മികച്ച പ്രേക്ഷകപ്രീതി നേടി മുന്നേറുന്ന ഗരുഡനുശേഷം സുരേഷ് ഗോപി അഭിനയിക്കുന്ന ചിത്രം അബാം മൂവീസ് നിര്‍മ്മിക്കുന്നു. സുരേഷ് ഗോപിയുടെ 251-ാമത്തെ ചിത്രമാണിത്. രാഹുല്‍ രാമചന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ അനൗണ്‍സ്മെന്റ് 2021 ല്‍ തന്നെ നടന്നിരുന്നതാണ്. അതിനോടൊപ്പം പുറത്തിറക്കിയ ഫസ്റ്റ് ലുക്ക് പോസ്റ്ററും വൈറലായിരുന്നു. ഭൂതക്കണ്ണാടിയുമായി ഇരിക്കുന്ന സുരേഷ് ഗോപിയായിരുന്നു ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ ഉണ്ടായിരുന്നത്. അതിനുശേഷം രണ്ട് പോസ്റ്ററുകള്‍കൂടി പുറത്തിറങ്ങി. വടചെന്നൈയിലെ ഗാങ്സ്റ്റര്‍ ഗെറ്റപ്പിലുള്ളതായിരുന്നു രണ്ടാമത്തെ പോസ്റ്റര്‍. മൂന്നാമത്തെ പോസ്റ്ററില്‍ ഒരു കസേര മാത്രമാണുണ്ടായിരുന്നത്. ചിത്രത്തിന്റെ പ്രഖ്യാപനം മുതല്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രംകൂടിയായിരുന്നു ഇത്. അന്നും ടൈറ്റില്‍ പ്രഖ്യാപിച്ചിരുന്നില്ല. നിര്‍മ്മാതാക്കളുടെ കാര്യത്തിലും അനിശ്ചിതത്വമുണ്ടായിരുന്നു.
ഇപ്പോള്‍ ആ പ്രോജക്ട് അബാം മൂവീസ് ഏറ്റെടുത്തിരിക്കുന്നുവെന്നതാണ് പുതിയ അപ്ഡേറ്റ്. എബ്രഹാം മാത്യുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. സമീന്‍ സലീമാണ് ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത്. ഒരു ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണിത്. തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്നിന്നുള്ളവരാണ് ചിത്രത്തിലെ സാങ്കേതിക പ്രവര്‍ത്തകരിലേറെയും. സുരേഷ് ഗോപിക്കൊപ്പം തുല്യ പ്രാധാന്യമുള്ള ഒരു വേഷത്തില്‍ തമിഴില്‍നിന്നുള്ള ഒരു മുന്‍നിര നടനെയും പരിഗണിക്കുന്നു.
ഡിസംബറില്‍ ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്യും. അന്ന് ടൈറ്റിലും താരങ്ങളുടെയും സാങ്കേതിക പ്രവര്‍ത്തകരുടെയും പേരുകള്‍ പ്രഖ്യാപിക്കപ്പെടും. എന്‍.എം. ബാദുഷയും അമീറുമാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്.
ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്തവര്‍ഷം ആദ്യം തുടങ്ങുന്ന രീതിയിലാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്.
Recent Comments