സംഗീത സംവിധായകന് മോഹന്‍ സിത്താരയുടെ മകന് അവിന് മോഹന്‍ സിത്താരയുടെ ഫേസ്ബുക്ക് പേജില്‍ ഒരു കുറിപ്പ് പ്രത്യക്ഷപ്പെട്ടത് മണിക്കൂറുകള്‍ക്ക് മുമ്പാണ്. ഒരു കുറിപ്പിനെക്കാള്‍ ഉപരി പരോക്ഷ തലത്തില്‍ അതൊരു വിലാപമാണ്. ഒരു കലാകാരന് തേങ്ങി കരയുന്ന കുട്ടിക്ക് സമാനമാകുന്ന കാഴ്ച.
താന്‍ സംഗീത സംവിധാനം ചെയ്ത് കഴിഞ്ഞാഴ്ച റിലീസായ രാസ്ത എന്ന സിനിമയെ കുറിച്ചുണ്ടായ ഒരു മോശം റിവ്യുവിന്റെ കാര്യമാണ് കുറിപ്പില്‍ പരാമര്‍ശിക്കുന്നത്. സിനിമയും അതില്‍ താന്‍ ചെയ്ത സംഗീതവും മോശമാണെന്ന് പറഞ്ഞത് മാനസികമായി തളര്‍ച്ചയുണ്ടാക്കി എന്ന് അവിന് പറയുന്നു. അതിന്റെ ഹൃദയ വേദന കുറിപ്പില്‍ വളരെയധികം പ്രകടമാണ്. ഒരു വര്‍ഷത്തോളമായി ചിത്രത്തിന്റെ പണിപ്പുരയിലായിരുന്നുവെന്നും തന്റെ കരിയറിലെ നിര്‍ണായക ചിത്രമായാണ് രാസ്തയെ കണ്ടിരുന്നതെന്നും അവിന് കൂട്ടി ചേര്‍ത്തു.
കലയുടെ ചുവട്ടില്‍ ഒരു കുടം മെര്‍ക്കുറി ഒഴിക്കുന്നതിന് സമമാണ് ഇത്തരം നിരൂപണങ്ങള്‍. മറ്റൊരു തലത്തില്‍ ഇത് അവിന്റെ മാത്രം പ്രശ്നമല്ല. എല്ലാ കലാകാരന്മാരെയും വേട്ടയാടുന്ന രീതിയിലേക്ക് നിരൂപണങ്ങള്‍ മാറിയിരിക്കുന്നു. അവയുണ്ടാക്കുന്ന മുറിവുകളിരുന്ന് പഴുക്കുന്നതാരും ചര്‍ച്ച ചെയ്യുന്നില്ലെന്ന് മാത്രം.
കുറിപ്പിന്റെ അവസാന ഭാഗത്ത് അവിന് ഒരു യാചന നടത്തുകയാണ്. ചിത്രത്തിലെ തന്റെ പാട്ടുകളെ പൊതു സമൂഹം വിലയിരുത്തണം എന്നതാണ് യാചനയുടെ ഉളളടക്കം. നല്ലതോ മോശമെന്നോ തന്നോട് നേരിട്ട് പറയണമെന്നും അവിന് പറയുന്നു. പാട്ടുകളോട് താല്പര്യം തോന്നിയാല്‍ ഈ ആഴ്ച തന്നെ തിയറ്ററുകളില്‍ പോയി ചിത്രം കാണാനും അവിന് അപേക്ഷിക്കുന്നു. മോശം റിവ്യുകളുടെ ഭാഗമായി ചിത്രം ഉടനെ തിയറ്ററുകള്‍ വിടുമെന്നതാണ് അതിന് കാരണം. നാഴികക്കല്ലാകുമെന്ന് പ്രതീക്ഷിച്ച ചിത്രത്തിന്റെ മോശം റിവ്യു കാരണം കരിയറ് തന്നെ നിഷ്പ്രഭമായി പോകുന്നതിന് സാക്ഷിയാവുകയാണ് ഈ ചെറുപ്പക്കാരന്.
ചിത്രവും അതിലെ സംഗീതവും പ്രേക്ഷകന്റെ അഭിരുചി അനുസരിച്ച് നല്ലതോ മോശമോ ആയാലും അത് അവിനോട് പറയാനുള്ള ബാധ്യത ഇപ്പോള്‍ മലയാള സിനിമ പ്രേമികള്‍ക്കുണ്ട്. കാരണം അത്രത്തോളം താഴ്മയില്‍ ആ ചെറുപ്പക്കാരന് നിങ്ങളോട് അപേക്ഷിക്കുകയാണ്. ജീവിതം തുലാസിലാക്കപ്പെട്ട ഒരു മനുഷ്യ ജീവിയോടുള്ള പരിഗണനയെങ്കിലും അവിനും രാസ്തയെന്ന സിനിമയും അര്‍ഹിക്കുന്നു.
Recent Comments