ശക്തമായ ജീവിതാനുഭവം ഇല്ലാത്ത ഒരാള്‍ക്ക് നല്ലൊരു കലാകാരനാകാന്‍ കഴിയില്ലായെന്ന് നടന് ജയശങ്കര്‍ കാരിമുട്ടം. മോഹന്‍ലാല്‍-സത്യന് അന്തിക്കാട് ടീമിന്റെ പുതിയ സിനിമയായ ‘ഹൃദയപൂര്‍വ്വ’ത്തില്‍ അഭിനയിക്കുകയാണ് താരം. ചിത്രീകരണത്തിനിടയിലെ ഇടവേളയില്‍ സംസാരിക്കുകയായിരുന്നു ജയശങ്കര്‍. താന്‍ നായകനാവുന്ന പുതിയ ചിത്രം ‘മറുവശം’ മാര്‍ച്ച് 7 ന് തിയേറ്ററിലെത്തും. സംവിധായകനും തിരക്കഥാകൃത്തും നടനുമായ അനുറാം കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് മറുവശം. ഇദ്ദേഹത്തെ കൂടാതെ മലയാളത്തിലെ പ്രമുഖ താരങ്ങളും അണിനിരക്കുന്നുണ്ട്. കല്ല്യാണിസം, ദം, ആഴം, കള്ളം ചിത്രങ്ങള്‍ക്ക് ശേഷം റാംസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ അനുറാം സ്വന്തമായി നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് മറുവശം.
ഷെഹിന് സിദ്ദിഖ്, പ്രശാന്ത് അലക്സാണ്ടര്‍, കൈലാഷ് എന്നിവരും ചിത്രത്തിലെ ശ്രദ്ധേയരായ അഭിനേതാക്കളാണ്. ‘വധു ഡോക്ടറാണ്’ എന്ന ചിത്രത്തിലൂടെ മലയാള ചലച്ചിത്ര രംഗത്തെത്തിയ ജയശങ്കര്‍ കഴിഞ്ഞ മുപ്പത് വര്‍ഷത്തിലേറെയായി മലയാളസിനിമയിലെ സജീവ സാന്നിധ്യമാണ്. അദ്ദേഹം അഭിനയിച്ചിട്ടുള്ള എല്ലാ ചിത്രങ്ങളിലും തന്റേതായ ഒരു കയ്യൊപ്പ് ചാര്‍ത്തിയതിലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതനാണ് താരം.
ഭ്രമരം, പളുങ്ക്, ആമേന്‍, മഹേഷിന്റെ പ്രതികാരം, ഞാന്‍ പ്രകാശന് തുടങ്ങി നൂറോളം ചിത്രങ്ങളില്‍ ജയശങ്കര്‍ അഭിനയിച്ചിട്ടുണ്ട്. എല്ലാം മികച്ച കഥാപാത്രങ്ങളായിരുന്നു. മറുവശത്തിലൂടെയാണ് ആദ്യമായി ജയശങ്കര്‍ നായകനിരയിലേക്ക് എത്തുന്നത്. സ്ക്കൂള് പഠനകാലം മുതല്‍ നാടകരംഗത്ത് പ്രവര്‍ത്തിച്ചിട്ടുള്ള ജയശങ്കര്‍ 1994 ലാണ് സിനിമയിലേക്ക് എത്തുന്നത്. ഏറെ വൈകിയെങ്കിലും നായകനിരയിലേക്ക് താന്‍ എത്തിയതില്‍ ഏറെ സന്തോഷമുണ്ടെന്ന് ജയശങ്കര്‍ പറഞ്ഞു.
