അധികമാര്‍ക്കും അറിയില്ല., പ്രേംനസീര്‍ തന്റെ ജീവിതകഥ എഴുതിയിട്ടുണ്ട്. ‘എന്റെ ജീവിതം’ എന്നാണ് അതിന്റെ പേര്. 1977 ആഗസ്റ്റിലായിരുന്നു ആ പുസ്തകം ആദ്യമായി പബ്ലിഷ് ചെയ്തത്. ഡി.സി. ബുക്സായിരുന്നു പ്രസാധകര്. മൂന്ന് രൂപയായിരുന്നു അന്നത്തെ വില. കഥകളെയും അതിശയിപ്പിക്കുന്ന മികച്ച ജീവിതകഥ എന്ന ഖ്യാതി നേടിയ പുസ്തകമാണ്.
തന്റെ ബാല്യം മുതലുള്ള കഥകള്‍ അദ്ദേഹം വളരെ രസാവഹമായി അതില്‍ അവതരിപ്പിക്കുന്നുണ്ട്. സിനിമയിലെ അരങ്ങേറ്റത്തെക്കുറിച്ചും, തിരക്കുള്ള നടനായി മാറിയ കഥകളെക്കുറിച്ചും പറയുന്നുണ്ട്. തന്റെ പ്രിയപ്പെട്ട നായികമാരെക്കുറിച്ചുള്ള വിലയിരുത്തലുകളുമുണ്ട്. ഒട്ടും നിറം പുരളാത്ത കഥകളെന്ന നിലയില്‍ അവ വളരെ സവിശേഷപ്പെട്ടതുമാണ്. അതില്‍ ഒരിടത്താണ് തന്റെ ബാല്യത്തില്‍ യക്ഷിയെ കണ്ട കഥ പ്രേംനസീര്‍ വിവരിക്കുന്നത്.
അന്നദ്ദേഹത്തിന് പതിനാല് വയസ്സേയുള്ളൂ. പതിവുപോലെ ഉറങ്ങാന്‍ കിടന്നതാണ്. അര്‍ദ്ധരാത്രിയില്‍ ആരോ തട്ടി വിളിക്കുന്നത് കേട്ടാണ് ഞെട്ടിയുണര്‍ന്നത്. അത്യാവശ്യകാര്യമാണ്. തൊട്ടയല്പക്കത്തെ വീട്ടിലെ സ്ത്രീക്ക് പ്രസവവേദനയാണ്. പേറ്റിച്ചിയെ വിളിച്ചുകൊണ്ട് വരണം. വീട്ടിലാണെങ്കില്‍ തല മുതിര്‍ന്ന ആണുങ്ങളാരും അന്നുണ്ടായിരുന്നില്ല. കച്ചവട ആവശ്യങ്ങള്‍ക്കും മറ്റുമായി കൊച്ചിയില്‍ പോയിരിക്കുകയാണ്.
പേറ്റിച്ചിയുടെ വീട് കുറേ ദൂരെയാണ്. ഒരു സര്‍പ്പക്കാവ് കടന്നുവേണം അവിടെ എത്താന്‍. കാവിനടുത്തായി ഒരു പാലമരം ഉണ്ട്. അതില്‍ യക്ഷിയുണ്ടെന്നാണ് വിശ്വാസം.
രാത്രിയില്‍ ഒറ്റയ്ക്ക് പോകാന്‍ പേടി. മറ്റുള്ള കുട്ടികളെ വിളിച്ചുണര്‍ത്തി നോക്കിയെങ്കിലും ആരും കൂടെ പോകാന്‍ തയ്യാറായില്ല. പോകാതിരിക്കാനുമാകില്ല. വല്ലവിധേനയും ധൈര്യം സംഭരിച്ച് അബ്ദുള്‍ഖാദര്‍ (പ്രേംനസീറിന്റെ യഥാര്‍ത്ഥ പേര്) ഒറ്റയ്ക്ക് പുറത്തിറങ്ങി. കൈയിലൊരു മടലും കരുതി. പട്ടിശല്യം ഉള്ളതാണ്.
പ്രാര്‍ത്ഥിച്ചുകൊണ്ടാണ് നടക്കുന്നത്. നല്ല നിലാവുള്ള രാത്രി. പാലപ്പൂവിന്റെ മണം പരന്നൊഴുകുന്നു. പാലപൂ പൂക്കുന്ന സമയത്താണ് സാധാരണ യക്ഷികള് പുറത്തിറങ്ങാറുള്ളതെന്ന് കേട്ടിട്ടുണ്ട്. കാവിനടുത്തെത്തി. അപ്പോഴതാ കുറച്ച് ദൂരെ മാറി ഒരു സ്ത്രീരൂപം. സുന്ദരിയാണ്. വെളുത്ത നിറം. പാറിപറക്കുന്ന തലമുടി.
