അരവിന്ദ് സാമിയും കാര്‍ത്തിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മെയ്യഴകനാണ് ഈ വെള്ളിയാഴ്ച തിയറ്ററുകളില്‍ എത്തിയ ചിത്രങ്ങളില്‍ ഒന്ന്. ഇരുവരുടെയും സാന്നിധ്യത്തിന് ഉപരിയായി 96 സംവിധാനം ചെയ്ത സി. പ്രേംകുമാറിന്റെ അടുത്ത ചിത്രമെന്ന നിലയിലാണ് മെയ്യഴകന് പ്രാധാന്യം ഏറുന്നത്. ആ പ്രതീക്ഷകളെ അസ്ഥാനത്താക്കാത്ത രീതിയില്‍ തന്നെ പ്രേംകുമാര്‍ ചിത്രം ഗംഭീരമാക്കിയിരിക്കുന്നു. കഴിഞ്ഞ കാലത്തിന്റെ പ്രണയം മയില്‍പ്പീലി തുണ്ടാക്കി വാറ്റിയെടുത്തതാണ് 96 എങ്കില്‍ ഇത്തവണ ഒരു മൊന്ത നിറയെ നൈര്‍മല്യതയാണ് സംവിധായകന് ഈ ചിത്രത്തില്‍ കരുതി വെച്ചിരിക്കുന്നത്.
ഒരിക്കല്‍ എല്ലാം ഇട്ടെറിഞ്ഞ് കുടുംബത്തോടെ നാട് വിടേണ്ടി വന്ന പയ്യന് വളര്‍ന്ന് ഒരു മദ്ധ്യവയസ്കനായപ്പോള്, നാട്ടിലേക്ക് ഒരു ദിവസത്തിനായി തിരിച്ച് പോകേണ്ടി വരുന്നു. നാട്ടില്‍ വെച്ച് അയാള്‍ തനിക്ക് ഒരു പരിചയവുമില്ലാത്തൊരാളുമായി സമയം ചെലവഴിക്കാന്‍ നിര്‍ബന്ധിതനാകുന്നു. രണ്ട് വിഭിന്ന വ്യക്തിത്വങ്ങളുടെ കണ്ടുമുട്ടലും അവരുടെ പിന്നീടുള്ള നിമിഷങ്ങളും പല സിനിമകളിലും കണ്ടുമറന്നതാണെങ്കിലും സിനിമയില്‍ അലയടിക്കുന്ന ഗതകാല സ്മരണകളുടെ ഊഷ്മളത പ്രേക്ഷകനെ ഉടനീളം കൈയിലെടുക്കുന്നു. വളരെ ചെറിയ ഒരു ത്രെഡായത് കൊണ്ട് വരാന്‍ പോകുന്ന സംഭവവികാസങ്ങളും ക്ലൈമാക്സും പ്രേക്ഷകന് മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞാലും അത് സിനിമയുടെ ആസ്വാദനത്തിനെ ബാധിക്കുന്നില്ല എന്നതാണ് ചിത്രത്തിന്റെ പ്രത്യേകതയാണ്.
പ്രെഡിക്ടബിളായ രംഗങ്ങളെയെല്ലാം നിര്‍മലമായ തമാശകളിലൂടെയാണ് സംവിധായകന് ബൈപാസ് ചെയ്തിരിക്കുന്നത്. ചെറിയ സിറ്റുവേഷന് ഹ്യൂമറുകളിലൂടെ ഒരു തരത്തിലുള്ള ഗിമ്മിക്കുകളും ഉപയോഗിക്കാതെ നീറ്റായി കഥ പറഞ്ഞിരിക്കുന്നു. ഇക്കിളിയിട്ടാല്‍ പോലും ചിരി വരാത്ത പഴയ തമാശകള്‍ മാത്രം ഉള്‍പ്പെടുത്തി സിനിമയെടുക്കുന്ന മലയാളത്തിലെ തിരക്കഥാകൃത്തുകള്‍ മെയ്യഴകന് ഒരു വട്ടമെങ്കിലും കാണുന്നത് ഗുണം ചെയ്യും. തമാശ രംഗങ്ങള്‍ അവതരിപ്പിക്കുന്നതിലെ കാര്‍ത്തിയുടെ കൈയടക്കവും ചിത്രത്തിനെ സഹായിക്കുന്നുണ്ട്.
