അരുണ്‍ വൈഗ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെ അല്‍ഫോണ്‍സ് പുത്രന് സിനിമ രംഗത്തേക്ക് തിരിച്ചെത്തുന്നു. ഇത്തവണ സംവിധായകനായിട്ടല്ല പകരം അഭിനേതാവായിട്ടാണ് താരം സ്ക്രീനില്‍ പ്രത്യക്ഷപ്പെടുന്നത്. ഇതാദ്യമായാണ് തന്റെ സംവിധാന ചിത്രമല്ലാത്ത ഒരു സിനിമയില്‍ അല്‍ഫോണ്‍സ് അഭിനയിക്കുന്നത്. അരുണ്‍ വൈഗയുടെ ഒഫീഷ്യല്‍ ഇന്‍സ്റ്റഗ്രാം ആകൗണ്ടിലൂടെ പുറത്തുവിട്ട വീഡിയോ വഴിയാണ് ഇക്കാര്യം അറിയിച്ചത്. വീഡിയോക്ക് താഴെയായ് അരുണ്‍ വൈഗ കുറിച്ച ഹൃദയസ്പര്‍ശിയായ വാക്കുകള്‍ ശ്രദ്ധനേടുന്നു.
‘എനിക്ക് ഏറ്റവും കൂടുതല്‍ പ്രേമം തോന്നിയ സിനിമയാണ് ‘പ്രേമം’. ആ സിനിമ എത്ര തവണ കണ്ടു എന്ന് അറിയില്ല, അതില്‍ വര്‍ക്ക് ചെയ്ത എല്ലാവരെയും പരിചയപ്പെടണം എന്ന് ഒരുപാട് ആഗ്രഹം തോന്നി. അങ്ങനെ സിജു വില്‍സണ്‍ ഭായ് ശബരീഷ് ഭായ് എന്റെ ചങ്ക് വിഷ്ണു ഗോവിന്ദ് ഒക്കെ സുഹൃത്തുക്കള്‍ ആയി. ഇപ്പോ പുതിയ സിനിമയില്‍ മ്യൂസിക്ക് ചെയ്യുന്നത് രാജേഷ് മുരുഗേശനും. അതും ഒരു ഭാഗ്യം. എഡിറ്റിംഗ് കൊണ്ടും ഡയറക്ഷന്‍ കൊണ്ടും എന്നെ വിസ്മയിപ്പിച്ച ആ മനുഷ്യനെ മാത്രം കുറെ ശ്രമിച്ചെങ്കിലും പരിചയപ്പെടാന്‍ പറ്റിയില്ല. അങ്ങനെ ആ ദിവസം വന്നു. നിരന്തരമായ എന്റെ ശ്രമത്തിന്റെ ഫലമായി എന്റെ പുതിയ സിനിമയില്‍ ഒരു കാമിയോ റോള്‍ അല്‍ഫോന്‍സ് പുത്രന് ഇന്നലെ ചെയ്തു. ആ ക്യാരക്ടര്‍ എഴുതുമ്പോള്‍ തന്നെ അദ്ദേഹമായിരുന്നു മനസ്സില്‍. അങ്ങനെ ഞാന്‍ ഒരുപാട് ആരാധിക്കുന്ന ആ മാജിക് മേക്കറിനോട് ഇന്നലെ ആക്ഷന്‍ പറഞ്ഞു. ആഗ്രഹിച്ച കാര്യങ്ങള്‍ നമ്മളിലേക്ക് എത്തുമ്പോഴുള്ള സുഖം അത് വേറെ തന്നെ ആണ്. ഒരുപാട് നാള് അറിയാവുന്ന ഒരു സുഹൃത്തിനെ പോലെ, ഒരു അനിയനെ പോലെയാണ് അദ്ദേഹം എന്നോട് പെരുമാറിയത്. സിനിമയുടെ ഒരുപാട് അനുഭവങ്ങള്‍, പുതിയ പുതിയ കാര്യങ്ങള്‍ അങ്ങനെ കുറെ ഞങ്ങള്‍ സംസാരിച്ചു. ഇന്നലത്തെ ദിവസം എങ്ങനെ പോയിരുന്നു എനിക്ക് അറിയില്ല ഏറ്റവും മനോഹരമായ ഒരു ദിവസം തന്നതിന് ഒരുപാട് ഒരുപാട് നന്ദി ചേട്ട… നേരത്തിനും പ്രേമത്തിനും ഗോള്‍ഡിനും അപ്പുറം ഒരു ഗംഭീര സിനിമയുമായി ചേട്ടന് വരട്ടെ, അത് ഒരുപാട് ആഗ്രഹിക്കുന്നു പ്രാര്‍ത്ഥിക്കുന്നു. വിളിച്ചപ്പോള്‍ വന്നതിന് ഹൃദയത്തില്‍ നിന്നും നന്ദി… ശേഷം സ്ക്രീനില്‍.’
