1992 ല്‍ ജഗദീഷും രേഖയും നായികാനായകന്മാരായി വന്ന ചിത്രമാണ് ഗൃഹപ്രവേശം. ഒരുപാട് കല്യാണങ്ങള്‍ നടക്കുന്ന ഗുരുവായൂര്‍ അമ്പലത്തില്‍ വെച്ച് വരന് വധു മാറിപോകുന്നതും തുടര്‍ന്നുള്ള അവരുടെ ജീവിതവുമാണ് പ്രധാന കഥ. 32 വര്‍ഷങ്ങള്‍ക്ക് ശേഷം രേഖയും ജഗദീഷും വീണ്ടും ഒന്നിക്കുന്ന ഗുരുവായൂര്‍ അമ്പലനടയില്‍ എന്ന ചിത്രം തിയറ്ററുകളില്‍ ജനസാഗരം സൃഷ്ടിക്കുകയാണ്. ഗുരുവായൂര്‍ അമ്പലനടയിലൂടെ ഗൃഹപ്രവേശം എന്ന ചിത്രത്തിനും പുതുജീവന്‍ ലഭിച്ചിരിക്കുകയാണ് സോഷ്യല്‍ മീഡിയയില്‍. മോഹന്‍ കുപ്ലേരി സംവിധാനം ചെയ്ത ഗൃഹപ്രവേശത്തിന്റ രചന നിര്‍വഹിച്ചത് മണി ഷോര്ണൂരാണ്. 2023-ല്‍ റിലീസായ ഹിന്ദി ചിത്രം ലാപ്പാട്ട ലേഡീസ് എന്ന ചിത്രത്തിന്റെ മൂല കഥയ്ക്കും ഗൃഹപ്രവേശത്തിന്റെ കഥയുമായി ബന്ധമുണ്ട്.
90 കളിലെ വ്യവസായ സിനിമ കഥ സമീപന രീതികളില്‍നിന്നും തികച്ചും വ്യത്യസ്തമാണ് ഗൃഹപ്രവേശനത്തിന്റെ തിരക്കഥ. കഥാപശ്ചാത്തലവും കഥാപാത്രങ്ങളെയും എസ്റ്റാബ്ലിഷ് ചെയ്തതിന് ശേഷം മര്‍മ്മ പ്രധാനമായ സംഭവങ്ങളെ അവതരിപ്പിക്കുക എന്നതാണ് അന്നത്തെ കീഴ്വഴക്കം. എന്നാല്‍ കഥയുടെ അടിസ്ഥാനമായ കല്യാണപ്പെണ്ണ് മാറിപ്പോയ കല്യാണത്തിനെ തിരക്കഥാകൃത്ത് ആദ്യ സീനില്‍ തന്നെ അവതരിപ്പിക്കുന്നു. പിന്നീട് അതിന്റെ ആഘാതം ഓരോ സീനുകളിലൂടെയുമായി ചുരുളഴിക്കുന്നു. ഇരുവരും വ്യത്യസ്തമായ ജീവിത പശ്ചാത്തലത്തില്‍ നിന്നുള്ളവരാണെന്നുള്ളത് കഥയ്ക്ക് കൂടുതല്‍ എരുവ് പകരുന്നു.
ഇന്നത്തെ കാലത്ത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത സംഭവമാണ് സിനിമയുടെ ആധാരമായ ‘താലി കെട്ടി പോയി’ എന്ന സങ്കേതികത്തില് ഊന്നിയുള്ള കല്യാണം. അന്നത്തെ കാലത്ത് പോലും ഐകകണ്ഠേന എല്ലാവര്ക്കും ദഹിക്കുന്നൊരു ന്യായീകരണമല്ല ഇത്. എന്നിട്ടും ഇത് വളരെ കണ്‍വിന്‍സിങ്ങായി അവതരിപ്പിക്കാന്‍ തിലകന്റെ കഥാപാത്രത്തിലൂടെ തിരക്കഥാകൃത്തിന് കഴിയുന്നു. ഈ കല്യാണത്തിലൂടെ തകിടം മറിഞ്ഞ എല്ലാ ജീവിതങ്ങളെയും സംബോധന ചെയ്യാന്‍ തിരക്കഥയ്ക്ക് സാധിച്ചിട്ടുണ്ട്. കൂടാതെ നായകന്റെ മനസ്സിന്റെ തടവറയില്‍ പ്രേക്ഷകനെ കെട്ടിയിടാതെ നായികയുടെ വികാരവിചാരങ്ങള്‍ക്ക് അര്‍ഹമായ പരിഗണന തിരക്കഥ കൊടുത്തിട്ടുണ്ട്. ഒരു നിമിഷം പോലും നായികയെ പ്രതിസ്ഥാനത്ത് നിര്‍ത്താനും തിരക്കഥ മുതിര്‍ന്നിട്ടില്ല.
