കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പാണ് സംഗീത സംവിധായകന് എ.ആര്. റഹ്മാന് തന്റെ വിവാഹമോചനം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ഭാര്യ സൈറാബാനുവുമൊത്ത് സംയുക്ത പ്രസ്താവനയായാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ഇപ്പോഴിതാ ഇരുവരും തമ്മില്‍ അനുരഞ്ജനത്തിന് സാധ്യതയുണ്ടെന്ന് സൈറാബാനുവിന്റെ അഭിഭാഷക വന്ദനാ ഷാ ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ പറയുന്നു.
‘ഞാന്‍ ശുഭാപ്തി വിശ്വാസത്തോടെയാണ് കാര്യങ്ങളെ കാണുന്നത്. പ്രണയത്തെക്കുറിച്ച് എപ്പോഴും സംസാരിക്കാറുണ്ട്. അവരുടെ സംയുക്ത പ്രസ്താവനയില്‍ കാര്യങ്ങള്‍ വ്യക്തമാണ്. നീണ്ടകാലത്തെ ദാമ്പത്യമായിരുന്നു ഇരുവരുടേതും. ഒരുപാട് ആലോചിച്ചാണ് ഈ തീരുമാനത്തിലെത്തിയത്. എന്നാല്‍, അനുരഞ്ജനം സാധ്യമല്ലെന്ന് ഞാന്‍ ഇപ്പോഴും പറയുന്നില്ല.’ വന്ദനാ ഷാ പറഞ്ഞു.
കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട ചോദ്യത്തിന് ഇതുവരെ തീരുമാനമായിട്ടില്ലെന്നായിരുന്നു വന്ദനയുടെ മറുപടി. കുട്ടികളില്‍ ചിലര്‍ മുതിര്‍ന്നവരാണ്. ആരുടെയൊപ്പം നില്‍ക്കണമെന്ന് അവര്‍ക്ക് തീരുമാനിക്കാം. ജീവനാംശം സംബന്ധിച്ച വിഷയത്തില്‍ വ്യക്തമായ മറുപടി നല്‍കാതിരുന്ന അഭിഭാഷക സൈറയ്ക്ക് സാമ്പത്തിക ലക്ഷ്യങ്ങളില്ലെന്ന് വ്യക്തമാക്കി.
എ.ആര്. റഹ്മാന്- സൈറാ ബാനു ദമ്പതികള്‍ക്ക് മൂന്നു മക്കളാണ്. ഖദീജ, റഹീമ, അമീന്. മകള്‍ ഖദീജ രണ്ടുവര്‍ഷം മുമ്പ് വിവാഹിതയായി.
Recent Comments