വളരെ അനായാസേനയാണ് ഈ റോള്‍ കാര്‍ത്തി കൈകാര്യം ചെയ്തിരിക്കുന്നത്. ഇമോഷണല്‍ രംഗങ്ങളും ഭംഗിയാക്കി. പ്രകടനത്തില്‍ അരവിന്ദ് സ്വാമി ഞെട്ടിച്ചു. തികച്ചും ആ കഥാപാത്രമായി മാറി എന്ന് തന്നെ പറയാം. Subtle ആയുള്ള അഭിനയത്തിലൂടെ കഥാപാത്രത്തിന്റെ എല്ലാ മനോവ്യാപാരങ്ങളും പ്രകടമാക്കാന്‍ അരവിന് സ്വാമിക്ക് കഴിഞ്ഞു. എല്ലാ അഭിനേതാക്കളും മികച്ച പ്രകടനം തന്നെയാണ് കാഴ്ച വെച്ചത്. കാര്‍ത്തിയുടെയും അരവിന്ദ് സ്വാമിയുടെയും ഭാര്യമാരെ അവതരിപ്പിച്ച നടിമാരുടെ തന്മയത്വമുള്ള അഭിനയം എടുത്തു പറയേണ്ടതാണ്.
ഛായാഗ്രഹണം, ചിത്രസംയോജനം മുതലായ എല്ലാ വിഭാഗങ്ങളും ഒന്നിനൊന്ന് മെച്ചമായിരുന്നു. ഗോവിന്ദ് വസന്തയുടെ പാട്ടുകളും പശ്ചാത്തല സംഗീതവും മികച്ചതായി അനുഭവപ്പെട്ടു. സിനിമയുടെ ആത്മാവിനെ കൃത്യമായി തൊട്ടറിഞ്ഞ സംഗീതമായിരുന്നു അത്. കമലഹാസന് പാടിയ ഗാനവും ഗംഭീരമായി.
ഉദ്വേഗജനകമായ കഥ പറച്ചിലല്ല ചിത്രത്തിന്റേത്. പതിഞ്ഞ താളത്തില്‍ ഒരോ ഇമോഷണല്‍ എലമെന്റും ഓരോന്നായി എസ്റ്റാബ്ലിഷ് ചെയ്തു കൊണ്ടാണ് ചിത്രത്തിന്റെ ഒഴുക്ക്. മൂന്ന് മണിക്കൂറാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. ആദ്യ പകുതിയിലൊന്നും ഈ ദൈര്ഘ്യകൂടുതലിനെ കുറിച്ച് പ്രേക്ഷകന് ബോധവാനാകില്ല, അത്രമാത്രം സിനിമയിലേക്ക് ലയിക്കാന്‍ പ്രേക്ഷകന് സാധിക്കുന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ കാര്‍ത്തിയുടെ മോണോലോഗുകളില്‍ സാമാന്യം ഭേദപ്പെട്ട രീതിയിലുള്ള ലാഗുണ്ട്. കാളയുടെ എപ്പിസോഡ് മാത്രം സിനിമയില്‍ അവശ്യമുള്ളതായി തോന്നിയില്ല. പിന്നെ തുടര്‍ന്ന് വരുന്ന കാര്‍ത്തിയുടെ സോഷ്യല്‍ സ്റ്റഡീസ് ക്ലാസും ചെറുതായി അലോസരമുണ്ടാക്കി. തമിഴ് സംസ്കാരത്തിനെ ഊന്നി കഥ പറയാന്‍ കാണിച്ച സംവിധായകന്റെ തീരുമാനമാണ് ഇതില്‍ വ്യക്തമാകുന്നത്. തമിഴ് ജനതയ്ക്ക് ഇതൊരു പ്രശ്നമായി തോന്നാനും വഴിയില്ല. ഈ പോരായ്മകള്‍ കൂടി ഇല്ലായിരുന്നെങ്കില്‍ ഒരു ക്ലാസിക്ക് ചിത്രം എന്ന ലേബലിലേക്ക് മാറാന്‍ മെയ്യഴകന് സാധിക്കുമായിരുന്നു.
എന്നിരുന്നാലും മികച്ച ഒരു സിനിമാനുഭവമാണ് മെയ്യഴകന് എന്നതില്‍ സംശയമൊന്നുമില്ല. ആക്രി കടയില്‍ തൂക്കി വില്‍ക്കുന്ന മോട്ടിവേഷന്‍ പുസ്തകം വാങ്ങി, അതില്‍ നിന്ന് സാരോപദേശ കഥ ഡയലോഗുകളാക്കി മാറ്റുന്നതല്ല ഫീല്‍ ഗുഡ് എന്നും, യഥാര്‍ത്ഥ ഫീല്‍ ഗുഡ് ചിത്രമെന്തെന്നും മെയ്യഴകന് കാട്ടി തരുന്നു. ഒറ്റവാക്കില്‍ യാതൊരു വിധ ബുദ്ധിജീവി നാട്യങ്ങളുമില്ലാതെ ശാന്തമായി കണ്ടു തീര്‍ക്കാന്‍ കഴിയുന്ന ചിത്രമാണ് മെയ്യഴകന്.
Recent Comments