നടി ഹണി റോസിനെതിരെ സമൂഹമാധ്യമങ്ങളില്‍ അശ്ലീല കമന്റുകളിട്ട 27 പേര്‍ക്കെതിരെ കേസെടുത്ത് പോലീസ്. എറണാകുളം കുമ്പളം സ്വദേശിയായ ഒരാളെ സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തു. സ്ത്രീസ്വത്തെ അപമാനിക്കല്‍, ഐടി ആക്ടുകള്‍ ചുമത്തിയാണ് അറസ്റ്റ്.
ഒരു വ്യക്തി സമൂഹമാധ്യമങ്ങളിലൂടെ തന്നെ അപമാനിക്കുന്നു എന്ന് ഹണി റോസ് നേരത്തെ ഫെയ്സ് ബുക്കില്‍ പോസ്റ്റിട്ടിരുന്നു. എന്നാല്‍ ഇതിന് താഴെയും ലൈംഗികാധിക്ഷേപ കമന്റുകളുമായി ഒട്ടേറെപ്പേര്‍ എത്തിയതോടെ പരാതി നല്കാന് നടി തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി പരാതി നല്‍കുകയായിരുന്നു. സ്ത്രീത്വത്തെ അപമാനിക്കുന്നതും അശ്ലീലം നിറഞ്ഞ കമന്റുകളിട്ട 27 പേരുടെ വിവരങ്ങളും കൈമാറി. തുടര്‍ന്ന് അശ്ലീല കമന്റുകളിട്ടവരുടെ പ്രൊഫൈലുകള്‍ പരിശോധിച്ചശേഷമാണ് പോലീസ് നിയമനടപടിയിലേയ്ക്ക് കന്നിട്ടുള്ളത്. ലൈംഗികാതിക്രമത്തിന്റെ പരിധിയില്‍ പെടുന്ന, ഒരു വര്‍ഷംവരെ തടവും പിഴയും ലഭിക്കാവുന്ന വകുപ്പുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ളദ്വയാര്ത്ഥ പ്രയോഗങ്ങള്‍ നടത്തി സമൂഹമാധ്യമങ്ങളിലൂടെ തന്നെ പരിഹസിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി നടി ഹണി റോസ് കഴിഞ്ഞ ദിവസം ഫെയ്സ് ബുക്കില്‍ പോസ്റ്റിട്ടിരുന്നു. മാനസിക വൈകൃതം ഉള്ളവരുടെ ഇത്തരം പുലമ്പലുകളെ പുച്ഛത്തോടെയും സഹതാപത്തോടെയും അവഗണിക്കാറാണ് പതിവെന്നും എന്നാല്‍ ഇനി ഈ വിഷയത്തില്‍ നിയമപരമായി മുന്നോട്ടു പോകാനാണ് തീരുമാനമെന്നുമാണ് ഹണിറോസ് ഫെയ്സ് ബുക് പോസ്റ്റില്‍ പറഞ്ഞത്. ഇതിന് പിന്നാലെയാണ് നടി പരാതിയുമായി പോലീസിനെ സമീപിച്ചത്.
Recent Comments