താരസംഘടനയായ അമ്മയുടെ നേതൃത്വത്തിലും ഇത്തവണത്തെ വനിതാദിനം ആഘോഷിക്കപ്പെട്ടു. സാധാരണഗതിയില്‍ അമ്മയിലെ അംഗങ്ങളെല്ലാം ഒത്തുകൂടുക പൊതുയോഗത്തിനായിരിക്കും. അല്ലെങ്കില്‍ ഏതെങ്കിലും സ്റ്റേജ് ഷോകള്‍ക്കുവേണ്ടി. അതിനപ്പുറം ഏതെങ്കിലും വിശേഷാവസരങ്ങള്‍ അമ്മയുടെ നേതൃത്വത്തില്‍ കൊണ്ടാടപ്പെട്ടിട്ടില്ല. അമ്മയിലെ വനിതാ അംഗങ്ങളാണ് ‘ആര്‍ജ്ജവ’ എന്ന പേരില്‍ ഇത്തരമൊരു പരിപാടി സംഘടിപ്പിക്കാന്‍ മുന്നിട്ടിറങ്ങിയതും അത് വിജയിപ്പിച്ചെടുത്തതും. ‘അമ്മ’യെ സംബന്ധിച്ചിടത്തോളം ഇതൊരു ചുവടുവയ്പ്പുതന്നെയാണ്.
മുന്‍ ആരോഗ്യമന്ത്രി ശൈലജയും മുന്‍ ഡി.ജി.പി ശ്രീലേഖയും പങ്കെടുത്ത ഒരു പരിപാടി എന്ന നിലയില്‍ അതിന്റെ സാമൂഹിക പ്രസക്തിയും വര്‍ദ്ധിപ്പിക്കുന്നുണ്ട്. അമ്മയിലെ അംഗം കൂടിയായ ഒരു അഭിനേത്രി പൊതുമധ്യത്തില്‍ പീഡിപ്പിക്കപ്പെടുകയും ആ നടിക്ക് അമ്മയില്‍നിന്ന് പിന്തുണ ലഭിച്ചിട്ടില്ലെന്നുള്ള ആരോപണം ശക്തമായി തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ ശൈലജ ടീച്ചറെ പോലെയുള്ളവര്‍ ആ മീറ്റിംഗില്‍ പങ്കെടുക്കില്ലെന്നാണ് ചിലരെങ്കിലും കരുതിയത്. ആ മുന്‍വിധികളെയൊക്കെ തെറ്റിച്ചുകൊണ്ടാണ് ശൈലജയും ശ്രീലേഖയും ആ വേദിയില്‍ എത്തിയത്. അതൊരു ഐക്യദാര്ഢ്യപ്രഖ്യാപനമാണെന്ന് കരുതുന്നില്ലെങ്കിലും അമ്മയെ ചൂഴ്ന്നുനിന്നിരുന്ന പല ആരോപണങ്ങളുടെയും യഥാര്‍ത്ഥ കാരണം അവര്‍ക്ക് ബോധ്യപ്പെടാനുള്ള വേദികൂടിയായി അത് മാറി. തീര്‍ച്ചയായും ആ നിലയിലും ആര്‍ജ്ജവ ഒരു വിജയമായിരുന്നു. ഇരുപത് വര്‍ഷങ്ങള്‍ക്കിപ്പുറം നടി ഊര്‍വ്വശി അമ്മയുടെ വേദിയിലേയ്ക്ക് കടന്നുവന്നതും എല്ലാവരും ഒന്നിച്ച് നില്‍ക്കണമെന്ന സന്ദേശം തന്നെയാണ് നല്‍കിയത്.
ഇതിനെല്ലാമപ്പുറം പ്രായഭേദമെന്യേ അനവധി കലാകാരികളാണ് അമ്മ ഒരുക്കിയ ആ പ്രത്യേക വേദിയില്‍ അവരുടെ കലാപ്രകടനങ്ങള്‍ അവതരിപ്പിച്ചത്. സാധാരണ ചാനലുകളുടെ സ്റ്റേജ് ഷോകളില്‍പോലും അമ്മയുടെ എല്ലാ അംഗങ്ങള്‍ക്കും പങ്കെടുക്കാന്‍ കഴിയാറില്ല. അതില്‍ നീരസം ഉള്ളിലുണ്ടെങ്കിലും അവര്‍ പ്രകടമാക്കാറില്ലെന്നുമാത്രം. അതില്‍നിന്നൊക്കെ വ്യത്യസ്തമായി അമ്മയുടെ ഒരു വേദിയില്‍, നിയന്ത്രണങ്ങളൊന്നുമില്ലാതെ അവര്‍ക്ക് തങ്ങളുടെ കലാപ്രകടനങ്ങള്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞു. അതും തങ്ങളുടെകൂടി അദ്ധ്വാനംകൊണ്ട് കെട്ടിപ്പടുത്തുയര്‍ത്തിയ ആസ്ഥാനമന്ദിരത്തില്‍ ആകുമ്പോള്‍ അവരുടെ അഭിമാനം ആകാശത്തോളം വളര്‍ത്താന്‍ പോന്നതായിരുന്നു.
വരും കൊല്ലങ്ങളിലും ഇത്തരം ആഘോഷപരിപാടി ഉണ്ടാകുമെന്ന് അമ്മയിലെ അംഗങ്ങള്‍ ഒരേസ്വരത്തില്‍ വിളിച്ചുപറഞ്ഞു. വനിതാദിനത്തില്‍ അവര്‍ ഉയര്‍ത്തിയ ഒരുമയുടെ ശബ്ദവും ആ ദിനത്തെ അര്ത്ഥസമ്പൂര്ണ്ണമാക്കി.
For More Images: LINK
Recent Comments