1982-83 കാലഘട്ടം. അന്ന് മലയാള സിനിമയുടെ ഹബ്ബ് എന്ന് വിശേഷിപ്പിക്കാവുന്നൊരിടം എറണാകുളം എം.ജി. റോഡില്‍ നോര്‍ത്ത് എന്‍ഡിലുള്ള ആര്‍ട്ടിസ്റ്റ് കിത്തോയുടെയും ഗായത്രി അശോകന്റെയും ഓഫീസ് മുറികളായിരുന്നു. രാവിലെ മുതല്‍ സിനിമാക്കാര് തെന്നിയും തെറിച്ചും അവിടേയ്ക്ക് എത്തിക്കൊണ്ടിരിക്കും. സായാഹ്നമാകുമ്പോഴേക്കും അത് വലിയൊരു സിനിമാസംഘമായി രൂപപ്പെട്ടിട്ടുണ്ടാവും. അക്കൂട്ടത്തിനിടയിലാണ് ഞാനാദ്യമായി ജോണ്‍പോള്‍ അങ്കിളിനെ കാണുന്നത്. എനിക്കിപ്പോഴും ഓര്‍മ്മയുണ്ട്. എം.ജി. റോഡിന്റെ ഓരം ചേര്‍ന്ന് കാപ്പിപ്പൊടി നിറത്തിലുള്ള ഒരു വിദേശ നിര്‍മ്മിത കാര്‍ നീണ്ടുനിവര്‍ന്ന് കിടപ്പുണ്ടെങ്കില്‍ അവിടെ അങ്കിള്‍ ഉണ്ടെന്നതിന്റെ തെളിവാണ്. അക്കാലത്ത് ഫോറിന്കാര് ഉപയോഗിച്ചിരുന്ന ഏക എഴുത്തുകാരനും ജോണ്‍പോള്‍ അങ്കിളാണ്. അവര്‍ക്കിടയിലെ ഇളതലമുറക്കാരനായിരുന്നു ഞാന്‍. പ്രായഭേദമൊന്നും എന്നെപ്പോലൊരാളെ സ്വീകരിക്കുന്നതില്‍ അദ്ദേഹത്തിനും തടസ്സമുണ്ടായിരുന്നില്ല. സിനിമയെക്കുറിച്ചുള്ള ആരോഗ്യകരമായ ചര്‍ച്ചകളായിരുന്നു ഏറെയും. സത്യത്തില്‍ കോടാമ്പക്കത്തിന്റെയൊക്കെ മീനിയേച്ചറായിരുന്നു അവിടം.
ഞാന്‍ ഇന്നും ഓര്‍ക്കുന്നു. ഒരു ദിവസം അവിടെ കയറിച്ചെല്ലുമ്പോള്‍ കിത്തോ ചേട്ടന് ഏതോ പടം വരച്ചുകൊണ്ടിരിക്കുകയായിരുന്നു. തൊട്ടുമുന്നില്‍ അങ്കിളുമുണ്ട്. ഒരു ചെത്തുതൊഴിലാളി തെങ്ങ് കയറുന്ന പടമായിരുന്നു അത്. സൂക്ഷിച്ചുനോക്കിയപ്പോള്‍ ചെത്തുകാരന്റെ മുഖം ശിവാജി ഗണേശന്റേതാണെന്നറിഞ്ഞു. ശിവാജി ഗണേശനെ ചെത്തുകാരനാക്കിക്കൊണ്ടുള്ള ഒരു കഥ അങ്കിളിന്റെ മനസ്സില്‍ നാമ്പെടുത്തതാകാം. അത് കിത്തോയോട് പറഞ്ഞിട്ടുണ്ടാവണം. അതായിരിക്കണം അദ്ദേഹം വരച്ചുകൊണ്ടിരുന്നത്. നമുക്കൊക്കെ സങ്കല്പ്പിക്കാന് കഴിയുന്നതിലുമേറെ വൈവിദ്ധ്യമാര്‍ന്ന കഥാപാത്രങ്ങള്‍ പിറന്ന മനസ്സായിരുന്നു അങ്കിളിന്റേത്. അതില്‍ ചിലത് പൂത്തു തളിര്‍ത്തപ്പോള്‍ ചിലതെങ്കിലും നാമ്പിടുംമുമ്പേ കൊഴിഞ്ഞു പോയിരിക്കണം.
മധ്യവര്‍ത്തി സിനിമയുടെ വക്താവായി തുടരുമ്പോഴും ജനപ്രിയ സിനിമകളുടെ ഭാഗമാകാനും അദ്ദേഹത്തിന് കഴിഞ്ഞു. ഒരുപക്ഷേ എം.ടിക്കും പത്മരാജനും ശേഷം തിരക്കഥാരചനയില്‍ വസന്തം നിറച്ച ഒരു എഴുത്തുകാരന് വേറെയുണ്ടായിരുന്നില്ല. സാമ്പ്രദായിക എഴുത്ത് രീതികളെ പൊളിച്ചെഴുതിയ എന്നത്തെയും മികച്ച ന്യൂജെന്‍ തിരക്കഥാകൃത്തായിരുന്നു അദ്ദേഹം.
നല്ലൊരു ഭക്ഷണപ്രിയനായിരുന്നു ജോണ്‍പോള്‍ അങ്കിള്‍. നന്നായി പാചകവും ചെയ്യുമായിരുന്നു. എവിടെച്ചെന്നാലും നല്ല ഭക്ഷണം കിട്ടുന്ന സ്ഥലം അദ്ദേഹം തേടിപിടിച്ചുപോകും. അവിടുത്തെ രുചിക്കൂട്ടുകളെക്കുറിച്ച് ചോദിച്ചറിയും. അത് സ്വന്തമായി പരീക്ഷിക്കും. ഒരിക്കല്‍ കഞ്ഞിവെള്ളം ഉപയോഗിച്ചുള്ള ഒരു റെസിപ്പി അദ്ദേഹം പറഞ്ഞു തന്നത് ഓര്‍ക്കുന്നു. അത്രയേറെ ഭക്ഷണത്തെ സ്നേഹിച്ചിരുന്ന അദ്ദേഹത്തിന് അവസാന നാളുകളില്‍ ഈ രുചികൂട്ടുകളൊന്നും പരീക്ഷിക്കാനാവാതെ പോയി.
അവസാന നാളുകളില്‍പോലും അങ്കിള്‍ എഴുതിക്കൊണ്ടിരുന്നു. അദ്ദേഹത്തിനൊരിക്കലും എഴുത്ത് നിര്‍ത്താന്‍ കഴിയുമായിരുന്നില്ല. പരന്ന വായനയും അതുപോലെയായിരുന്നു.
ജോണ്‍പോള്‍ അങ്കിളിന്റെ വിയോഗത്തോടെ നമുക്ക് നഷ്ടമാകുന്നത് മലയാളസിനിമയുടെ ജീവിച്ചിരുന്ന ഒരു എന്സൈക്ലോപീഡിയെയാണ്. ആ ശൂന്യത തുടരുകതന്നെ ചെയ്യും.
Recent Comments