ക്ഷേമ വിവരങ്ങള്‍ അന്വേഷിച്ചാണ് മണിയന്‍പിള്ള രാജുവിനെ വിളിച്ചത്. ആരോഗ്യം ഏറെ ഭേദപ്പെട്ടെന്ന് അദ്ദേഹം സന്തോഷത്തോടെ പറയുകയും ചെയ്തു. ഫോണ്‍ വയ്ക്കുന്നതിനുമുമ്പ് ഒരു പ്രധാന വിവരംകൂടി അദ്ദേഹം പങ്കുവച്ചു.
‘മെയ് 21 ലാലിന്റെ ജന്മദിവസമാണ്. അന്ന് ഛോട്ടാമുംബൈയുടെ പുതിയ പതിപ്പ് അദ്ദേഹത്തിന് ജന്മദിന സമ്മാനമായി നല്‍കാനൊരുങ്ങുകയാണ്. പുത്തന്‍ സാങ്കേതിക വിദ്യയുടെ എല്ലാ അലങ്കാരങ്ങളും ചേരുന്നതായിരിക്കും ഛോട്ടാമുംബൈ. DI, ATMOS, 4K Resolution തുടങ്ങിയ സാങ്കേതിക തികവുകള്‍ ഛോട്ടാമുംബൈയുടെ പുതിയ പതിപ്പിനെ ഏറെ മെച്ചപ്പെടുത്തും. അതിന്റെ പണിപ്പുരയിലാണ് ഞങ്ങള്‍ ഇപ്പോള്‍. സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ആവശ്യപ്പെട്ടത് ഛോട്ടാ മുംബൈയുടെ പരിഷ്ക്കരിച്ച പതിപ്പിനെയാണ്. അതുതന്നെയാണ് ഇങ്ങനെയൊരു ശ്രമം നടത്താന്‍ ഞങ്ങള്‍ക്ക് പ്രചോദനമായതും.’ മണിയന്‍പിള്ള രാജു പറഞ്ഞു.
ബെന്നി പി. നായരമ്പലത്തിന്റെ തിരക്കഥയില്‍ അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ഛോട്ടാമുംബൈ. മണിയന്‍പിള്ള രാജുവിനൊപ്പം അജയ് ചന്ദ്രനും രഘുചന്ദ്രന്‍ നായരും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. മോഹന്‍ലാലിനെ കൂടാതെ ജഗതി ശ്രീകുമാര്‍, സിദ്ദിഖ്, ഇന്ദ്രജിത്ത്, ബിജുക്കുട്ടന്, കലാഭവന്‍ മണി, സായികുമാര്‍, ഭാവന, ഷക്കീല തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ ഉണ്ടായിരുന്നു. 2002 ഏപ്രില്‍ 7 ന് പ്രദര്‍ശനത്തിനെത്തിയ ചിത്രം ബോക്സ് ഓഫീസ് ഹിറ്റായിരുന്നു. ചെട്ടികുളങ്ങര ഭരണി നാളില്‍ എന്ന് തുടങ്ങുന്ന പാട്ടിന്റെ റീമിക്സ് അന്ന് ഏറെ തരംഗം സൃഷ്ടിച്ചിരുന്നു. രാഹുല്‍രാജായിരുന്നു മ്യൂസിക് ഡയറക്ടര്‍.
Recent Comments