ഭവന വായ്പയുമായി അംബാനി. ഭവനരഹിതരുടെ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ ധനകാര്യമേഖലയില്‍ അംബാനി മത്സരരംഗത്ത്. മുകേഷ് അംബാനിയുടെ റിലയന്‍സ് അവരുടെ സാമ്പത്തിക മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാന്‍ നീക്കം.
ഹോം ലോണ്‍ വ്യവസായത്തെ പുനര്‍നിര്‍വചിക്കാനുള്ള ശ്രമത്തിലാണ് റിലയന്‍സ്. ഭവന വായ്പയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള അംബാനിയുടെ നീക്കത്തില്‍ സാധാരണക്കാര്‍ക്ക് വലിയ പ്രതീക്ഷയാണുള്ളതെന്ന് വലിയ പ്രചാരണമുണ്ട്.
ഇതേ തുടര്‍ന്ന് താങ്ങാവുന്ന ഭവന വായ്പകള്‍ മുകേഷ് അംബാനി സാധ്യമാക്കുമെന്ന പ്രതീക്ഷ ആളുകളില്‍ വര്‍ധിക്കുകയാണ്. ടെലികോം മേഖലയില്‍ ജിയോ സൃഷ്ടിച്ച മത്സരം ബാങ്കിംഗ് മേഖലയിലും സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ.
റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ സാമ്പത്തിക സേവന വിഭാഗമായ ജിയോ ഫിനാന്‍ഷ്യല്‍ ലിമിറ്റഡ് ആകും സാധാരണക്കാരുടെ ഭവന സ്വപ്നങ്ങള്‍ക്കു ചിറകുകള് നല്‍കുക. കമ്പനിയുടെ പ്രഖ്യാപനം ഊഹാപോഹങ്ങള്‍ക്ക് ആക്കം കൂട്ടിയിട്ടുണ്ട്. ജിയോ ഫിനാന്‍ഷ്യലിന്റെ ഹോം ലോണ്‍ സെഗ്മെന്റിലേയ്ക്കുള്ള കടന്നുവരവ് മേഖലയിലെ പ്രമുഖ ബാങ്കിംഗ് സ്ഥാപനങ്ങള്‍ക്കും, ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്കും വന്‍ വെല്ലുവിളിയാകുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.
ഹോം ലോണ്‍ മേഖലയിലേക്കുള്ള തന്ത്രപരമായ വിപുലീകരണം കമ്പനി വെളിപ്പെടുത്തുമ്പോഴും കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കമ്പനിയുടെ കരുത്തുറ്റ ടെക് ഇന്‍ഫ്രാസ്ട്രക്ച്ചറും, നൂതന സാമ്പത്തിക ഉല്പന്നങ്ങളും വലിയ നേട്ടമാകുമെന്ന് കരുതുന്നു. റിലയന്‍സിന്റെ ഹോം ലോണ്‍ ഓഫറുകള്‍ ഒരു ഗെയിം ചേഞ്ചര്‍ ആയിരിക്കുമെന്ന് ഇന്‍സൈഡര്‍മാര്‍ ഇതോടകം പറഞ്ഞുതുടങ്ങിയിട്ടുണ്ട്.
2024 മെയ് 30 കമ്പനി പുറത്തിറക്കിയ ജിയോ ഫിനാന്‍സ് ആപ്പിന്റെ ബിറ്റാ പതിപ്പ് ഇതോടകം 10 ലക്ഷത്തിലധികം ആളുകള്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്. ഇത് ശക്തമായ ഉപഭോക്തൃ താല്‍പ്പര്യത്തെ കാണിക്കുന്നു. ഡിജിറ്റല്‍ വിപ്ലവം ലക്ഷ്യമിടുന്ന ജിയോ, ഈ ആപ്പ് വഴിയാകും ഹോം ലോണ്‍ അടക്കമുള്ള ഉല്‍പ്പന്നങ്ങള്‍ ഉപയോക്താക്കളിലേയ്ക്ക് എത്തിക്കുക. മത്സരാധിഷ്ഠിത വായ്പാ നിരക്കുകളുമായി തടസമില്ലാത്ത ഡിജിറ്റല്‍ പരിഹാരങ്ങള്‍ സമന്വയിപ്പിക്കുകയാകും ലക്ഷ്യം.
ബ്ലാക്ക്റോക്കുമായുള്ള സഹകരണം മുന്നോട്ട് കൊണ്ടുപോകാനും ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലക്ഷ്യമിടുന്നു. നിക്ഷേപ ഉല്‍പ്പന്ന വിപണിയാണ് ഇരുവരുടെയും ലക്ഷ്യം. ഇരുകൂട്ടരും 150 മില്യണ്‍ ഡോളറിന്റെ പ്രാരംഭ നിക്ഷേപമാണ് ലക്ഷ്യമിടുന്നത്. ജിയോ ഇന്‍ഷുറന്‍സ് ബ്രോക്കിംഗ് ലിമിറ്റഡ് (ജെഐബിഎല്‍) അതിന്റെ ഇന്‍ഷുറന്‍സ് ഓഫറുകളും വിപുലീകരിച്ചിട്ടുണ്ട്. ജിയോ ഫിനാന്‍സ് ആപ്പ് വഴി സംയോജിത ഇന്‍ഷുറന്‍സ് സൊല്യൂഷനുകള്‍ നല്‍കുന്നതിന് 31 മുന്‍നിര ഇന്‍ഷുറര്‍മാരുമായി കമ്പനിക്കു പങ്കാളിത്തമുണ്ട്.
കാര്യങ്ങള്‍ ഇങ്ങനെ ആണെങ്കിയും വരുമാന കണക്കുകളില്‍ തിളങ്ങാന്‍ കമ്പനിക്കു സാധിച്ചിട്ടില്ല. 2024 ഒന്നാം പാദത്തില്‍ കമ്പനിയുടെ അറ്റാദായം 6 ശതമാനം ഇടിഞ്ഞു. ഇത് ഓഹരി വിപണികളിലും നേരിയ തിരിച്ചടിക്കു വഴിവച്ചു. ഭവന വായ്പയിലേയ്ക്കുള്ള കടന്നുവരവ് കാര്യങ്ങള്‍ ട്രാക്കിലാക്കുമെന്നാണു വിലയിരുത്തല്‍.
Recent Comments