മലയാള സിനിമ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് ബ്ലെസിയുടെ ആടു ജീവിതം. ബെന്യാമിന്റെ ഇതേപേരിലുള്ള വിഖ്യാത നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണ് ചിത്രം. ഇപ്പോള്‍ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്. ഏപ്രില്‍ 10 നാണ് ചിത്രം തിയറ്ററുകളില്‍ എത്തുക.
പാന്‍ ഇന്ത്യന്‍ ചിത്രമായാണ് ആടുജീവിതം എത്തുക.മലയാളം കൂടാതെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലും ചിത്രത്തിന് റിലീസുണ്ട്. റസൂല്‍ പൂക്കുട്ടി ആണ് ചിത്രത്തിനായി സൗണ്ട് ഡിസൈന്‍ നിര്‍വഹിക്കുന്നത്. വിഷ്വല്‍ റൊമാന്‍സിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്.
നജീബ് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന ചിത്രം കേരളത്തിലെ സുഖസൗകര്യങ്ങളില്‍നിന്ന് ഭാഗ്യം തേടി വിദേശത്തേക്ക് കുടിയേറിയ നജീബ് എന്ന ചെറുപ്പക്കാരന്റെ ജീവിതത്തിന്റെയും സഹനത്തിന്റെയും കഥയാണ് പറയുന്നത്.
കരിയറില്‍ കഴിഞ്ഞ 10 വര്‍ഷമായി ബ്ലെസി ഈയൊരു ചിത്രത്തിന്റെ പിറകെയാണ്. 2013 ല്‍ പുറത്തിറങ്ങിയ കളിമണ്ണിന് ശേഷം അദ്ദേഹത്തിന്റേതായി ചിത്രങ്ങളൊന്നും പുറത്തിറങ്ങിയിട്ടില്ല. നിരവധി പേര് വായിച്ച് തഴമ്പിച്ച, മനസില്‍ വരച്ചിട്ട നജീബിന്റെ ജീവിതം സ്ക്രീന്‍ എത്തിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ആ ഒരു വലിയ റിസ്ക് എടുത്ത് ചിത്രം ഒരുക്കിയിരിക്കുന്നത് സംവിധായകന് ബ്ലെസി ആണ്. ലാല്‍ ജോസ്, അടൂര്‍ ഗോപാലകൃഷ്ണന് തുടങ്ങിയവര്‍ ആടുജീവിതം സിനിമയാക്കാന്‍ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും നറുക്ക് വീണത് ബ്ലെസിക്കാണെന്ന് ബെന്യാമിന് മുമ്പ് പറഞ്ഞിട്ടുണ്ട്.
ആടുജീവിതത്തിന്റെ ഫസ്റ്റ് പോസ്റ്റര്‍ പുറത്തിറങ്ങിയത് മുതല്‍ ആളുകള്‍ ഏറെ ചര്‍ച്ച ചെയ്തത് പൃഥ്വിരാജിന്റെ രൂപത്തെക്കുറിച്ചാണ്. ചിത്രത്തിനു വേണ്ടി ശരീരഭാരം കൂട്ടുകയും കുറയ്ക്കുകയും എല്ലാം ചെയ്യുന്ന ഒട്ടനവധി ഘട്ടങ്ങളിലൂടെയാണ് താരം കടന്നു പോയിരുന്നത്. സ്വന്തം ശരീരത്തിന് കൊടുക്കുന്ന ടോര്‍ച്ചറാണ് ശരിക്കും നിങ്ങള്‍ കാണുന്ന രൂപ മാറ്റം എന്നാണ് പൃഥ്വിരാജ് കഥാപാത്രത്തെ കുറിച്ച് പറഞ്ഞത്. ചിത്രത്തിലെ മകന്റെ മേക്കോവര്‍ കണ്ട് ഞെട്ടികരഞ്ഞു എന്ന് മല്ലിക സുകുമാരനും പറഞ്ഞിട്ടുണ്ട്.
ളോഹ പോലത്തൊരു വസ്ത്രവും തുകല്‍ ചെരുപ്പാണ് ചിത്രത്തില്‍ പൃഥ്വിയുടെ വേഷം. ആരോഗ്യമുള്ളവര്‍ക്ക് പോലും പിടിച്ച് നില്ക്കാന് പറ്റാത്ത അവസ്ഥയിലാണ് പൃഥ്വിരാജ് മരുഭൂമിയില്‍ ഓടുകയും സ്പീഡില്‍ നടക്കുകയുമൊക്കെ ചെയ്യുന്നത്. ഷൂട്ട് ചെയ്യുമ്പോള്‍ പൃഥ്വിരാജ് തളര്‍ന്ന് വീണിട്ടുണ്ട്. ലിക്വിഡ് പോലുള്ള ഭക്ഷണം സ്ട്രോയില്‍ മാത്രമാണ് പൃഥ്വി ഷൂട്ട് സമയത്ത് കഴിച്ചിരുന്നത്.
2018ലാണ് ആടുജീവിതത്തിന്റെ കേരളത്തിലെ ഷെഡ്യൂള്‍ ചിത്രീകരണം ആരംഭിച്ചത്. ആടുജീവിതത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ 160 ദിവസം വേണ്ടി വന്നിരുന്നു. നാലര വര്‍ഷം കൊണ്ടാണ് ഈ 160 ദിവസങ്ങള്‍ ബ്ലെസിക്ക് കണ്ടെത്തേണ്ടി വന്നത്. ഇതിനിടയില്‍ വന്ന കൊവിഡ് മഹാമാരിയും സിനിമയുടെ ചിത്രീകരണത്തെ ബാധിച്ചു.
മാജിക് ഫ്രെയിംസ് ആണ് സിനിമ വിതരണത്തിനെത്തിക്കുന്നത്. പൃഥ്വിരാജിനെ കൂടാതെ അമല പോളും ശോഭ മോഹനുമാണ് മലയാളത്തില്‍ നിന്നുള്ള മറ്റുതാരങ്ങള്‍. എ.ആര്. റഹ്മാനാണ് ചിത്രത്തിന് സംഗീതം നിര്‍വഹിക്കുന്നത്. പ്രശാന്ത് മാധവ് കലാസംവിധാനവും രഞ്ജിത്ത് അമ്പാടി മേക്കപ്പും നിര്‍വഹിച്ചിരിക്കുന്നു.
Recent Comments