‘ഇപ്പോള്‍ അവാര്‍ഡ് സിനിമകള്‍ വേറെ, മറ്റു സിനിമകള്‍ വേറെ എന്നുണ്ടോ? അങ്ങനെയൊക്കെ കാണാമോ? മോശമല്ലേ? അതൊക്കെ പൊളിറ്റിക്കലി കറക്ടാണോ? അതൊക്കെ പഴയ പ്രയോഗമാണ്. അതൊന്നും ഇവിടെ എടുക്കാന്‍ പറ്റില്ല. സോറി, അങ്ങനെ ഒന്നും വിശദീകരിക്കാനും പറ്റില്ല’ നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മമ്മൂട്ടി. ലിജോ ജോസ് പെല്ലിശ്ശേരിയോടൊപ്പം മമ്മൂട്ടി ആദ്യമായി അഭിനയിക്കുന്ന ചിത്രംകൂടിയാണ് നന്‍പകല്‍ നേരത്ത് മയക്കം.
മലയാളത്തിലെ മികച്ച സംവിധായകരില്‍ ഒരാളായ ലിജോയെ കണ്ടെത്താന്‍ വൈകിയോ എന്ന മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് മമ്മൂട്ടിയുടെ മറുപടി ഇപ്രകാരമായിരുന്നു.
‘ഞാന്‍ ലിജോയെ കണ്ടെത്തിയിട്ടില്ലല്ലോ? പുള്ളിയും ഇവിടെ തന്നെ ഉണ്ടായിരുന്നു. ഞാനും ഉണ്ടായിരുന്നു. ഞങ്ങള്‍ പരസ്പരം പലപ്പോഴും കണ്ടുമുട്ടിയിട്ടുണ്ട്. ശരിക്കും മുട്ടിയത് ഇപ്പോഴാന്നെന്ന് മാത്രം. ലിജോയെ ഒരുപാട് കാലം മുന്‍പേ എനിക്ക് അറിയാം. ലിജോയെ സംബന്ധിച്ച് സിനിമയും അഭിനയവും ഒന്നും പുതിയ കാര്യങ്ങള്‍ അല്ല. കൂടാതെ ഞാനും ലിജോയും രണ്ടു മൂന്ന് കഥകള്‍ ചര്‍ച്ച ചെയ്തതാണ്. അത് എടുക്കാന്‍ ഇനിയും സമയമുണ്ട്. ബഡ്ജറ്റ് കുറഞ്ഞ സിനിമ ആയതുകൊണ്ട് ഈ സിനിമ ഇപ്പോള്‍ ചെയ്തു. വരുന്ന ജനുവരി 19 ന് ആണ് ചിത്രത്തിന്റെ റിലീസ്.’ മമ്മൂട്ടി തുടര്‍ന്നു.
‘സിനിമ താരം എന്ന് പറയുന്നത് രാവിലെ എഴുന്നേറ്റ് താരമായി വരുന്നത് അല്ലല്ലോ? നമ്മള് അഭിനയിച്ച്, അഭിനയിച്ച് ആ ഇഷ്ടം അങ്ങനെയായി പോകുന്നതാണ്. എന്നെ സംബന്ധിച്ചു എന്നിലെ ആക്ടറെ ചവിട്ടി തേക്കാറില്ല. മാക്സിമം അയാള്‍ക്കു ഞാന്‍ എന്തെങ്കിലും ഒരു സൗകര്യം ചെയ്ത് കൊടുക്കും. അങ്ങനെ ഉള്ള അവസരങ്ങള്‍ ഉപേക്ഷിക്കാറുമില്ല. അഭിനയ പ്രാധാന്യവും കഥക്കും പുതുമ ഉള്ളതുകൊണ്ടാണ് ഞാന്‍ തന്നെ ഈ സിനിമ എടുത്തത്. കണ്ട ആളുകള്‍ക്ക് അത് വേറൊരു അനുഭൂതി നല്കുന്നു.’ മമ്മൂട്ടി പറഞ്ഞു.
മലയാള സിനിമയിലെ മെന്റല്‍ ഹെല്‍ത്തുമായി ബന്ധപ്പെട്ട സിനിമകളെ കുറിച്ചുള്ള മമ്മൂട്ടിയുടെ അഭിപ്രായം മാധ്യമപ്രവര്‍ത്തകര്‍ തേടിയപ്പോള്‍ അദ്ദേഹം പറഞ്ഞു.
‘നമ്മള് സാധാരണ മനുഷ്യരില്‍ നിന്നും വ്യത്യസ്തരായതുകൊണ്ട് തോന്നുന്നതാവാം. ഇത് അങ്ങനെയൊരു കഥാപാത്രമല്ല. അതിന് അപ്പുറത്തേക്ക് ഉള്ള ഒരു ലോകമാണ് ഈ സിനിമ. ഭൂതകണ്ണാടിയില്‍ സൈക്കോ പ്രശ്നമുള്ള ഒരാള്‍. തനിയാവര്‍ത്തനത്തില്‍ അത് ആരോപിക്കപ്പെടുന്ന ഒരാള്‍. ഇത് അത് രണ്ടുമല്ല. വേറെ ഐറ്റം ആണ്. അത് കൊണ്ടുതന്നെ ഒന്നും കിട്ടിയില്ലെങ്കിലും അഭിനയിക്കാന്‍ തയ്യാറാണ്. തനിക്കു പണം കിട്ടുമ്പോഴല്ല അഭിനയിക്കുമ്പോഴാണ് ഏറ്റവും സന്തോഷം കിട്ടുന്നത്’ മമ്മൂക്ക കൂട്ടി ചേര്‍ത്തു.
‘മലയാളികള്‍ കാണുമ്പോള്‍ ഇതൊരു തമിഴ് സിനിമായായും തമിഴ്നാട്ടുകാര്‍ക്ക് ഇത് മലയാള ചിത്രമായും തോന്നും. അതാണ് ഈ കഥയുടെ പ്രത്യേകത. എല്ലാവരും നല്ലവരല്ലാത്ത, എല്ലാവരും ചീത്ത അല്ലാത്ത, എല്ലാവരും സാധാരണ മനുഷ്യര്‍ ആയിട്ടുള്ള ഒരു സിനിമയാണ് നന്‍പകല്‍ നേരത്ത് മയക്കം.’ മമ്മൂട്ടി പറഞ്ഞു.
രമ്യാ പാണ്ട്യന്, അശോകന്, കൈനകരി തങ്കരാജ്, സുരേഷ് ബാബു, ചേതന്‍ ജയലാല്‍, അശ്വന്ത് അശോക് കുമാര്‍, രാജേഷ് ശര്‍മ്മ, രമ്യ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മമ്മൂട്ടിക്കമ്പനി ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡും ആമേന്‍ മൂവി മൊണാസ്ട്രിയും ചേര്‍ന്നാണ് നിര്‍മാണം. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് തേനി ഈശ്വറാണ്. ലിജോ ജോസിന്റെ കഥക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയത് എസ്. ഹരീഷാണ്.
-മെറിന് മാത്യു
Recent Comments