ഈ അസമയത്ത് അവിടെ വേറൊരു സ്ത്രീയും വരാനിടയില്ല. യക്ഷിതന്നെ. അബ്ദുള്‍ഖാദര്‍ മനസ്സിലുറപ്പിച്ചു. തനിക്ക് പോകേണ്ട കുന്നിറങ്ങിയാണ് ആ രൂപം വരുന്നത്. തന്റെ നേരെയാണ് അവള് വരുന്നത്. യക്ഷി കാണാതിരിക്കാനായി അബ്ദുള്‍ഖാദര്‍ പാലയുടെ മറവില്‍ ഒളിച്ചു. യക്ഷിയല്ലേ, അവള് തന്നെ കണ്ടുപിടിക്കുകതന്നെ ചെയ്യും. ചുണ്ണാമ്പ് ചോദിക്കും. ഇല്ലെന്ന് പറയുന്ന പക്ഷം തന്നെ വലിച്ചുകീറി രക്തം കുടിക്കും. താന്‍ മരണപ്പെടാന്‍ പോവുകയാണ്. അബ്ദുള്‍ഖാദര്‍ ആലിലപോലെ വിറയ്ക്കാന്‍ തുടങ്ങി. ആ തണുപ്പുള്ള രാത്രിയിലും അദ്ദേഹം നിന്ന് വിയര്‍ത്തു.
ആ സ്ത്രീരൂപം തൊട്ടടുത്ത് എത്തിക്കഴിഞ്ഞു. മരണം തൊട്ടുമുന്നിലുണ്ട്. കണ്ണുകള്‍ ഇറുക്കി അടച്ചു. എന്നാല്‍ അബ്ദുള്‍ഖാദറിനെ ഒന്ന് ഗൗനിക്കുകപോലും ചെയ്യാതെ ആ സ്ത്രീ കടന്നുപോയി. സകല വിശുദ്ധന്മാരെയും വിളിച്ച് പ്രാര്ത്ഥിച്ചതുകൊണ്ടാവും യക്ഷി തന്നെ ഉപദ്രവിക്കാതെ പോയതെന്ന് അബ്ദുള്‍ഖാദര്‍ വിശ്വസിച്ചു. യക്ഷി കുറച്ച് ദൂരെ എത്തിക്കഴിഞ്ഞുവെന്ന് മനസ്സിലായപ്പോള്‍ ധൈര്യം സംഭരിച്ച് പേറ്റിച്ചിയുടെ വീട് ലക്ഷ്യമാക്കി വേഗം നടന്നു. തിരിഞ്ഞുനോക്കാതെയാണ് നടക്കുന്നത്. തിരിഞ്ഞുനോക്കിയാല്‍ യക്ഷി പിടിച്ചെങ്കിലോ. അപ്പോഴാണ് വേറെ ചിലര്‍ കുന്നിറങ്ങി വരുന്നത് കണ്ടത്. അവരുടെ കൈയില്‍ ടോര്ച്ചുണ്ട്. ഏതായാലും മനുഷ്യരാണല്ലോ. അപ്പോഴാണ് ശ്വാസം നേരെ വീണത്.
കുന്നിറങ്ങി വന്നവര്‍ അബ്ദുള്‍ഖാദറിനെ കണ്ടപ്പോള്‍ ചോദിച്ചു. ‘ഇതുവഴി ഒരു സ്ത്രീ പോകുന്നത് കണ്ടോ?’
‘സ്ത്രീയോ?’
‘അതെ. അവളൊരു ഭ്രാന്തിയായിരുന്നു. കെട്ടിയിട്ടതായിരുന്നു. ആരും കാണാതെ കെട്ട് പൊട്ടിച്ച് ഓടിയതാണ്.’
അപ്പോഴാണ് തനിക്ക് പറ്റിയ അമിളിയെക്കുറിച്ച് അബ്ദുള്‍ഖാദര്‍ ബോധവനായത്. ഒരു സ്ത്രീയെ പേടിച്ചിട്ടാണല്ലോ താനിത്രയുംനേരം ഭയന്ന് വിറച്ചതെന്നോര്ത്ത് അദ്ദേഹത്തിന്റെയുള്ളില്‍ ചിരി നിറഞ്ഞു. പില്ക്കാലത്ത് ആ സംഭവത്തെക്കുറിച്ച് ഓര്‍ക്കുമ്പോഴെല്ലാം ചിരി പൊട്ടാറുണ്ടെന്ന് അദ്ദേഹം ഓര്‍ക്കുന്നു.
Recent Comments