ആ സെല്‍ഫി നടന് മാധവനെ സംബന്ധിച്ചിടത്തോളം ജീവിതത്തില്‍ അത്രയും പ്രിയപ്പെട്ടതാണ്. കാരണം ആ സെല്‍ഫി പകര്‍ത്തിയത് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ആണ്. ആ സെല്‍ഫിയില്‍ തനിക്കൊപ്പം ചേര്‍ന്ന് പോസ് ചെയ്തത് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും. രണ്ട് ലോക നേതാക്കളില്‍നിന്ന് ലഭിച്ച അമ്പരപ്പിക്കുന്ന സഹകരണം മാധവനെ തീര്‍ച്ചയായും അതിശയപ്പെടുത്തിയിട്ടുണ്ടാവും. ഇക്കാര്യം അദ്ദേഹം തന്റെ ഇന്‍സ്റ്റഗ്രാമില്‍ കുറിക്കുകയും ചെയ്തു. ‘…A MOMENT THAT WILL BE FOREVER ETCHED IN MY MIND FOR BOTH THE UNIQUENESS AND IMPACT OF THAT PICTURE…’
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പാരീസിലെ ലൂവ്രെ മ്യൂസിയത്തില്‍ ഒരുക്കിയ ഔദ്യോഗിക വിരുന്നില്‍ പങ്കെടുക്കാന്‍ നടന് മാധവനും ക്ഷണം കിട്ടിയിരുന്നു. വിരുന്നിനിടെ മാധവന്തന്നെയാണ് സെല്‍ഫിയുടെ കാര്യം ഓര്‍മ്മിപ്പിച്ചത്. പെട്ടെന്ന് ഇമ്മാനുവല്‍ മാക്രോണ്‍ തന്റെ സഹപ്രവര്‍ത്തകരില്‍നിന്ന് ഫോണ്‍ വാങ്ങി സെല്‍ഫി എടുക്കുകയായിരുന്നു. ആ ഫോട്ടോയില്‍ പോസ് ചെയ്യാന്‍ തൊട്ടടുത്തുണ്ടായിരുന്ന നരേന്ദ്രമോദിയും എത്തി. തന്റെ മനസ്സില്‍ എന്നന്നേയ്ക്കുമായി പതിഞ്ഞ നിമിഷമെന്ന് മാധവന് കുറിക്കാനുണ്ടായ കാരണവും മറ്റൊന്നല്ല.
മറ്റൊന്നുകൂടി തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ അദ്ദേഹം എഴുതിയിരുന്നു. ജൂലൈ 14 നായിരുന്നു പ്രസിഡന്റിന്റെ ഔദ്യോഗിക വിരുന്ന്. അന്നേ ദിവസം തന്നെയായിരുന്നു ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍ 3 ന്റെ വിജയകരമായ വിക്ഷേപണവും. അതിന്റെ സമ്പൂര്‍ണ്ണ വിജയത്തിനായി പ്രാര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു.
അതിന് മറ്റൊരു പശ്ചാത്തലം കൂടി ഉണ്ടായിരുന്നു. പ്രശസ്ത ശാസ്ത്രജ്ഞന് നമ്പി നാരായണന്റെ ജീവിതത്തെ അധീകരിച്ച് പുറത്തിറങ്ങിയ ‘റോക്കട്രി’ എന്ന ചിത്രത്തില്‍ നമ്പിനാരായണന്റെ വേഷം അവതരിപ്പിച്ചത് മാധവനായിരുന്നു. ഫ്രാന്‍സിന്റെ സഹായത്തോടെ നമ്പി നാരായണന് വികസിപ്പിച്ചെടുത്ത വികാസ് എഞ്ചിനാണ് ചാന്ദ്രയാന്‍ ദൗത്യത്തില്‍ ഉപയോഗിച്ചിരുന്നതും.
ഇക്കഴിഞ്ഞ 14 നാണ് ഫ്രാന്‍സിന്റെ ദേശീയ ദിനാഘോഷ ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കാന്‍ നരേന്ദ്രമോദി പാരീസിലെത്തിയത്. ഫ്രാന്‍സിന്റെ പരമോന്നത പുരസ്കാരമായ ഗ്രാന്‍ഡ് ക്രോസ് ഓഫ് ദ ലീജിയന് ഓണര്‍ നരേന്ദ്രമോദിക്ക് ഫ്രാന്‍സ് പ്രസിഡന്റ് സമ്മാനിക്കുകയും ചെയ്തിരുന്നു.
Recent Comments