുള്ള താന്‍പോരിമ മാത്രമായും പലരും ഉപയോഗപ്പെടുത്തിയിട്ടുണ്ട്. പത്മരാജന്റെ ഞാന്‍ ഗന്ധര്‍വ്വനിലെ അശരീരികള്‍ക്കും ഭരതന്റെ ‘വൈശാലി’യിലെ ലോമപാദ രാജാവിനും നരേന്ദ്രപ്രസാദിന്റെ ശബ്ദമായിരുന്നു.
ക്യാമറയ്ക്ക് പിന്നിലും പ്രവര്‍ത്തിക്കണം എന്ന ആഗ്രഹവും അദ്ദേഹത്തിനുണ്ടായിരുന്നു. ഖസാക്കിന്റെ ഇതിഹാസം സിനിമയാക്കാനും അദ്ദേഹം ശ്രമിച്ചിരുന്നു. കഥയും കവിതയും എഴുതി പരാജയപ്പെട്ടവരാണ് നിരൂപകരാകുന്നതെന്നും താനും അങ്ങനെയാണ് നിരൂപണത്തിലേക്ക് വന്നതെന്നും പറഞ്ഞ ഈ സാഹിത്യനിരൂപകന്‍ നിരൂപകര്‍ക്കിടയിലും കൈയടി നേടിയ വില്ലനായി. അഭിനയത്തില്‍ പുത്തന്‍ പാതയും അക്ഷരങ്ങളില്‍ അഗ്നിയും ഉണര്‍ത്തിയ പ്രതിഭ ഇന്നും ഓര്‍മയില്‍ തെല്ലും മങ്ങാതെ തിളങ്ങിനില്ക്കുന്നു.
Recent Comments