മറുവശം പ്രമേയം കൊണ്ട് വളരെ മികച്ച സിനിമയാണ്. പ്രേക്ഷകര്‍ സ്വീകരിക്കുന്ന ഒട്ടേറെ മുഹൂര്‍ത്തങ്ങള്‍ ചിത്രത്തില്‍ ഒരുക്കിയിട്ടുണ്ടെന്നും ജയശങ്കര്‍ സൂചിപ്പിച്ചു. നല്ല സിനിമകള്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ പറ്റിയതും, സിനിമ മേഖലയില്‍ വരാന്‍ കഴിഞ്ഞതും തന്റെ ഭാഗ്യമായി കരുതുന്നു. എന്നാല്‍ സിനിമയില്ലെങ്കിലും നമുക്ക് ജീവിക്കാന്‍ പറ്റണം. താനും ജോലി ചെയ്തു തന്നെയാണ് ജീവിക്കുന്നത്. ജയശങ്കര്‍ പറയുന്നു. ചെറിയ കഥാപാത്രങ്ങളാണ് താന്‍ അവതരിപ്പിച്ചിട്ടുള്ളതെങ്കിലും പ്രേക്ഷക മനസ്സില്‍ ഇടം നേടുകയെന്നത് വളരെ സന്തോഷമുള്ള കാര്യമാണ്. പലപ്പോഴും ആളുകള്‍ കാണുമ്പോള്‍ ഡയലോഗുകള്‍ ഇങ്ങോട്ട് പറയാറുണ്ട്. സിനിമ ശ്രദ്ധിക്കപ്പെട്ടിട്ടില്ലെങ്കില്‍ കൂടി താന്‍ ചെയ്ത വേഷങ്ങള്‍ പ്രേക്ഷകര്‍ ഏറ്റെടുത്തിട്ടുണ്ട്. അതില്‍ ഒത്തിരി സന്തോഷമുണ്ട്. ഒരു ആഗ്രഹം കൊണ്ട് മാത്രം ചെയ്യാവുന്നതല്ല സിനിമ. അതിന് ശരിയായ പഠനവും, പരിശീലനവും ആവശ്യമാണ്. അഭിനയം പ്രേക്ഷകര്‍ക്ക് തികച്ചും സ്വാഭാവികമായി തോന്നുന്ന ഒരു അനുഭവമാക്കുകയെന്നത് കലാകാരന്റെ കഴിവാണ്. പലരും സിനിമ ആഗ്രഹിച്ചു ലൊക്കേഷനില്‍ വന്ന് ചെയ്യാന്‍ പറ്റാതെ നിരാശാഭരിതരായി തിരിച്ചു പോകുന്നത് താന്‍ കണ്ടിട്ടുണ്ട്. ജയശങ്കര്‍ പറയുന്നു. അവര്‍ എത്ര ആഗ്രഹിച്ചായിരിക്കും അവിടെ വരെ വന്നിട്ടുണ്ടാവുക എന്ന് താന്‍ പലപ്പോഴും ആലോചിച്ചിട്ടുണ്ട്. അപമാനം കൂടുതല്‍ കിട്ടുമ്പോള്‍ നമ്മള് കൂടുതല്‍ ശക്തരാകും. ശക്തമായ ജീവിതാനുഭവമില്ലാത്ത ഒരാള്‍ക്ക് നല്ലൊരു കലാകാരനാകാന്‍ കഴിയില്ല. നമ്മള് കാണുന്ന പ്രമുഖ കലാകാരന്മാര് എല്ലാവരും തന്നെ വളരെ തീഷ്ണമായ അനുഭവങ്ങളിലൂടെ കടന്നുപോയതിന്റെ സ്ഫുടതയാണ് സിനിമയില്‍ കാണുന്ന അവരുടെ അഭിനയമികവ്.
മുപ്പത് വര്‍ഷം മുമ്പ് സിനിമ സംവിധായകന് എന്നു പറഞ്ഞാല്‍ കോളേജ് പ്രിന്‍സിപ്പല്‍ എന്നൊരു പദവി പോലെയായിരുന്നു. അവര്‍ വഴക്കുപറയുമ്പോള്‍, തളരാതെ മുന്നോട്ടു പോവുക എന്നത് വലിയ ഒരു കാര്യം തന്നെയായിരുന്നു. ഇപ്പോഴത്തെ സംവിധായകര്‍ പുതിയ അഭിനേതാക്കളെ പരമാവധി കംഫര്‍ട്ട് ആക്കി മാത്രം സിനിമ തുടങ്ങുന്നവരാണ്. അതുതന്നെയാണ് സിനിമയ്ക്ക് നല്ലതും. സിനിമയുടെ കഥ എങ്ങനെ പറയുന്നുവെന്നതിലാണ് ഇപ്പോള്‍ കാര്യം, അല്ലാതെ ഉപദേശവും മൂല്യവും ഉള്ളതാണോയെന്ന് നോക്കേണ്ട കാര്യമില്ല. ജയശങ്കര്‍ പറഞ്ഞു.
സിനിമയിലും, ജീവിതത്തിലും സ്വന്തം നിലപാട് തുറന്ന് പറയുന്ന നടന് തന്നെയാണ് ജയശങ്കര്‍ കാരിമുട്ടം.
Recent Comments