അജു വര്‍ഗ്ഗീസ്, അഷ്കര്‍ അലി, വിശാഖ് നായര്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച്, 2017 നവംബര്‍ 24ന് റിലീസ് ചെയ്ത ‘ചെമ്പരത്തിപ്പൂ’ എന്ന ചിത്രത്തിലൂടെയാണ് അരുണ്‍ വൈഗ സംവിധായകനായും തിരക്കഥാകൃത്തായും അരങ്ങേറ്റം കുറിക്കുന്നത്. 2022 ഫെബ്രുവരി 25ന് പുറത്തിറങ്ങിയ സൈജു കുറുപ്പ് ചിത്രം ‘ഉപചാരപൂര്‍വ്വം ഗുണ്ടാജയന്’ന് ശേഷം അരുണ്‍ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് അല്‍ഫോണ്‍സ് പുത്രന് കാമിയോ വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ഫ്രാഗ്രന്റ് നേച്ചര്‍ ഫിലിം ക്രീയേഷന്‍സ്, പൂയപ്പിള്ളി ഫിലിംസ്, എന്നീ ബാനറില്‍ ആന്‍, സജീവ്, അലക്സാണ്ടര്‍ മാത്യു എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ‘മൈക്ക്’, ‘ഖല്‍ബ്’, ‘ഗോളം’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രഞ്ജിത്ത് സജീവ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയാണിത്. ജോണി ആന്റണി, ഇന്ദ്രന്‍സ്, Dr.റോണി, മനോജ്.കെ.യു, ബിലാല്‍ മൂസി, സംഗീത, മഞ്ജു പിള്ള, സാരംഗി ശ്യാം, അഖില അനോകി, മെറീസാ ജോസ്, Dr. ചാന്ദിനി ശ്രീകുമാര്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. റോയിച്ചനായ് ജോണി ആന്റണിയും ടോണിയായ് രഞ്ജിത്ത് സജീവും എത്തുന്ന ഈ ചിത്രത്തില്‍ ഏകയായ് സാരംഗി ശ്യാമും മൈക്കിളച്ചനായ് ഇന്ദ്രന്‍സും റോസ്സമ്മയായ് മഞ്ജു പിള്ളയും അന്നക്കുട്ടിയായ് സംഗീതയും മാധവനായി മനോജ് കെ ജയനും വേഷമിടുന്നു. ഈരാറ്റുപേട്ട, മൂന്നാര്‍, കൊച്ചി, തിരുവനന്തപ്പുരം, ചെന്നൈ എന്നിവിടങ്ങള്‍ പ്രധാന ലോക്കേഷനുകളായ ചിത്രത്തിന്റെ ചിത്രീകരണം ഈരാറ്റുപേട്ട, വട്ടവട എന്നിവിടങ്ങളിലായി പുരോഗമിക്കുന്നു.
ഛായാഗ്രഹണം: സിനോജ് പി അയ്യപ്പന്, ചിത്രസംയോജനം: അരുണ്‍ വൈഗ, സംഗീതം: രാജേഷ് മുരുകേശന് (നേരം, പ്രേമം), ഗാനരചന: ശബരീഷ് വര്‍മ്മ, ലൈന്‍ പ്രൊഡ്യൂസര്‍: ഹാരിസ് ദേശം, പ്രൊഡക്ഷന്‍ കണ്ട്രോളര്: റിന്നി ദിവാകര്‍, കലാസംവിധാനം: സുനില്‍ കുമാരന്, മേക്കപ്പ്: ഹസ്സന് വണ്ടൂര്‍, വസ്ത്രാലങ്കാരം: മെല്‍വി.ജെ, സ്റ്റണ്ട്: ഫീനിക്സ് പ്രഭു, അസ്സോസിയേറ്റ് ഡയറക്ടേര്‍സ്: സുമേഷ് മുണ്ടയ്ക്കല്‍, ഇനീസ് അലി, അസിസ്റ്റന്റ് ഡയറക്ടേര്‍സ്: വിന്‍സ്, ശരത് കേദാര്‍, ഷിന്റോ ഔസേപ്പ് തെര്‍മ്മ, ശാലിനി ശരത്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍: കിരണ്‍ റാഫേല്‍, അസ്സോസിയേറ്റ് ക്യാമറാമാന്: രാജ്കുമാര്, ചീഫ് അസ്സോസിയേറ്റ് ക്യാമറാമാന്: വിഷ്ണു കണ്ണന്, സുമേഷ്. കെ.ചന്ദ്രന്, അസിസ്റ്റന്റ് ക്യാമറാമാന്: അഫിന് സേവ്യര്‍, ബിബിന്‍ ബേബി, സുധിന്‍ രാമചന്ദ്രന്, അഭിരാം ആനന്ദ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്: വിനോഷ്.കെ.കൈമള്‍, നിശ്ചല ഛായാഗ്രഹണം: ബിജിത്ത് ധര്‍മ്മടം, പ്രൊഡക്ഷന്‍ മാനേജര്‍: ഇന്ദ്രജിത്ത് ബാബു, പീറ്റര്‍ അര്‍ത്തുങ്കല്‍, നിധീഷ് പൂപ്പാറ, പരസ്യകല: ഓള്‍ഡ് മങ്ക്സ്.
Recent Comments