ടൊവിനോ തോമസിനെ നായകനാക്കി ആഷിക്ക് ഉസ്മാന് നിര്‍മ്മിക്കുന്ന തല്ലുമാലയുടെ ഷൂട്ടിംഗ് ഇപ്പോഴും എറണാകുളത്ത് പുരോഗമിക്കുകയാണ്. ഖാലിദ് റഹ്മാനാണ് സംവിധായകന്. ചിത്രത്തിന്റെ ഷൂട്ടിംഗ് തീരാന്‍ 30 ദിവസം മാത്രം അവശേഷിക്കെ നാല് ബിഗ് പ്രോജക്ടുകള്‍ കൂടി അനൗണ്‍സ് ചെയ്തിരിക്കുകയാണ് നിര്‍മ്മാതാവ് ആഷിക് ഉസ്മാന്. ഈ വിവരം കാന്‍ ചാനലിനോടാണ് അദ്ദേഹം ആദ്യമായി വെളിപ്പെടുത്തുന്നതും.
‘തല്ലുമാലയ്ക്ക് ശേഷം നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അല്‍ത്താഫ് സലിമാണ്. ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേളയ്ക്കുശേഷം അല്‍ത്താഫ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ്. ഫഹദ് ഫാസിലാണ് ഇതിലെ നായകന്. രണ്ട് നായികമാരുണ്ട്. അവരുടെ കാസ്റ്റിംഗ് നടന്നുവരികയാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂലൈ അവസാനം ചെന്നൈയില്‍ തുടങ്ങും.’
‘നോണ്സെന്സിനുശേഷം എം.സി. ജിതിന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് രണ്ടാമത്തെ നിര്‍മ്മാണ സംരംഭം. സമീര്‍ താഹിറും ഷൈജു ഖാലിദും ഈ ചിത്രത്തിന്റെ നിര്‍മ്മാണ പങ്കാളികളാണ്. കുഞ്ചാക്കോ ബോബനാണ് നായകന്. ടൈറ്റില്‍ ആയിട്ടില്ല. കാസ്റ്റിംഗും പുരോഗമിക്കുകയാണ്.’
‘പൃഥ്വിരാജിനെ നായകനാക്കി ജോണ്‍പോള്‍ ജോര്‍ജാണ് മൂന്നാമത്തെ ചിത്രം സംവിധാനം ചെയ്യുന്നത്. ഗപ്പിക്കും അമ്പിളിക്കും ശേഷം ജോണ്‍പോള്‍ ജോര്‍ജ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മാലിദീപാണ് ലൊക്കേഷന്‍. ബിഗ് ബജറ്റിലാണ് ഈ ചിത്രം ഒരുങ്ങുന്നത്.’
‘അഞ്ചാംപാതിരയുടെ രണ്ടാം ഭാഗം അല്ലെങ്കിലും അതിലെ കേന്ദ്രകഥാപാത്രമായ അന്‍വര്‍ ഹുസൈനെ നിലനിര്‍ത്തി മിഥുന് മാനുവല്‍ തോമസ് ഒരുക്കുന്ന മറ്റൊരു ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറായ ആറാം പാതിര നിര്‍മ്മിക്കുന്നതും ഞാനാണ്. കുഞ്ചാക്കോബോബന് തന്നെയാണ് ആറാം പാതിരയിലേയും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അതിന്റെ ഷൂട്ടിംഗും ഈ വര്‍ഷം തുടങ്ങും.’ ആഷിഖ് ഉസ്മാന് പറഞ്ഞു.
ആഷിഖ് ഉസ്മാന് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമാണ് തല്ലുമാല. നാല് ചിത്രങ്ങള്‍കൂടി അനൗണ്‍സ് ചെയ്യപ്പെട്ടതോടെ ഈ പ്രൊഡക്ഷന്‍ ലിസ്റ്റുകളുടെ എണ്ണം 16 ആകും.
Recent Comments