ചിത്രം തുടങ്ങുന്നത് തന്നെ അസ്വസ്ഥമായ ഭൂമികയില്‍ നിന്നാണ്. അതില്‍ ചെറിയ നര്‍മ്മങ്ങള്‍ കൂട്ടി ചേര്‍ക്കുക എന്നത് അതിസൂക്ഷമമായി ചെയ്തില്ലെങ്കില്‍ ഒന്നാന്തരമായി പാളി പോകാവുന്ന പരിപാടിയാണ്. കൂടാതെ കഥയുടെ ഗൗരവം ചോര്‍ന്ന് പോകാന്‍ സാധ്യതയുണ്ട്. ഒരു സീനില്‍ പോലും അത്തരമൊരു വീഴ്ച വന്നില്ല എന്നത് തിരക്കഥാകൃത്തിന്റെ കൈയടക്കത്തിന്റെ മികവാണ്. ഒരേ സീനില്‍ ഹാസ്യവും കരച്ചിലും മിക്സ് ചെയ്ത് ഫലപ്രദമായി ഉപയോഗിക്കുവാനും അദ്ദേഹത്തിന് കഴിഞ്ഞു.
അസാധാരണമായ ത്രെഡുകളുള്ള ചിത്രങ്ങളുടെ സാധാരണയുള്ള ന്യൂനത എന്നത് ഒരിക്കലും വികസിക്കാത്ത കഥാലോകമാണ്. എന്നാല്‍ ഗൃഹപ്രവേശം പല പ്രശ്നങ്ങളിലേക്കും ആഴത്തില്‍ ഇറങ്ങി ചെല്ലുന്നു. നായകനും നായികയും പരസ്പരം സ്നേഹം കണ്ടെത്തുന്നത് സിനിമ ഉണ്ടായ കാലം മുതലുള്ള ഉപകഥയാണ്. അതിനായി ഔണ്‍സ് ഗ്ലാസില്‍ അളന്ന് ഓരോ സീനിലും ആവശ്യത്തിന് സിംപതി നായകന് ഒഴിച്ച് കൊടുക്കും. സാഹചര്യങ്ങള്‍ ഒരുങ്ങി വരുമ്പോള്‍ നായിക സിംപതി പേറുന്ന നായകനെ ആരാധിക്കാന്‍ തുടങ്ങുകയും ചെയ്യുന്നു. എന്നാല്‍ ഇത്തരമൊരു സമീപനമല്ല ഗൃഹപ്രവേശനത്തില്‍. വളരെ പച്ചയായി നായകനെ അവതരിപ്പിക്കുകയാണ് തിരക്കഥ ചെയ്തത്.
മലയാള സിനിമയില്‍ ഈ അടുത്ത് കൊട്ടിഘോഷിക്കപ്പെട്ട ‘കണ്‍സെന്റ്’ മുതലായ പദങ്ങള്‍, ഹിമാലയന്‍ പ്രതിഭാസങ്ങളാണ് എന്ന ധാരണ സൃഷ്ടിക്കാതെ തന്നെ ചര്‍ച്ച ചെയ്യുവാന്‍ സിനിമയ്ക്ക് സാധിക്കുന്നുണ്ട്. കൂടാതെ അറേഞ്ച്ഡ് മാരേജ് എന്ന വ്യവസ്ഥയെ തന്നെ ചിത്രം ചോദ്യം ചെയ്യുന്നുണ്ട്. സൂചി മുന കൊണ്ട് ഒരു ബലൂണ്‍ പൊട്ടിക്കുന്ന ലാഘവത്തോടെയാണ് മണി ഷോര്‍ണൂര്‍ ഇത് സംഭാഷണങ്ങളിലൂടെ പൊളിച്ചടുക്കുന്നത്. ചര്‍ച്ച ചെയ്യപ്പെടാതെ പോയ ഒരു മികച്ച തിരക്കഥ ഗുരുവായൂര്‍ അമ്പലനടയില്‍ എന്ന ചിത്രത്തിന്റെ വിജയത്തിലൂടെ ഇനി ചര്‍ച്ച ചെയ്യപ്പെടും എന്ന് പ്രതീക്ഷിക്കാം.
Recent Comments